വീടിന് മുറ്റത്ത് മണ്ണ് കുഴച്ച് പൂത്തറയൊരുക്കുന്ന മൂടാടിയിലെ രാഗിണി അമ്മ, പൂക്കൾ ശേഖരിക്കാൻ പനയോലയും തെങ്ങോലയുമുപയോഗിച്ച് പൂക്കുടകൾ നിർമ്മിക്കുന്ന നടേരിയിലെ ശാരദാമ്മ; മണ്മറഞ്ഞു പോയ ഓണകഥകളും, ആചാരങ്ങളും അറിയാം; തനിമയുടെ ‘പൊൻ’ ഓണമാക്കാം


വേദ കാത്റിൻ ജോർജ്

കൊയിലാണ്ടി: മലയാളി മണ്ണ് കാത്തു കാത്തിരുന്ന ഓണകാലത്തിന്റെ ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് ഇന്ന്. ശേഷം ആഘോഷങ്ങളുടെ വെടിക്കെട്ട് … ഒരുക്കങ്ങൾ തന്നെ ആഘോഷങ്ങളായിരുന്ന കാലഘട്ടത്തിൽ നിന്ന് എല്ലാം ‘ഇൻസ്റ്റന്റ്’ ആയപ്പോൾ നഷ്‌ടമായ പഴമയുടെ നിറപ്പകിട്ടാർന്ന പൊന്നോണത്തിന്റെ ഓർമ്മകൾ വിളിച്ചോതുകയാണ് നാട്ടിലെ അമ്മൂമ്മമാർ.

കൊയിലാണ്ടി നഗരസഭ ടൗണ്‍ഹാളില്‍ ഒരുക്കിയ ഓണം വിപണന മേളയില്‍ സ്റ്റാറായി നടേരി മഞ്ഞളാട് കുന്ന് ശാരദാമ്മ. അത്തം മുതൽ പൂക്കളമിടാനുള്ള പൂക്കൾക്കായി കുട്ടികൾ കുട്ടയുമായി ഇറങ്ങുമായിരുന്നു. അതും പനയോലയും തെങ്ങോലകളും ഉപയോഗിച്ചുള്ള കുട്ടകൾ. ഇന്ന് പൂക്കൾ കടകളിൽ നിന്ന് വാങ്ങുന്ന സാഹചര്യത്തിൽ അതെല്ലാം പഴങ്കഥകളായെങ്കിലും ഓർമ്മകൾക്ക് പുത്തനുണർവേകനായി പൂക്കുടകളുമായാണ് ശാരദാമ്മ സ്റ്റാളിലെത്തിയത്. പല വലുപ്പത്തിലുള്ള വിവിധയിനം പൂക്കുടകള്‍ ഇവിവിടെ ലഭ്യമാണ്. 25 രൂപ മുതലാണ് വില.

ചാണകം തളിച്ച മുറ്റത്ത് മണ്ണ് കൊണ്ട് പൂത്തറയുണ്ടാക്കി പരമ്പരാഗത രീതിയില്‍ പൂക്കളമൊരുക്കുന്നത് ഗ്രാമീണ കാഴ്ചകളിൽ മാത്രമാണ് അൽപ്പമെങ്കിലും കാണാൻ കഴിയുക. അത്തനാളിന്റെ തലേന്ന് വീട്ടിലെ മുതിര്‍ന്ന സ്ത്രീകളും കുട്ടികളും ചേര്‍ന്ന് മണ്ണ് കൊണ്ടു വ്യത്താകൃതിയില്‍ പൂത്തറയുണ്ടാക്കും.ചാണകം മെഴുകി പൂത്തറ വൃത്തിയാകും. അത്തം മുതല്‍ തിരുവോണം വരെ പത്ത് നാള്‍ ആചാരാനുഷ്ടാനങ്ങളോടെ പൂത്തറയിൽ നാടന്‍ പൂക്കള്‍ മാത്രമുപയോഗിച്ചാണ് പൂവിടുക. ഇതു കൂട്ടാതെ ഉമ്മറ കോലായിലും മനോഹരമായ പൂക്കളമൊരുക്കും.

അത്തം നാളില്‍ തുമ്പപ്പൂവിട്ടാണ് പൂവിടാന്‍ തുടങ്ങേണ്ടത്. . ഓണപ്പൂക്കളം ഒരുക്കുന്നതിൽ പ്രധാനിയായ തുമ്പപ്പൂ തൃക്കാക്കരയപ്പന് ഏറ്റവും ഇഷ്ടപെട്ട പുഷ്പം ആണെന്നും അതിനാൽ തന്നെ തുമ്പപ്പൂ വിനയത്തിന്റെ പ്രതീകമാണെന്നും കരുതി പോരുന്നു. കേരളത്തിലെ തൊടികളിൽ വ്യാപകമായി കണ്ടു വരുന്ന സസ്യമായിരുന്നു തുമ്പ. കർക്കിടകമാസത്തിൽ തഴച്ചു വളരുന്ന തുമ്പ ചിങ്ങമാസം ആകുമ്പോഴേക്കും പൂവിട്ടു തുടങ്ങും. എന്നാൽ തുമ്പയും ഇന്ന് കാണാതായിക്കൊണ്ടിരിക്കുകയാണ്.

പൂക്കളത്തിനു നടുവിൽ നടുവില്‍ കളിമണ്ണ് കൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് തുളസി കതിര്‍ ചൂടി ചന്ദനപ്പൊട്ടും ചാര്‍ത്തും. നിലവിളക്കും, ചന്ദന തിരിയും കത്തിച്ച് വെക്കും. കിണ്ടിയില്‍ നിറച്ച വെള്ളവും വേണം. തൃക്കാക്കരയപ്പനെ പൂജിച്ച ശേഷമാണ് പൂവിടുക. പൂവിട്ട് കഴിഞ്ഞാല്‍ മാവേലി തമ്പൂരാനെ വണങ്ങി എഴുന്നേല്‍ക്കണം.

ചിലയിടങ്ങളില്‍ ആദ്യത്തെ രണ്ടു ദിവസം, അത്തത്തിനും ചിത്തിരയ്ക്കും, തുമ്പപ്പൂവും തുളസിയുമാണ് ഇടുന്നത്. മൂന്നാം ദിവസം മുതലാണ് വിവിധ നിറങ്ങളുളള പൂക്കള്‍ ഇട്ട് തുടങ്ങുക. എന്നാല്‍ ദേശങ്ങള്‍ തോറും ഇതിന് മാറ്റമുണ്ട്. രണ്ടാം ദിനം മുതല്‍ ഓരോ ദിവസവും പൂക്കളുടെ എണ്ണം കൂടിവരും. തുമ്പപ്പൂവ്, അരിപ്പൂവ്, വേലിയേരി, തെക്കനരിപ്പൂവ്, തൊട്ടാവാടി ,മുക്കുറ്റി, ഐരാണിപ്പൂവ്, കാക്കപ്പൂവ്, മഞ്ഞപ്പൂവ് എന്നീ ക്രമത്തിലാണ് പൂക്കളത്തില്‍ അത്തം മുതല്‍ ഉത്രാടം വരെ പൂക്കളിടേണ്ടത്. എന്നാൽ ഇന്ന് ജോലിത്തിരക്കും, പൂവിന്റെ ലഭ്യതയില്ലായ്മയും മൂലം പലയിടങ്ങളിലും തിരുവോണത്തിന്റെ അന്ന് മാത്രമാണ് പൂക്കളങ്ങളൊരുങ്ങുന്നത്.

അത്തം മുതല്‍ പുക്കള്‍ കൊണ്ട് കുടയും കുത്തും. വാഴപ്പിണ്ടിയിലോ വാഴത്തടയിലോ ആണ് കുട കുത്തുന്നത്. ഈര്‍ക്കിലിയില്‍ ചെമ്പരത്തിപ്പൂവും കോളാമ്പിപ്പൂവും കോര്‍ത്തു കുടയായി കുത്തും. ആറാമത്തെ ദിവസം മുതല്‍ പൂക്കളത്തിനു നാലു ദിക്കിലേക്കും കാലു നീട്ടും. മൂലം നാളീല്‍ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടതെന്ന് പഴമക്കാര്‍ പറയുന്നു. ഉത്രാടത്തിനാണ് വലിയ പൂക്കളമൊരുക്കുക. കോളാമ്പിപ്പൂവ്, തെച്ചിപ്പൂവ്, കൃഷ്ണകിരീടം, കുമ്പളപ്പൂവ്, മന്ദാരം, ശംഖുപുഷ്പം, ആമ്പല്‍പ്പൂവ് എന്നിവയെല്ലാം പൂക്കളമൊരുക്കാന്‍ ഉപയോഗിക്കും.

തിരുവോണത്തിന് രാവിലെ നിലവിളക്കു കത്തിച്ചു വച്ച് അരിമാവില്‍ വെണ്ടയില ഇടിച്ചു പിഴിഞ്ഞു കുറുക്കി കൈകൊണ്ടു കോലം വരയ്ക്കും. അതിനുശേഷം തുമ്പപ്പൂവും,തുമ്പകഴുത്തും ഉപയോഗിച്ചാണ് തിരുവോണത്തിന് പൂക്കളമൊരുക്കുക. കോടി മുണ്ടില്‍ നിന്ന് നൂലെടുത്ത് ചതുരാകൃതിയില്‍ കുടയുണ്ടാക്കി കുത്തും.

തുമ്പപ്പൂവും വേലിയേരിയും കാക്കപ്പൂവും ഐരാണിപ്പൂവും ഇന്ന് നാട്ടില്‍ പുറങ്ങളില്‍ നിന്ന് പോലും കാണാകാഴ്ചകളായി. മുമ്പൊക്കെ വയലേലകളില്‍ കാക്കപ്പൂവും മഞ്ഞപ്പൂവും യഥേഷ്ടം ഉണ്ടാവുമായിരുന്നു. തലേന്ന് വൈകീട്ട് തന്നെ കുട്ടികള്‍ പൂക്കുടയും വാഴയിലയുമായി കാക്കപ്പൂവും മഞ്ഞപ്പൂവും ഐരാണിപ്പൂവും തേടിയിറങ്ങും. കഴുത്തില്‍ പൂക്കുടയും തൂക്കി വയലുകളിലും തൊടികളിലും കുന്നുകളിലും പൂക്കള്‍ തേടിയലയുന്ന ബാല്യങ്ങള്‍ ഓർമകളായി.

കേരളത്തിന്റെ കാര്‍ഷികോത്സവവും കൂടിയാണ് ഓണം. ‘ഓണക്കോടി’ അണിഞ്ഞാണ് മലയാളി തിരുവോണത്തെ വരവേൽക്കുന്നത്. വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കൽ ആഹ്ലാദത്തിന്റെ ദിനങ്ങളെ ഒന്നു കൂടി ആകര്‍ഷകമാക്കും. നിരവധി വിനോദങ്ങളും കളികളും ഈ കാലത്ത് അരങ്ങേറാറുണ്ട്. വടംവലിയും, തിരുവാതിരയും, വള്ളം കളിയും, പുലിക്കളിയും എല്ലാം ഓണത്തിനെ ഉത്സവമാക്കുന്നു.

ഇത്തവണത്തെ ഓണത്തിനായി ഒരുങ്ങിക്കോളൂ, അതിന്റെ തനിമ ഒട്ടും ചോരാതെ തന്നെ.