ചെറിയ സ്റ്റേഷനുകളില്‍ വരെ നിര്‍ത്തും, പക്ഷേ കൊയിലാണ്ടിയെ കണ്ടാല്‍ കുതിച്ച് പായും! ദിവസവും ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു


കൊയിലാണ്ടി: ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ക്ക് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യം കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍. പരപ്പനങ്ങാടി ഉള്‍പ്പെടെ കൊയിലാണ്ടിയെക്കാള്‍ ചെറിയ സ്റ്റേഷനുകളില്‍ പോലും നിര്‍ത്തുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് ഇല്ലാത്തത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടാണ്. നാലായിരത്തോളം യാത്രക്കാരാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ വഴി ഓരോ ദിവസവും യാത്ര ചെയ്യുന്നത്.

രണ്ട് ഇന്റര്‍സിറ്റി എക്‌സ്പ്രസുകളുടെ നാല് സര്‍വ്വീസുകളാണ് എല്ലാ ദിവസവും കൊയിലാണ്ടി സ്റ്റേഷന്‍ വഴി കടന്ന് പോകുന്നത്. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ്, മംഗലാപുരം-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കോയമ്പത്തൂര്‍-മംഗലാപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് എന്നിവയാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലൂടെ കടന്ന് പോകുന്നത്.

ഉച്ചയ്ക്ക് ഒരു മണിയ്ക്കുളള മംഗലാപുരം-കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിന്‍ പോയിക്കഴിഞ്ഞാല്‍ പിന്നീട് കൊയിലാണ്ടിയില്‍ നിന്ന് ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്ക് പോകണമെങ്കില്‍ 4.45 ന് മംഗലാപുരം-ചെന്നൈ മെയില്‍ എത്തുന്നത് വരെ കാത്തിരിക്കണം. ഉച്ചതിരിഞ്ഞുള്ള നാലേ മുക്കാല്‍ മണിക്കൂറോളം സമയം ഒരു ട്രെയിനും കൊയിലാണ്ടിയില്‍ നിര്‍ത്തുന്നില്ല. എന്നാല്‍ അതിനിടയില്‍ മംഗലാപുരം-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസും കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ്സും കൊയിലാണ്ടി നിര്‍ത്താതെ കടന്നു പോകുന്നത്.

ഉച്ചയ്ക്ക് 2:50 ന് കണ്ണൂരില്‍ നിന്ന് യാത്ര പുറപ്പെടുന്ന 16306 എന്ന നമ്പറിലുള്ള കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് എറണാകുളത്ത് എത്തേണ്ടത് രാത്രി 8:50 നാണ്. എന്നാല്‍ ഈ വണ്ടി രാത്രി 8:25 ആകുമ്പോഴേക്ക് തന്നെ എറണാകുളത്ത് എത്താറുണ്ടെന്ന് റെയില്‍വേ അധികൃതര്‍ തന്നെ പറയുന്നു. ഉച്ച തിരിഞ്ഞ് 3:35 നും 3:40 നും ഇടയിലാണ് കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് കൊയിലാണ്ടി സ്റ്റേഷനിലൂടെ കടന്ന് പോകുന്നത്. ഈ ട്രെയിന്‍ ഒരു മിനുറ്റ് നേരം കൊയിലാണ്ടിയില്‍ നിര്‍ത്തുന്നത് സമയക്രമത്തെ ഒരുതരത്തിലും ബാധിക്കില്ല.

രാവിലെ 11 മണിക്കാണ് 22609 നമ്പറിലുള്ള ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1:50 ഓടെ കൊയിലാണ്ടി സ്‌റ്റേഷന്‍ വഴി കടന്ന് പോകുന്ന ഈ വണ്ടിക്കും കൊയിലാണ്ടിയില്‍ സ്‌റ്റോപ്പില്ല. വൈകീട്ട് 6:20 ന് കോയമ്പത്തൂരില്‍ എത്തേണ്ട ഈ വണ്ടി 5:45 ന് തന്നെ എത്താറുണ്ട്.

തിരികെ പോകുമ്പോഴും ഈ രണ്ട് ട്രെയിനുകളും കൊയിലാണ്ടി സ്‌റ്റേഷനിലെ യാത്രക്കാരെ പരിഗണിക്കുന്നില്ല. രാവിലെ 6:05 ന് കോയമ്പത്തൂരില്‍ നിന്ന് യാത്ര തുടങ്ങുന്ന 22610-ാം നമ്പര്‍ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് 9:45 ന് കൊയിലാണ്ടിയിലൂടെ കടന്ന് പോകുന്നു. ലക്ഷ്യസ്ഥാനമായ മംഗലാപുരത്ത് ഉച്ചയ്ക്ക് 1:30 നാണ് എത്തേണ്ടതെങ്കിലും അതിവേഗത്തില്‍ കുതിക്കുന്നതിനാല്‍ 12:40 ന് തന്നെ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് എത്താറുണ്ട്.

രാവിലെ ആറ് മണിക്കാണ് 16305 നമ്പറിലുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടുന്നത്. 11:45 ന് കണ്ണൂരിലെത്തി യാത്ര അവസാനിപ്പിക്കേണ്ട ഈ വണ്ടി പക്ഷേ 11:15 ന് തന്നെ കണ്ണൂരില്‍ എത്തുന്നു. രാവിലെ 10:10 ഓടെ കൊയിലാണ്ടി സ്റ്റേഷന്‍ കടന്ന് പോകുന്ന ഈ ട്രെയിനിന് ഇവിടെ ഒരു മിനുറ്റ് സ്‌റ്റോപ്പ് അനുവദിച്ചാലും ഈ സമയക്രമത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.

ജനപ്രതിനിധികളും റെയില്‍വേ അധികൃതരും ഇടപെട്ട് യാത്രക്കാരുടെ ദീര്‍ഘകാലമായുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് എന്ന ആവശ്യം നടപ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.