” പുറത്തായതിന്റെ ക്ഷീണം ചിലരുടെ മുഖത്ത് കാണാം” എന്ന് മന്ത്രി, ‘ അത് ഞങ്ങളെ മാത്രം ഉദ്ദേശിച്ചാണെന്ന് ബ്രസീല്‍ ആരാധകന്‍’ സി.ഐ.ടി.യു സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ ദേശീയപാത വികസന സ്വപ്‌നം പങ്കുവെക്കവെ ബ്രസീല്‍ ആരാധകരെ ട്രോളി മുഹമ്മദ് റിയാസ്


കൊയിലാണ്ടി: കേരളത്തിന്റെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകരെ ട്രോളി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സി.ഐ.ടി.യു കൊയിലാണ്ടി ഏരിയാ കമ്മറ്റി സംഘടിപ്പിച്ച കേരള വികസനവും, നവ കേരളവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

തൊഴിലാളികളുടെ കൂലി ഉള്‍പ്പെടെയുള്ള നിരവധി പ്രശ്‌നങ്ങള്‍ പരാമര്‍ശിച്ച മന്ത്രി കേരളത്തിന്റെ ദേശീയപാതാ വികസന സ്വപ്നം സൂചിപ്പിക്കുമ്പോഴായിരുന്നു ലോകകപ്പ് ഫുട്‌ബോളിലെ സംഭവവികാസങ്ങള്‍ കൂടി എടുത്തിട്ടത്.

‘ഇപ്പോള്‍ ലോകകപ്പ് മത്സരം നടന്ന് വരികയാണല്ലോ, നിങ്ങളെല്ലാം ഉറക്കമൊഴിച്ച് കളി കാണുന്നുണ്ട് എന്ന് നിങ്ങളുടെ മുഖത്തെ ക്ഷീണം കണ്ടാല്‍ അറിയാം. ഏറ്റവും ഒടുവില്‍ മറഡോണയുടെ നേതൃത്വത്തില്‍ അര്‍ജ്ജന്റീന ലോകകപ്പ് കിരീടം കരസ്ഥമാക്കിയ 1986 കാലത്ത് തുടങ്ങിയതാണ് കേരളത്തിന്റെ ദേശീയ പാത വികസന ആലോചനകള്‍. ഇപ്പോള്‍ മെസ്സിയിലൂടെ അര്‍ജ്ജന്റീന വീണ്ടും ലോക കപ്പ് നേടാന്‍ പോകുകയാണ്. പുറത്തായതിന്റെ ക്ഷീണം ഇവിടെ ചിലരുടെമുഖങ്ങളില്‍ കാണാം’ എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

ഇത് കേട്ടതോടെ സ്‌റ്റേജില്‍ നിന്നും കടുത്ത ബ്രസീല്‍ ആരാധകന്റെ മറുപടി ‘ അത് ഞങ്ങളെ ഉദ്ദേശിച്ചാണ് , ഞങ്ങളെ തന്നെ ഉദ്ദേശിച്ചാണ്, ഞങ്ങളെ മാത്രം ഉദ്ദേശിച്ചാണ്’

2024 ഓടെ ജില്ലയിലെ പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും മന്ത്രി സൂചിപ്പിച്ചു. ചടങ്ങില്‍ കൊയിലാണ്ടിയിലേയും, പരിസര പ്രദേശങ്ങളിലേയും വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു. നഗരസഭാ വൈസ് ചെയര്‍മാനും, കര്‍ഷക സംഘം ഏരിയാ പ്രസിഡന്റുമായ അഡ്വ: കെ. സത്യന്‍ അദ്ധ്യക്ഷനായിരുന്നു. ഇ.അശ്വനീദേവ് സ്വാഗതം പറഞ്ഞു.