ഇത് ഞാണംപൊയില്‍ കര്‍ഷക കൂട്ടായ്മയുടെ വിജയം; ചെങ്ങോട്ട്കാവില്‍ വിഷരഹിത ജൈവപച്ചക്കറി ചന്ത സംഘടിപ്പിച്ചു


കൊയിലാണ്ടി: ചെങ്ങോട്ട്കാവില്‍ വിഷരഹിത പച്ചക്കറി ചന്ത സംഘടിപ്പിച്ചു. ഞാണം പൊയില്‍ കാര്‍ഷിക കൂട്ടായ്മ ജൈവ രീതിയില്‍ വികസിപ്പിച്ച പച്ചക്കറികളാണ് വിപണനത്തിന് എത്തിച്ചത്. കീടനാശനികള്‍ ഉപയോഗിക്കാതെ നൂറുശതമാനവും ജൈവരീതിയില്‍ ഉല്‍പാദിപ്പിച്ച പച്ചക്കറികളാണ് വിഷു പ്രമാണിച്ച് ചന്തയില്‍ എത്തിച്ചത്.

ഇന്നലെയും ഇന്നുമായി രണ്ട്ദിവസങ്ങളിലായാണ് ചന്ത സംഘടിപ്പിച്ചത്. ചെങ്ങോട്ടകാവ് ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ ജയശ്രീ കെ.ടി. കെ അബ്ദുള്ളകുട്ടി അവര്‍കള്‍ക്ക് മത്തന്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. മത്തന്‍, വെളളരി, കയ്പ, പടവലം, ചേമ്പ്, എളവന്‍, കക്കിരി തുടങ്ങിയവയാണ് വിപണനത്തിനായി വിളവെടുപ്പ് നടത്തിയത്. വിഷു പ്രമാണിച്ച് ഞാണം പൊയില്‍ കാര്‍ഷിക കൂട്ടായ്മയില്‍ ജൈവപച്ചക്കറി കൃഷികള്‍ വിളവെടുപ്പ് നടത്താനിരിക്കുകയാണ്. കൂടാതെ കുടുംബശ്രീ അംഗങ്ങള്‍ ഉല്‍പാദിപ്പിച്ച വെളളരികളും ചന്തയില്‍ വില്‍പ്പനയ്ക്കായി എത്തിച്ചു.

മൈത്രി അബൂബക്കര്‍, കെ.ടി.കെ. അബ്ദുള്ളകുട്ടി, അലിയാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജൈവ കര്‍ഷകരായ മമ്മത് കോയ, ദേവേട്ടന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു. വരും നാളുകളില്‍ ചന്ത കൂടുതല്‍ വിപുലമായ രീതിയില്‍ നടത്താന്‍ സാധിക്കുമെന്ന് കോര്‍ഡിനേറ്റര്‍ ദേവന്‍ പറഞ്ഞു.