കൊച്ചിയില്‍ ഒന്നരവയസ്സുള്ള കുഞ്ഞിനെ വെള്ളത്തില്‍മുക്കി കൊന്നു; മുത്തശ്ശിയുടെ കാമുകന്‍ അറസ്റ്റില്‍
കൊച്ചി: കൊച്ചിയിൽ ഒന്നരവയസ്സുള്ള കുഞ്ഞിനെ അമ്മൂമ്മയുടെ സുഹൃത്ത് വെള്ളത്തിൽ മുക്കിക്കൊന്നു . കൊച്ചി കലൂരിലെ ലെനിൻ സെൻ്ററിന് അടുത്തുള്ള ഒരു ഹോട്ടൽ മുറിയിൽ വച്ചാണ് സംഭവം. .
അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിൻ്റേയും ഡിക്സിയുടേയും മകൾ നോറ മരിയയാണ് കൊല്ലപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹോട്ടൽ മുറിയിൽ വച്ച് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നതാണെന്ന് വ്യക്തമായി. സംഭവത്തിൽ കുട്ടിയുടെ പിതാവിൻ്റെ അമ്മയുടെ സുഹൃത്തും പള്ളുരുത്തി സ്വദേശിയുമായ ജോൺ ബിനോയ് ഡിക്രൂസ് (24) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മാർച്ച് അഞ്ച് ശനിയാഴ്ച രാത്രിയാണ് കുഞ്ഞിൻ്റെ പിതാവിൻ്റെ മാതാവായ സിക്സി നാല് വയസ്സുള്ള ആൺകുഞ്ഞിനും ഒന്നര വയസ്സുകാരിയായ പെൺകുഞ്ഞിനും ബിനോയ് ഡിക്രൂസിനും ഒപ്പം കലൂരിലെ ഹോട്ടലിൽ മുറിയെടുത്തത്. തുടർന്നുള്ള ദിവസങ്ങളിൽ സ്ത്രീ അതിരാവിലെ പുറത്തേക്ക് പോകുകയും രാത്രിയോടെ മടങ്ങി വരികയുമാണ് ചെയ്തിരുന്നതെന്നും ഈ സമയത്തെല്ലാം യുവാവായിരുന്നു കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നതെന്നും ഇവർ താമസിച്ച ഹോട്ടലിലെ ജീവനക്കാർ പറയുന്നു.
തിങ്കളാഴ്ച രാത്രിയിൽ കുട്ടികളും യുവാവും മാത്രമായിരുന്നു ഹോട്ടലിൽ ഉണ്ടായിരുന്നത്. കുട്ടികളുടെ മുത്തശ്ശി പുറത്തായിരുന്നു. പുലർച്ചെ ഒരു മണിയോടെ ഈ സ്ത്രീ ഹോട്ടൽ മുറിയിലേക്ക് എത്തുകയും പിന്നാലെ രണ്ട് കുഞ്ഞുങ്ങളുമായി ഹോട്ടൽ റിസപ്ഷനിലേക്ക് എത്തുകയുമായിരുന്നു. കുട്ടി ഛർദ്ദിച്ച് അവശനിലയിലായെന്നും ഇപ്പോൾ അനക്കമില്ലെന്നും പരിഭ്രാന്തയായി ഇവർ പറഞ്ഞു. ഈ സമയം നാല് വയസ്സുള്ള ആൺകുഞ്ഞും ഈ സ്ത്രീയോടൊപ്പം ഉണ്ടായിരുന്നു.
ഹോട്ടലിൽ നിന്നും രണ്ട് കുഞ്ഞുങ്ങളുമായി സിക്സി ആശുപത്രിയിലേക്ക് പോയി. അൽപസമയം കഴിഞ്ഞ് യുവാവ് ഹോട്ടൽ റിസപ്ഷനിലേക്ക് വരുന്നതും പുറത്തേക്ക് പോകുന്നതും സിസിടിവിദൃശ്യങ്ങളിൽ വ്യക്തമാണ്. കുഞ്ഞിനേയും കൊണ്ട് സിക്സി ആശുപത്രിയിൽ എത്തിയെങ്കിലും അതിനോടകം തന്നെ മരണപ്പെട്ടിരുന്നു. കുപ്പിപ്പാൽ കുടിച്ച് ഛർദ്ദിച്ച കുഞ്ഞ് അബോധാവസ്ഥയിലായെന്നാണ് സിക്സി ഡോക്ടർമാരോട് പറഞ്ഞു. എന്നാൽ സംശയം തോന്നിയ ഡോക്ടർമാർ പൊലീസിനെ വിവരം അറിയിച്ചു.
പൊലീസ് എത്തി സിക്സിയുടെ മൊഴി രേഖപ്പെടുത്തുകയും മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാനായി മോർച്ചറിയിലക്ക് മാറ്റുകയും ചെയ്തു. പോസ്റ്റ് മോർട്ടം പരിശോധനയിൽ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് വ്യക്തമായി. ഇതോടെ പൊലീസ് യുവാവിനേയും സിക്സിയേയും കൊച്ചി നോർത്ത് സ്റ്റേഷനിലെത്തിച്ച് വീണ്ടും ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തിങ്കളാഴ്ച രാവിലെ ഹോട്ടൽ മുറിയിൽ വച്ച് സിക്സിയും ബിനോയ് ഡിക്രൂസും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. ഒന്നര വയസ്സുള്ള പെൺകുഞ്ഞിൻ്റെ പിതൃത്വത്തെ ചൊല്ലിയായിരുന്നു വഴക്ക്. പിന്നാലെ സിക്സി ഹോട്ടൽ മുറിയിൽ നിന്നും പുറത്തേക്ക് പോയി. അന്ന് അർധരാത്രി യുവാവ് സിക്സിയെ വിളിക്കുകയും ഭക്ഷണം കഴിക്കുന്നതിനെ കുഞ്ഞ് ഛർദ്ദിച്ച് അബോധാവസ്ഥയിലായെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ സിക്സി ഹോട്ടലിലേക്ക് എത്തുകയും കുഞ്ഞിനെയുമായി ആശുപത്രിയിലേക്ക് എത്തുകയുമായിരുന്നു.
രാവിലെ നടന്ന തർക്കത്തിൽ പ്രകോപിതനായ ബിനോയ് കുഞ്ഞിനെ ഹോട്ടൽ മുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടക്കുന്ന സമയത്ത് ബിനോയും രണ്ട് കുട്ടികളും മാത്രമായിരുന്നു ഹോട്ടലിൽ ഉണ്ടായിരുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. കുഞ്ഞിനെ കൊന്നത് യുവാവ് ഒറ്റയ്ക്ക് തന്നെ എന്ന നിഗമനത്തിലാണ് പൊലീസ്. നിലവിൽ ബിനോയ് ഡിക്രൂസിനെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിക്സി ഇപ്പോഴും എറണാകുളം നോർത്ത് പൊലീസിൻ്റെ കസ്റ്റഡിയിലാണ്. ഇവരുടെ മൊഴികളെല്ലാം സൂഷ്മമായി പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പൊലീസ് ഉദ്യോഗസ്ഥർ ഇവർ താമസിച്ച ഹോട്ടലിൽ എത്തുകയും മുറി പരിശോധിക്കുകയും ചെയ്തു. ഫോറൻസിക് ഉദ്യോഗസ്ഥരും മുറയിൽ എത്തി പരിശോധന നടത്തി. ഉച്ചയോടെ ബിനോയിയേും സിക്സിയേയും ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
കൊല്ലപ്പെട്ട കുഞ്ഞിൻ്റെ മാതാവ് ഡിക്സി വിവരമറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്. ഹോട്ടൽ മുറിയിലുണ്ടായിരുന്ന നാല് വയസുകാരനെ അമ്മയുടെ കൂടെ അയച്ചതായി പൊലീസ് അറിയിച്ചു. കുഞ്ഞിൻ്റെ പിതാവ് സജീവ് ഒരു വർഷം മുൻപുണ്ടായ ഒരു വാഹനാപകടത്തെ തുടർന്ന് ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിലാണ്. നോറയുടെ സംസ്കാരം അൽപസമയത്തിനകം കൊച്ചി കറുകുറ്റി പള്ളിയിൽ നടക്കും.
കുട്ടിയുടെ ബന്ധുക്കളുമായി സംസാരിക്കുന്നുണ്ടെന്നും സംരക്ഷണം നൽകാൻ ബന്ധുക്കൾക്ക് സാധിക്കുന്നില്ലെങ്കിൽ നാല് വയസ്ലുള്ള ആണ്കുഞ്ഞിൻ്റെ സംരക്ഷണം ഏറ്റെടുക്കുമെന്നും എറണാകുളം ശിശുക്ഷേസമിതി അധ്യക്ഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേസിൽ പ്രതിയായ ബിനോയ് ഡിക്രൂസ് ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നാണ് മനസ്സിലാവുന്നതെന്നും അദ്ദേഹം പറഞ്ഞു.