സിനിമാരംഗങ്ങളെ വെല്ലുന്ന തകര്‍പ്പന്‍ തല്ലുമാല; കൂരാച്ചുണ്ടില്‍ യുവാക്കള്‍ തമ്മിലുണ്ടായ അടിപിടിയുടെ ദൃശ്യങ്ങള്‍ കാണാം


കൂരാച്ചുണ്ട്: സിനിമാരംഗങ്ങള്‍ കണ്ടു നില്‍ക്കുന്ന ലാഘവത്തോടെ ജനങ്ങള്‍. ചുറ്റുമുള്ളവരെ ശ്രദ്ധിക്കാതെ തകര്‍പ്പന്‍ തല്ലുമാലയുമായി രണ്ട് യുവാക്കള്‍. ശനിയാഴ്ച്ച കൂരാച്ചുണ്ടിലുണ്ടായ അടിപിടിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. ഗുസ്തി മത്സരങ്ങളെ അനുസ്മരിപ്പിക്കുന്നരീതിയില്‍ ആരംഭിച്ച അടിപിടിക്കൊടുവില്‍ ഒരാള്‍ മറ്റൊരാളെ റോഡില്‍ തള്ളിയിടുന്നതും ദേഹത്ത് കയറിയിരുന്ന് മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

കൂരാച്ചുണ്ട് സ്വദേശികളായ പാറക്കാടന്‍ റംഷാദ്, കല്ലുടമ്പന്‍ റഷീദ് എന്നിവര്‍ തമ്മിലാണ് അടിപിടി നടന്നത്. എന്നാല്‍ സംഭവത്തില്‍ ഇരുവര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ഇരുവരും കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത് ലഹരി ഉപയോഗിച്ച് ഉണ്ടായ തര്‍ക്കം നടുറോഡിലെ അടിപിടിയില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെ ചിലര്‍ ഇവരെ തടയാന്‍ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തടയാന്‍ ശ്രമിച്ച ഒരാള്‍ക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തു. പൊലീസ് എത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയാണ് ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചത്.

റംഷാദ് നേരത്തേയും പല കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ഡി.വൈ.എഫ്.ഐ നേതാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലും കഞ്ചാവ് കടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. കേസുകളില്‍ പെട്ട് ജയിലിലായിരുന്ന ഇയാള്‍ക്ക് മാനസിക രോഗം പിടിപെട്ടിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ പുറത്തിറങ്ങിയ ഉടനെയാണ് നടുറോഡില്‍ അക്രമം നടത്തിയത്. രണ്ട് പേരും തമ്മില്‍ നേരത്തേ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ അടി നടന്നതെന്നും പോലീസ് പറഞ്ഞു.

ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.

വീഡിയോ കാണാം: