വീല്‍ ചെയര്‍, വാക്കര്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ സമ്മാനമായി നല്‍കി നാട്ടുകാര്‍, ശിങ്കാരമേളവും വെടിക്കെട്ടും ആവേശം പകര്‍ന്നു; ആനക്കുളം സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ ഓഫീസ് ഉദ്ഘാടനം ആഘോഷമാക്കി പ്രദേശവാസികള്‍


കൊല്ലം: ആനക്കുളം അട്ടവയലിലെ സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ഏറെ പ്രിയപ്പെട്ടയാളുടെ ഗൃഹപ്രവേശമെന്നപോലെ ആഘോഷമാക്കി പ്രദേശവാസികള്‍. ശിങ്കാരിമേളത്തിന്റെയും വെടിക്കെട്ടിന്റെയും അകമ്പടിയില്‍ ഉത്സവഛായയിലായിരുന്നു ഉദ്ഘാടന പരിപാടികള്‍.

ഔദ്യോഗിക പരിപാടികള്‍ രാത്രിയാണ് നടന്നതെങ്കിലും രാവിലെ മുതല്‍ നാട്ടുകാരും സുമനസുകളും അട്ടവയലിലെ സുരക്ഷയുടെ പുതിയ ഓഫീസ് പരിസരത്ത് ഒത്തുകൂടിയിരുന്നു. വീല്‍ചെയര്‍, വാക്കര്‍, അഡ്ജസ്റ്റബിള്‍ ബെഡ്, എയര്‍ബെഡ് തുടങ്ങിയ സമ്മാനങ്ങളുമായാണ് പലരും എത്തിയത്. മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാനാവാത്തവര്‍ ചെറുതും വലുതുമായ സംഭാവനകളും നല്‍കി. 2019ല്‍ കോവിഡ് കാലത്താണ് സുരക്ഷയെന്ന പേരില്‍ ആനക്കുളത്ത് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ആരംഭിക്കുന്നത്. പ്രദേശത്തെ വാടക കെട്ടിടത്തിലായിരുന്നു കേന്ദ്രം ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്.

ആനക്കുളം അട്ടവയലില്‍ ഏഴ് സെന്റ് സ്ഥലത്താണ് സുരക്ഷയുടെ പാലിയേറ്റിവ് സെന്റര്‍ കെട്ടിടം നിര്‍മ്മിച്ചത്. ഉദ്ഘാടനത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പും ഗാനമേളയും ഒരുക്കിയിരുന്നു. പുതിയ ഓഫീസിന്റെ സമീപത്തായി ഫിസിയോ തെറാപ്പി സെന്റര്‍ അടക്കം തുടങ്ങാന്‍ ലക്ഷ്യമിട്ടുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണവും പുരോഗമിക്കുന്നുണ്ട്.

ഇക്കാലയളവിനിടെ അശരണരും നിരാലംബരും സഹായം ആവശ്യമുള്ളവരുമായ നിരവധി രോഗികള്‍ക്ക് താങ്ങാവാന്‍ സുരക്ഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതുവരെയുള്ള സുരക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുകാര്‍ നല്‍കിയ പ്രോത്സാഹനമായിരുന്നു ഓഫീസ് ഉദ്ഘാടന സമയത്തെ പങ്കാളിത്തവും പിന്തുണയും.

മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും കെ.കെ.ഷൈലജ എം.എല്‍.എയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ കെ.ടി.സിജേഷ് അധ്യക്ഷത വഹിച്ചു. നാട്ടുകാര്‍ സമ്മാനിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ കാനത്തില്‍ ജമീല എം.എല്‍.എ ഏറ്റുവാങ്ങി. മുന്‍ എം.എല്‍.എ കെ.ദാസന്‍, എ.കെ.സി.മുഹമ്മദ്, പി.അജയകുമാര്‍, സി.പി.ആനന്ദന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. എ.പി.സുധീഷ് സ്വാഗതവും, സി.സജില്‍ കുമാര്‍ നന്ദിയും പറഞ്ഞു.