പ്രവാസികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് നോര്‍ക്ക-റൂട്ട്‌സ് സാമ്പത്തിക സഹായം അനുവദിക്കുന്നു; യോഗ്യതയും വിശദാംശങ്ങളും അറിയാം


തിരുവനന്തപുരം: നിലവില്‍ പ്രവാസികളായവരുടെയും കേരളത്തില്‍ തിരിച്ചെത്തിയവരുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് നോര്‍ക്ക- റൂട്ട്സ് സാമ്പത്തിക സഹായം അനുവദിക്കുന്നു. ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പ് എന്ന പേരിലാണ് സാമ്പത്തിക സഹായം അനുവദിക്കുക. സഹായത്തിനായി ഇപ്പോള്‍ അപേക്ഷിക്കാമെന്ന് നോര്‍ക്ക- റൂട്ട്സ് അധികൃതര്‍ അറിയിച്ചു.

രണ്ടുവര്‍ഷത്തിലേറെയായി വിദേശത്ത് ജോലിചെയ്യുന്ന, വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപവരെയുള്ളവര്‍ക്കും മുന്‍ പ്രവാസികളായവര്‍ക്കുമാണ് മക്കളുടെ ഉന്നതപഠനത്തിനുള്ള സഹായത്തിന് അപേക്ഷിക്കാന്‍ അവസരം. ഉന്നതപഠനത്തിന് തിരഞ്ഞെടുക്കുന്ന കോഴ്‌സിനുള്ള യോഗ്യതാ പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. റഗുലര്‍ കോഴ്സുകള്‍ക്കും കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച കോഴ്സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

ബിരുദാനന്തര- ബിരുദ കോഴ്‌സുകള്‍ക്കും പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകള്‍ക്കുമാണ് സാമ്പത്തിക സഹായം അനുവദിക്കുക. ഈമാസം 30- നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക- റൂട്ട്സ് സി.ഇ.ഒ. അജിത് കോളശ്ശേരി അറിയിച്ചു.

www.scholarship.norkaroots.org എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഫോണ്‍: 0471 2770528