നീറ്റ് യു.ജി; ഗ്രേസ് മാര്‍ക്ക് ലഭിച്ചവരുടെ ഫലം റദ്ദാക്കും, പുനപരീക്ഷ ജൂണ്‍ 23ന്
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പുനപരീക്ഷ നടത്താന്‍ തീരുമാനം. ഗ്രേസ് മാര്‍ക്ക് ലഭിച്ച 1,563 പേരുടെ സ്‌കോര്‍ കാര്‍ഡുകള്‍ റദ്ദാക്കി ഇവര്‍ക്ക് വീണ്ടും പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ജൂണ്‍ 23നാണ് പുന:പരീക്ഷ. ജൂണ്‍ 30ന് പുന:പരീക്ഷ ഫലങ്ങള്‍ പ്രസിദ്ധീകരിക്കും. കൗണ്‍സിലിങ് പ്രക്രിയ തടസങ്ങളില്ലാതെ തന്നെ നടക്കും. പുനപരീക്ഷ വേണ്ടെന്ന് വിദ്യാര്‍ഥികള്‍ തീരുമാനിച്ചാല്‍ മെയ് 5ന് നടന്ന നീറ്റ് യു.ജി പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ റാങ്ക് കണക്കാക്കും.
നീറ്റ് യു.ജിയുമായി ബന്ധപ്പെട്ട ഹരജി സുപ്രീംകോടതി പരിഗണിച്ചപ്പോഴാണ് എന്‍.ടി.എ ഉന്നതതല സമിതിയുടെ ശുപാര്‍ശകള്‍ കേന്ദ്രത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. പുനപരീക്ഷയുടെ നോട്ടിഫിക്കേഷന്‍ ഇന്ന് തന്നെ പ്രസിദ്ധീകരിക്കുമെന്നാണ് എന്‍.ടി.എ അറിയിച്ചിരിക്കുന്നത്.
നീറ്റ് യുജി പരീക്ഷ ഫലം പുറത്ത് വന്നതോടെയാണ് ഗ്രേസ് മാര്‍ക്ക് വിവാദം ഉണ്ടായത്. ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്-യു.ജി.യില്‍ 67 പേരാണ് ഒന്നാംറാങ്ക് കരസ്ഥമാക്കിയത്. ഇത്രയേറെപ്പേര്‍ ഒന്നാംറാങ്ക് നേടുന്നത് ആദ്യമാണ്. ഹരിയാണയിലെ ഒരു സെന്ററില്‍നിന്നുമാത്രം ആറുപേര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചതായി ആരോപണമുയര്‍ന്നിരുന്നു.