ഗാന്ധിജിയെക്കാണാന്‍ സബര്‍മതി ആശ്രമത്തിലേക്ക് പോയ നടുവണ്ണൂര്‍ സ്വദേശി; ആ സ്വപ്‌നസാഫല്യത്തെക്കുറിച്ച് താനഞ്ചേരി കുഞ്ഞീത്


നടുവണ്ണൂര്‍: ഗാന്ധിജിയുടെ 153ാം ജന്മദിനം രാജ്യം ആഘോഷിക്കുമ്പോള്‍ പഴയൊരു സ്വപ്‌നസാഫല്യത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടുവണ്ണൂര്‍ ഊരള്ളൂരിലെ താനഞ്ചേരി കുഞ്ഞീത്. ഗാന്ധിജിയോട് വലിയ ആരാധനയായിരുന്നു കുഞ്ഞീതിന്. ഒരിക്കലെങ്കിലും ഗാന്ധിയെ നേരില്‍ കാണണമെന്ന സ്വപ്‌നം കൂടി പേറിയാണ് പതിനെട്ടാം വയസില്‍ തൊഴില്‍തേടി മുംബൈയിലേക്ക് കുടിയേറിയത്.

മുംബൈ കെ.എം.ബസാറിലെ ഹോട്ടലില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഗാന്ധിയെ കാണാന്‍ സബര്‍മതി ആശ്രമത്തില്‍ പോയത്. പ്രായം തീര്‍ത്ത ഓര്‍മ്മക്കുറവിന്റെ ബുദ്ധിമുട്ടുകള്‍ പേറുന്നുണ്ടെങ്കിലും ഇപ്പോഴും ഗാന്ധിയെ കാണാന്‍ പോയ സംഭവം കുഞ്ഞീതിന്റെ മനസിലുണ്ട്.

ഗാന്ധി വെടിയേറ്റ് കൊല്ലപ്പെട്ടപ്പോള്‍ കുഞ്ഞീത് താനഞ്ചേരിയിലെ വീട്ടിലായിരുന്നു. പ്രിയ നേതാവ് നഷ്ടപ്പെട്ടതിന്റെ വേദനയില്‍ രണ്ടുദിവസം ആഹാരം പോലും കഴിച്ചില്ല.

40വര്‍ഷം മുംബൈയില്‍ ജോലി ചെയ്ത കുഞ്ഞീതിന് ഹിന്ദി, ഉറുദു, മറാത്തി, ഗുജറാത്തി ന്നെീ ഭാഷകള്‍ സംസാരിക്കാന്‍ അറിയാം. തികഞ്ഞ ഗാന്ധിയനായി ഇന്നും തുടരുന്നു. സത്യം, സാഹോദര്യം, എളിമ, മിതവ്യയം തുടങ്ങിയ മൂല്യങ്ങള്‍ പാലിച്ചുകൊണ്ടാണ് ജീവിതം.

പരേതയായ പാത്തുമ്മയാണ് കുഞ്ഞീതിന്റെ ഭാര്യ. മക്കള്‍: ആയിഷ, ഉസ്മാന്‍, ഉമ്മര്‍.