കളളക്കടല്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മുന്‍കരുതലെടുത്തില്ല; ബേപ്പൂര്‍ മറീനയിലെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു


ബേപ്പൂര്‍: കടലേറ്റത്തെ തുടര്‍ന്ന് ബേപ്പൂര്‍ മറീനയിലെ കടലിലെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. പാലം തകര്‍ന്നതോടെ ജെ.സി.ബി. ഉപയോഗിച്ച് കരയിലേക്കു കയറ്റി. കടലിലെ കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ ഫ്‌ലോട്ടിങ് ബ്രിഡ്ജ് അറ്റകുറ്റപ്പണി തീര്‍ത്ത് കടലിലിറക്കുകയുള്ളൂ.

കടലേറ്റ സാധ്യതാ മുന്നറിയിപ്പ് നല്‍കിയിട്ടും മുന്‍കരുതല്‍ സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് ഒഴുകുന്ന പാലം തകര്‍ന്നതെന്ന ആരോപണമുണ്ട്. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ബേപ്പൂര്‍ പോര്‍ട്ട് അതോറിറ്റിയുടെയും സഹായത്തോടെ ചാലക്കുടി ക്യാപ്ചര്‍ ഡേയ്‌സ് അഡ്വഞ്ചര്‍ ടൂറിസം ആന്റ് വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ നേതൃത്വത്തിലാണ് പാലം സ്ഥാപിച്ചത്.

ഒരേസമയം 500 പേര്‍ക്ക് വരെ കയറാന്‍ ശേഷിയുള്ളതാണ് പാലം. എന്നാല്‍ സുരക്ഷ കണക്കിലെടുത്ത് നിലവില്‍ 50 പേര്‍ക്ക് ലൈഫ് ജാക്കറ്റ് ധരിച്ച് മാത്രമാണ് പാലത്തില്‍ പ്രവേശനം അനുവദിക്കുന്നത്.