ബാലുശേരിയിലെ ബന്ധുക്കളുടെ വിലക്ക് മറികടന്ന് റിഫ മെഹ്നുവിന്റെ കബറടക്ക ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തള്ളിക്കയറി യുട്യൂബര്‍മാര്‍; ബട്ടണ്‍ ക്യാമറ ഉപയോഗിച്ചും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം


ബാലുശേരി: ദുബൈയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യൂട്യൂബറും വ്‌ളോഗറുമായ റിഫ മെഹ്നുവിന്റെ കബറടക്കത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ചിലര്‍ ശ്രമിച്ചത് വാക്കേറ്റത്തിന് വഴിയൊരുക്കി. നിരവധി യൂട്യൂബര്‍മാറാണ് കബറടക്കത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയത്. ചിത്രങ്ങളോ വീഡിയോയോ പകര്‍ത്താന്‍ ബന്ധുക്കള്‍ ആരെയും അനുവദിച്ചിരുന്നില്ല.

എന്നാല്‍ ബന്ധുക്കളുടെ കണ്ണുവെട്ട് ബട്ടന്‍ ക്യാമറയും മറ്റും ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത് വാക്കേറ്റത്തിന് വഴിവെച്ചു. ദുബൈയില്‍ നിന്നും ബാലുശേരിയില്‍ എത്തിച്ച മൃതദേഹം വ്യാഴാഴ്ചയാണ് കബറടക്കിയത്.

മരിക്കുന്നതിന് തലേദിവസം വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന റിഫയുടെ മരണവുമായി ബന്ധപ്പെട്ട് യൂട്യൂബര്‍മാര്‍ പലതരത്തിലുള്ള പ്രചരണങ്ങളും നടത്തുന്നുണ്ട്. മരണകാരണം അന്വേഷിച്ചും നിരവധി പേര്‍ ബാലുശേരിയിലെ വീട്ടിലെത്തിയിരുന്നു.

റിഫയ്ക്ക് ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലും സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ട്. കാസര്‍കോട് നീലേശ്വരം സ്വദേശിയായ മെഹനാസിനെ പരിചയപ്പെട്ടതും ഇന്‍സ്റ്റഗ്രാമിലൂടെയാണ്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹിതരാവുകയുമായിരുന്നു.

18 വയസ് തികഞ്ഞയുടനെയായിരുന്നു റിഫയുടെ വിവാഹം. ഒന്നരവയസുളള മകനുണ്ട്. മൂന്നുമാസം മുമ്പാണ് റിഫയും കുടുംബവും സന്ദര്‍ശവിസയില്‍ ദുബൈയിലേക്ക് പോയത്. ഇടയ്ക്ക് കുഞ്ഞിനെ നാട്ടിലാക്കാനായി റിഫ മാത്രം വന്ന് വീണ്ടും തിരിച്ചുപോകുകയായിരുന്നു.

നാട്ടിലേക്കു തിരിച്ചുവരാന്‍ മെഹനാസ് നിര്‍ബന്ധിച്ചതിന്റെ മാനസിക സമ്മര്‍ദ്ദം റിഫയ്ക്കുണ്ടായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. റിഫയുടെ മരണകാരണം പുറത്തുകൊണ്ടുവരാന്‍ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് ദുബൈയില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ബന്ധുക്കള്‍.