അമ്മേ ഞാന് ഗോവയിലുണ്ട്” ഇന്നലെ ഉച്ചയോടെ ദീപക് മേപ്പയ്യൂരിലുള്ള അമ്മയുടെ ഫോണിലേക്ക് വിളിച്ചു; സഹോദരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


മേപ്പയ്യൂര്‍: മാസങ്ങള്‍ക്ക് ശേഷം മകന്റെ ശബ്ദം കേള്‍ക്കാനായതിന്റെ സന്തോഷത്തിലാണ് കൂനം വള്ളിക്കാവ് വടക്കേടത്ത് കണ്ടി വീട്ടിലെ ശ്രീലത. ആറ് മാസങ്ങള്‍ക്കു മുമ്പ് കാണാതാായ മേപ്പയ്യൂര്‍ സ്വദേശി ദീപക് ഇന്നലെ ഉച്ചക്ക് 12 മണിയോടു കൂടിയാണ് അമ്മയെ വിളിച്ച് ഗോവയിലുള്ള വിവരം അറിയിച്ചതെന്ന് ദീപക്കിന്റെ സഹോദരി ദിവ്യ കൊയിലാണ്ടി ന്യൂസ് ഡോട്കോമിനോട് പറഞ്ഞു. രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്തുമെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും ദീപക് പറഞ്ഞു. അമ്മയുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതിനു ശേഷമാണ് ദീപക് സംസാരം അവസാനിപ്പിച്ചത്.

ഏറെ ദുരൂഹത ഉയര്‍ത്തിയ തിരോധാനമായിരുന്നു ദീപക്കിന്റേത്. ദീപക്കിനെ ജൂണ്‍ ആറു മുതല്‍ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മിസ്സിംഗ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ജൂലൈ 17 ന് കൊയിലാണ്ടി തീരത്ത് ജീര്‍ണ്ണിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ദീപകിന്റേതുമായി രൂപസാദൃശ്യം ഉണ്ടായതിനാല്‍ ബന്ധുക്കള്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. എന്നാല്‍ ഡി.എന്‍.എ പരിശോധനയില്‍ മരിച്ചത് ദീപക്കല്ലെന്ന് കണ്ടെത്തി. ഇതാണ് പന്തിരിക്കരയില്‍ നിന്നും കാണാതായ ഇര്‍ഷാദിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. പരിശോധനയില്‍ മരിച്ചത് ഇര്‍ഷാദാണെന്ന് വ്യക്തമായി. ഇതോടെ ദീപക് എവിടെയെന്ന ചോദ്യവും ഉയര്‍ന്നു.

പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ദീപക്കിനെക്കുറിച്ച് വിവരം കിട്ടിയില്ല. ഇതിനിടെ കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ് പി ആര്‍ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

നിലവില്‍ ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ് ദീപക്. യുവാവിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കേരളത്തില്‍ നിന്ന് എസ്.ഐ ഉള്‍പ്പെടുന്ന അഞ്ച് അംഗ സംഘം ഗോവയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് ദീപക്കിനെ കേരളത്തില്‍ എത്തിക്കും.