ഇനി വേനലില്‍ കുടിവെള്ളത്തിനായി അധികകാലം അലയേണ്ടിവരില്ല; കൊയിലാണ്ടിയിലെ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിക്ക് ജീവന്‍വെച്ചു തുടങ്ങി


കൊയിലാണ്ടി: നഗരസഭ കിഫ്ബി പദ്ധതിയും സംയുക്തമായി നടത്തുന്ന സമ്പൂര്‍ണ കുടിവെള്ളപദ്ധതി പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ പ്രവൃത്തി ആരംഭിച്ചു. കൊയിലാണ്ടി നഗരസഭ 31-ാം വാര്‍ഡ് കോതമംഗലം ദേശത്ത് കോമത്തുകരയിലാണ് ഒന്നാംഘട്ടം പ്രവൃത്തി ആരംഭിച്ചത്.
സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ അനുവദിച്ച 120 കോടി രൂപയും കേന്ദ്ര സർക്കാറിൻ്റെ അമൃത് പദ്ധതിയുടെ 22 കോടി രൂപയും ഉൾപ്പെടുത്തി 24-25 സാമ്പത്തിക വർഷത്തിൽ പദ്ധതി പൂർത്തീകരിക്കും. കിഫ്ബി പദ്ധതിയിൽ നിന്ന് ആദ്യ ഘട്ടത്തിൽ 79 രൂപ കോടി ചെലവിൽ നടേരി വലിയമലയിൽ 17 ലക്ഷം ലിറ്റർ, പന്തലായനി കോട്ടക്കുന്ന് 17 ലക്ഷം ലിറ്റർ, സിവിൽ സ്റ്റേഷൻ 23 ലക്ഷം ലിറ്റർ വീതമുള്ള കൂറ്റൻ ജലസംഭരണികൾ ഒരുങ്ങി കഴിഞ്ഞു.

വിവിധ സംഭരണികളിൽ നിന്നും നഗരസഭയിലെ മുഴുവൻ വാർഡുകളിലേക്കുമുള്ള വിതരണ ശൃംഖലയുടെ പ്രവൃത്തി ആരംഭിച്ചു. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പ്രവൃത്തിയുടെ ടെൺഡർ എടുത്തിട്ടുള്ളത് പ്രവർത്തനം നടത്തുന്നത്. ഇതോടൊപ്പം തന്നെ മുഴുവൻ വീടുകളിലേക്കുമുള്ള പൈപ്പ്ലൈൻ , മീറ്റർ സ്ഥാപനവും നടക്കും.

നഗരസഭയിലെ 44 വാർഡുകളെ 3 സോണുകളായി തിരിച്ചാണ് ഈ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ 3 സോണുകളിലെയും പ്രവർത്തിയാണ് ആരംഭിച്ചിട്ടുള്ളത്.

സോൺ ഒന്ന്, നടേരി വലിയമല സംഭരണകേന്ദ്രത്തിൽ നിന്നും 15 മുതൽ 32 വാർഡുകൾക്കാണ് ജലവിതരണം നടത്തുന്നത്.

സോൺ രണ്ട് . സിവിൽ സ്റ്റേഷൻ സംഭരണകേന്ദ്രത്തിൽ നിന്നും 1. 33 മുതൽ 44 വാർഡുകളിലേക്കും വിതരണം നടക്കും.

സോൺ മൂന്ന്, പന്തലായനി കോട്ടക്കുന്ന് സംഭരണകേന്ദ്രത്തിൽ നിന്നും വാർഡ് 2 മുതൽ 14 വരെ ജല വിതരണം നടക്കും

നഗരസഭയുടെ സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി, ആവശ്യമുള്ള മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ള ലഭ്യത ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. 2025 മാർച്ച് മാസത്തോടെ പദ്ധതി പൂർത്തിയാകുമെന്ന് വൈസ് ചെയർമാൻ അഡ്വ.കെ. സത്യനും പൊതുമരാമത്ത് ചെയർമാൻ ഇ.കെ. അജിത്തും അറിയിച്ചു.

ഗാർഹിക കണക്ഷനായി പ്രത്യേക അപേക്ഷ ഫോറം തയ്യാറാവുന്നു. അപേക്ഷയോടൊപ്പം ഗൃഹനാഥൻ്റെ ആധാർ കാർഡ് കോപ്പി, 2024-25 വർഷത്തെ നഗരസഭയിൽ ഒടുക്കിയ കെട്ടിട നികുതിയുടെ കോപ്പി, റേഷൻ കാർഡ് കോപ്പി എന്നിവ സമർപ്പിക്കേണ്ടതാണ്.
പദ്ധതി പൂർത്തീകരണത്തിന് നഗരസഭയിലെ മുഴുവൻ ജനങ്ങളുടെയും സഹകരണമുണ്ടാകണമെന്ന് ചെയർ പേഴ്സൻ സുധ കിഴക്കെപ്പാട്ട് അഭ്യർത്ഥിച്ചു.

കോമത്ത്കര പ്രദേശം സോണ്‍ 1 വലിയമലയിലാണ് ഉള്‍പ്പെടുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോപ്പറേറ്റീവ് സൊസൈറ്റി ആണ് കരാര്‍ എടുത്തിരിക്കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ ദൃശ്യ.എം പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

കൗണ്‍സിലര്‍ വത്സരാജ് കേളോത്ത്, അനില്‍കുമാര്‍ (അസി എഞ്ചിനീയര്‍ KWA), സുരേന്ദ്രന്‍.എം.എം (വൈസ് ചെയര്‍മാന്‍ ULCCS), സോജന്‍ (മാനേജര്‍ ULCCS) വൈശാഖ് (സീനിയര്‍ കോ-ഓര്‍ഡിനേറ്റര്‍), കെ.പി.വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.