രഞ്ജി ട്രോഫിയിൽ വെടിക്കെട്ടു ബാറ്റിങ്ങിലൂടെ റെക്കോർഡുകൾ സൃഷ്ടിച്ചു; കൊയിലാണ്ടിയുടെ അഭിമാനതാരം രോഹന് ആദരം


കൊയിലാണ്ടി: തനിക്ക് നേരെ വരുന്ന ഓരോ പന്തുകളും അടിച്ചു തെറിപ്പിച്ച് റെക്കോർഡുകൾ വാരി കൂട്ടിയ കൊയിലാണ്ടി സ്വദേശി രോഹന്‍ എസ് കുന്നുമ്മലിന് ആദരം. പിഷാരികാവ് ഗുണ്ട് മോർണിംഗ് ഹെൽത്ത് ക്ലബ് ആണ് രോഹന് ആദരവർപ്പിച്ചത്. തുടര്‍ച്ചായായ മൂന്ന് കളികളില്‍ സെഞ്ച്വറി നേടിയാണ് രോഹന്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത്. രഞ്ജിയില്‍ തുടര്‍ച്ചയായി മൂന്ന് ഇന്നിങ്‌സുകളില്‍ സെഞ്ചുറി നേടുന്ന ആദ്യ കേരള താരമെന്ന റെക്കോര്‍ഡാണ് രോഹന്‍ നേടിയെടുത്തത്.

ചടങ്ങിൽ മിത്തൽ അജയകുമാർ അദ്ധ്യക്ഷത വഹിച്ചു പിഷാരികാവ് ദേവസ്വം ബോർഡ് ചെയർമാൻ കൊട്ടിലകത്ത് ബാലൻ നായർ പൊന്നാട അണിയിച്ചു. ഷിജീൻലാൽ മെമെന്റോ നൽകി. ശുശിൽ കുന്നുമ്മൽ , ശ്രീബാൽ, ലിസ്ന, എന്നിവർ സംസരിച്ചു. ശ്യംലാൽ സ്വാഗതവും സുജിത് നന്ദിയും പറഞ്ഞു.

വീട്ടുവരാന്തയില്‍ നെറ്റ് കെട്ടിയാണ് കുട്ടിക്കാലത്ത് രോഹന്‍ പരിശീലനം ആരംഭിച്ചത്. പിന്നീട് തലശ്ശേരി ക്യാമ്പിലും തുടര്‍ന്ന് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജിലുമായി രോഹന്‍ ക്രിക്കറ്റ് പരിശീലിച്ചു. ആക്രമിച്ച് കളിക്കാന്‍ ഇഷ്ടപ്പെടുന്ന രോഹന് ഓപ്പണിങ് പൊസിഷനില്‍ കളിക്കാനാണ് താല്‍പ്പര്യം. ഇതാണ് പാഞ്ഞു വരുന്ന പന്തുകളോരോന്നും അടിച്ചു പറപ്പിപ്പിക്കാന്‍ രോഹന് ആവേശം നല്‍കിയത്. ഏകദിന ശൈലിയില്‍ തകര്‍ത്തടിക്കുന്ന രീതിയിലാണ് രോഹന്റെ ബാറ്റിംഗ്. ചെറുപ്പം മുതൽ ക്രിക്കറ്റ് എന്ന ആഗ്രഹം നൽകി പരിശീലിപ്പിച്ച വളർത്തി കൊണ്ട് വന്ന അച്ഛൻ സുശീൽ കുന്നുമ്മലാണ് രോഹന്റെ ധൈര്യം.

2017 ലാണ് രോഹന്‍ അണ്ടര്‍-19 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതിഹാസതാരം രാഹുല്‍ ദ്രാവിഡിന് കീഴിലാണ് രോഹന്‍ അണ്ടര്‍-19 കളിച്ചത്. 2021 ല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലും വിജയ് ഹസാരെ ട്രോഫി ടൂര്‍ണ്ണമെന്റിലും കേരളത്തിനായി ബാറ്റേന്തിയ രോഹന്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയുകയും കൊയിലാണ്ടിയുടെ അഭിമാനമായി ഉയരുകയും ചെയ്തു.

[bot1]