മുതുകാട് അഞ്ച് ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌കന്‍ പിടിയില്‍; ചാരായം പിടികൂടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു, പരിശോധന കര്‍ശനമാക്കി പേരാമ്പ്ര എക്‌സൈസ്


മുതുകാട്: മുതുകാട് അഞ്ച് ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌കന്‍ പിടിയില്‍. സീതക്കാട് സ്വദേശി മധു (54) ആണ് പിടിയിലായത്.

ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് ചാരായവുമായി പേരാമ്പ്ര എക്‌സൈസ് ഇയാളെ പിടിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് മുതുകാട് ഭാഗത്തുനിന്നും 2.5 ലിറ്റര്‍ ചാരായവുമായി മറ്റൊരാളെ പിടികൂടിയത്. മുതുകാട് സ്വദേശി പുളിക്കൂല്‍ സോമനാണ് പിടിയിലായത്. തുടര്‍ച്ചയായി ചാരായങ്ങള്‍ പിടികൂടുന്ന സാഹചര്യത്തില്‍ മുതുകാട് ഭാഗത്ത് എക്‌സൈസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.പി.ജനാര്‍ദ്ദനന്റെ നേതൃത്വത്തിലാണ് ഇന്നലെ മുതുകാട് പരിശോധന നടന്നത്. പിടിയിലായ പ്രതിയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. പാര്‍ട്ടിയില്‍ എ.ഇ.ഐ ഗ്രേഡ് സുരേഷ് ബാബു, ഷാജി.സി.പി, ഗ്രേഡ് പി.ഒ.ബാബു, സി.ഇ.ഒമാരായ ഷബീര്‍ അനൂപ് കുമാര്‍, എക്‌സൈസ് ഡ്രൈവര്‍ പ്രശാന്ത് എന്നിവര്‍ ഉണ്ടായിരുന്നു.