കൊല്ലം ചിറയുടെ ചുറ്റുമതിലിന്റെ പലഭാഗങ്ങളും കാടുപിടിച്ച നിലയില്‍; കോടികള്‍ ചെലവിട്ട് നവീകരിച്ച ചിറയും പരിസരവും പരിപാലിക്കാന്‍ സംവിധാനമില്ലെന്ന് നാട്ടുകാരുടെ പരാതി


കൊയിലാണ്ടി: മൂന്നുകോടി ചെലവിട്ട് ആദ്യഘട്ട നവീകരണം പൂര്‍ത്തിയാക്കിയ കൊല്ലം ചിറ നേരാവണ്ണം പരിപാലിച്ചുകൊണ്ടുപോകാത്തതിനാല്‍ പല ഭാഗങ്ങളും കാടുമൂടിയ നിലയില്‍. ദേശീയപാതയ്ക്ക് അരികിലായുള്ള കൊല്ലം ചിറയുടെ മതില്‍ കാടുപിടിച്ച് നിലയിലാണ്. ചില മരക്കൊമ്പുകള്‍ ചിറയിലേക്ക് ചാഞ്ഞുകിടക്കുന്നുണ്ട്.

2018 ഡിസംബര്‍ മാസത്തിലാണ് നവീകരണം പൂര്‍ത്തിയാക്കി കൊല്ലചിറ ഉദ്ഘാടനം കഴിഞ്ഞത്. നബാര്‍ഡിന്റെ ഫണ്ടില്‍ കേരള ലാന്റ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനായിരുന്നു നവീകരണ പ്രവൃത്തികള്‍ നടത്തിയത്. നവീകരിച്ചതിനുശേഷം ഇവിടെ ഇരുപത്തിനാല് മണിക്കൂറും സുരക്ഷയ്ക്കായി രണ്ട് സെക്യൂരിറ്റി ജീവനക്കാരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ നവീകരിച്ച ചിറ പരിപാലിച്ചുപോകുന്നതിന് വേണ്ട സംവിധാനങ്ങളുണ്ടായില്ലെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. ചിറയ്ക്ക് ചുറ്റുമുള്ള കാടുകള്‍ വെട്ടിത്തെളിക്കാത്തതിനാല്‍ പല ഭാഗങ്ങളും കാടുപിടിച്ച് കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയിലാണുള്ളത്. നേരത്തെ ചിറയ്ക്ക് ചുറ്റും ആളുകള്‍ക്ക് വെറുതെ നടന്നുപോകാന്‍ സൗകര്യമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരുഭാഗം ഏതാണ്ട് മുഴുവനായും കാടുമൂടിയ സ്ഥിതിയിലാണ്.

സായാഹ്ന സമയങ്ങളില്‍ ഉല്ലാസത്തിനായും മറ്റും നിരവധി ആളുകളാണ് ഇപ്പോള്‍ കൊല്ലം ചിറയുടെ പരിസരത്തെത്തുന്നത്. ചിറയും പരിസരവും വേണ്ടവിധത്തില്‍ പരിപാലിക്കുകയും രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്താല്‍ കോഴിക്കോടിന് മാനാഞ്ചിറയെന്ന പോലെ കൊയിലാണ്ടിയ്ക്ക് വികസിപ്പിക്കാന്‍ പറ്റിയ ഇടമാണിത്.

നാലുകോടി രൂപയാണ് രണ്ടാംഘട്ട നവീകരണ പ്രവൃത്തികള്‍ക്ക് ബജറ്റില്‍ അനുവദിച്ചത്. ടൈലുവെച്ച നടപ്പാത, ഇരിപ്പിട സൗകര്യങ്ങള്‍, ലൈറ്റിങ്, കുട്ടികളുടെ പാര്‍ക്ക് എന്നിവ സ്ഥാപിച്ചുകൊണ്ട് കൊല്ലം ചിറ പരിസരത്തിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയെന്നതാണ് രണ്ടാം ഘട്ട നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കവെയാണ് ആദ്യഘട്ടത്തില്‍ നവീകരിച്ച സ്ഥലങ്ങള്‍ വെറുതെ കാടുമൂടി നശിക്കുന്നതെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.