മരങ്ങളും നടപ്പാതകളും വശങ്ങളും ദീപാലംകൃതമായി; പുതുവത്സരാഘോഷത്തിന് മാനാഞ്ചിറ ഒരുങ്ങി


കോഴിക്കോട്: മരങ്ങളിലും നടപ്പാതങ്ങളുമെല്ലാം അലങ്കാരങ്ങളില്‍ മുങ്ങി, അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് മാനാഞ്ചാറ. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായാണ് മാനാഞ്ചിറ മൈതാനത്തെ അലംകൃതമാക്കിയത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് മാനാഞ്ചിറ അലങ്കരിക്കുന്നത്. ‘ഇല്യുമിനേറ്റിങ് ജോയി, സ്‌പ്രെഡിങ് ഹാര്‍മണി’ എന്ന പ്രമേയത്തില്‍ സ്നോവേള്‍ഡ് തീമിലാണ് ഇത്തവണത്തെ ദീപാലങ്കാരം രൂപകല്‍പന ചെയ്തത്. വെളിച്ചത്തില്‍ തീര്‍ത്ത സ്നോമാന്‍, പോളാര്‍ കരടി, പെന്‍ഗ്വിന്‍, ദിനോസര്‍, ഭൂഗോളം, പിരമിഡ് തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളാണ്.

മാനാഞ്ചിറയ്ക്കു ചുറ്റുമുള്ള മരങ്ങളും നടപ്പാതകളുടെ വശങ്ങളും ദീപാലംകൃതമാണ്. പുതുവത്സര ദിനം വരെ എല്ലാ ദിവസവും വൈകിട്ട് 6.30 മുതല്‍ മാനാഞ്ചിറ പുതുദീപത്തില്‍ കുളിച്ചു നില്‍ക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി ആകാശത്ത് വര്‍ണ വിസ്മയം തീര്‍ത്തു. ബാന്‍ഡ് മേളവും കലാപരിപാടികളും ഒരുക്കി. 97.59 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. മന്ത്രി പി.എ.മുഹമ്മദ് റിയാസ് സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു.

മലബാറിലേക്ക് ആഭ്യന്തര ടൂറിസ്റ്റുകള്‍ വരുന്നത് പുതിയ ട്രെന്‍ഡാണെന്നും ഇതൊരു പോസിറ്റീവ് വൈബാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. മേയര്‍ ബീന ഫിലിപ്, എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ്, ഡപ്യൂട്ടി മേയര്‍ സി.പി.മുസാഫര്‍ അഹമ്മദ്, കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, സിറ്റി പൊലീസ് കമ്മിഷണര്‍ ടി.നാരായണന്‍, പി.വി.ചന്ദ്രന്‍, എ.പ്രദീപ് കുമാര്‍, ടൂറിസം ജോയിന്റ് ഡയറക്ടര്‍ ഡി.ഗിരീഷ് കുമാര്‍, ഡപ്യൂട്ടി ഡയറക്ടര്‍ സത്യജിത്ത് ശങ്കര്‍, കെടിഐസി ചെയര്‍മാന്‍ എസ്.കെ.സജീഷ്, ഡി.ടി.പി.സി സെക്രട്ടറി ടി.നിഖില്‍ദാസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍, പട്ടാളപ്പള്ളി ജോയിന്റ് സെക്രട്ടറി എ.വി.നൗഷാദ്, ടി.പി.ദാസന്‍, ഉമ്മര്‍ പാണ്ടികശാല, സി.ഇ.ചാക്കുണ്ണി, എം.രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Summary: Mananjira is ready for the New Year celebration