പെണ്‍കുട്ടിയെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു, സൗഹൃദത്തിനും ചാറ്റിങ്ങിനും ഒടുവില്‍ പ്രവാസിയില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടി; കോട്ടയം സ്വദേശി പിടിയില്‍


തൃശൂര്‍: ഫേസ്ബുക്കിലൂടെ പെണ്‍കുട്ടിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസിയില്‍ നിന്ന് പണം തട്ടിയ യുവാവ് പിടിയില്‍. കോട്ടയം പാമ്പാടി കുരിയന്നൂര്‍ കണ്ണന്‍ (34) ആണ് അറസ്റ്റിലായത്. തൃശൂര്‍ അന്തിക്കാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ ചിത്രവും പേരും ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. തുടര്‍ന്ന് പ്രവാസിയും അന്തിക്കാട് സ്വദേശിയുമായ യുവാവുമായി പ്രതി പരിചയത്തിലായി. മെസഞ്ചറിലൂടെ ചാറ്റിങ് പതിവാക്കിയ ശേഷമായിരുന്നു തട്ടിപ്പ്.

കുഞ്ഞ് ആശുപത്രിയിലാണ് എന്നും ഉടന്‍ 5000 രൂപ വേണമെന്നും ഇയാള്‍ ചാറ്റില്‍ ആവശ്യപ്പെട്ടു. മറുവശത്ത് യുവതിയാണ് എന്ന ഉറപ്പില്‍ അന്തിക്കാട് സ്വദേശി പണം നല്‍കി. പിന്നീടും പലതവണയായി പണം നല്‍കി.

പണം ആവശ്യപ്പെടുന്നത് തുടര്‍ന്നതോടെ യുവാവ് പണം നല്‍കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് പ്രതി ഭീഷണി മുഴക്കി പണം ആവശ്യപ്പെടുകയായിരുന്നു. പണം കിട്ടിയില്ലെങ്കില്‍ മെസെഞ്ചറിലെ അശ്ലീല സംഭാഷണങ്ങള്‍ വീട്ടുകാര്‍ക്ക് അയച്ചു കൊടുക്കുമെന്നായിരുന്നു ഭീഷണി.

അവസാനം 75,000 രൂപ നല്‍കിയാല്‍ പ്രശ്‌നം തീര്‍ക്കാമെന്ന് ഭീഷണി വന്നപ്പോഴാണ് അന്തിക്കാട്ടെ യുവാവ് തൃശ്ശൂര്‍ റൂറല്‍ പോലീസ് മേധാവി ഐശ്വര്യ ഡോങ്രേക്ക് പരാതി നല്‍കിയത്. പ്രത്യേക പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.