കിണറ്റില്‍ വീണ നായയെ രക്ഷിക്കുന്നതിനിടെ കല്ല് തലയില്‍ വീണു; തിരൂരില്‍ രക്ഷാപ്രവര്‍ത്തകന് ദാരുണാന്ത്യം
തിരൂര്‍: കിണറ്റില്‍ വീണ നായയെ രക്ഷിക്കുന്നതിനിടെ തലയില്‍ കല്ല് വീണ് രക്ഷാപ്രവര്‍ത്തകന് ദാരുണാന്ത്യം. എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സ് അംഗം നിറമരുതൂര്‍ വള്ളിക്കാഞ്ഞിരം കാവുങ്ങപ്പറമ്പില്‍ കാസിമിന്റെ മകന്‍ കെ.പി.നൗഷാദ് (45) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.
കിണറ്റിലിറങ്ങിയ നൗഷാദ് നായയുടെ അരയില്‍ കയര്‍ കെട്ടിയതോടെ മുകളില്‍ നിന്നവര്‍ വലിച്ച് കരയ്ക്കുകയറ്റുകയായിരുന്നു. ഇതിനിടെ പാതിവഴിയില്‍ വെച്ച് നായ പിടഞ്ഞു. ഇതോടെ
കയറിളകി ആള്‍മറയില്ലാത്ത കിണറിന്റെ മുകള്‍വശത്തുനിന്ന് കല്ലിളകി നൗഷാദിന്റെ തലയില്‍ വീഴുകയായിരുന്നു.
നൗഷാദിനെ നാട്ടുകാര്‍ കരയിലെത്തിച്ച് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തലയില്‍ രക്തസ്രാവം നിലയ്ക്കാതായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയ ഉടനെ മരിച്ചു. പാമ്പുപിടുത്തക്കാരിയും എമര്‍ജന്‍സി റസ്‌ക്യൂ ഫോഴ്‌സ് അംഗവുമായ ടി.പി. ഉഷയും നൗഷാദുമായിരുന്നു നായയെ രക്ഷിക്കാന്‍ പോയത്.
ആമിനയാണ് നൗഷാദിന്റെ മാതാവ്. ഭാര്യ: ആയിഷ. മക്കള്‍: അര്‍ഷാദ്, അന്‍ഷിദ.ഖബറടക്കം ശനിയാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നിറമരുതൂര്‍ വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.