ലോക്‌സഭാ തെരഞ്ഞെടുപ്പ്; പരാജയപ്പെട്ടവര്‍ക്ക് ഇ.വി.എം യൂണിറ്റ് പരിശോധിക്കാം, ഒരു യൂണിറ്റ് പരിശോധിക്കാന്‍ 40000 രൂപയും ജി.എസ്.ടിയും


Advertisement

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് ഇ.വി.എം പരിശോധിക്കാനുള്ള പ്രോട്ടോകോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. പരാജയപ്പെട്ടവരില്‍ രണ്ടും മൂന്നൂം സ്ഥാനത്തെത്തിയവര്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ മൈക്രോ കണ്‍ട്രോളര്‍ യൂണിറ്റ് പരിശോധിക്കാം. ഒരു ഇ.വി.എം യൂണിറ്റ് പരിശോധിക്കാന്‍ 40,000 രൂപയും 18 ശതമാനം ജി.എസ്.ടിയും കെട്ടിവെക്കണം. കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വി.വി പാറ്റ് എന്നിവയടങ്ങിയതാണ് ഒരു ഇ.വി.എം യൂണിറ്റ്. അട്ടിമറി തെളിഞ്ഞാല്‍ പണം തിരിച്ചുനല്‍കും.

Advertisement

മൈക്രോ കണ്‍ട്രോളര്‍ യൂണിറ്റില്‍ എതെങ്കിലും തരത്തിലുള്ള മാറ്റമോ അട്ടിമറിയോ നടന്നിട്ടുണ്ടോ എന്ന് ഇത്തരത്തില്‍ പരിശോധിക്കാം. തെരഞ്ഞെടുപ്പ് ഫലം വന്ന് ഏഴ് ദിവസത്തിനുള്ളില്‍ തോറ്റ സ്ഥാനാര്‍ത്ഥികള്‍ക്ക് പരിശോധനയ്ക്ക് ആഴശ്യപ്പെടാം. ഏപ്രില്‍ 26ന് സുപ്രിംകോടതി പുറപ്പെടുവിച്ച മാനദണ്ഡപ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗരേഖ പുറത്തിറക്കിയത്.

Advertisement

ഒരു പാര്‍ലമെന്റ് മണ്ഡലത്തിലുള്‍പ്പെട്ട ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് ശതമാനം ഇ.വി.എം യൂണിറ്റുകള്‍ ഇത്തരത്തില്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നാണ് സുപ്രിംകോടതി നിര്‍ദേശം. ഒരു നിയമസഭാ മണ്ഡലത്തില്‍ മൊത്തം ഉപയോഗിക്കുന്ന ഇ.വി.എമ്മുകള്‍ കണക്കാക്കിയാല്‍ 400 ബാലറ്റ് യൂണിറ്റുകള്‍, 200 കണ്‍ട്രോള്‍ യൂണിറ്റുകള്‍, 200 വി.വി പാറ്റുകള്‍ എന്നിവയുണ്ടാകും. ഇതിന്റെ അഞ്ച് ശതമാനം കണക്കാക്കുമ്പോള്‍ 20 ബാലറ്റ് യൂണിറ്റുകള്‍ 10 കണ്‍ട്രോള്‍ യൂണിറ്റുകള്‍ 10 വി.വി പാറ്റുകള്‍ എന്നിവ പരിശോധിക്കാനാവും. ഇ.വി.എം പുനപരിശോധനയുടെ മുഴുവന്‍ നടപടിക്രമങ്ങള്‍ക്കും ജില്ലാ ഇലക്ഷന്‍ ഓഫീസറായിരിക്കും ഉത്തരവാദിത്തം വഹിക്കുക.

Advertisement