‘വലിയ അപകടമുണ്ടാകുന്നത് വരെ അധികൃതരെ കാത്ത് നില്‍ക്കാന്‍ വയ്യ’; ദേശീയപാതയില്‍ കൊല്ലം പെട്രോള്‍ പമ്പിനടുത്തെ കുഴി അടച്ച് യുവാക്കള്‍ (വീഡിയോ കാണാം)


കൊയിലാണ്ടി: കൊല്ലത്തെ ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് എപ്പോഴും പേടിസ്വപ്‌നമാണ് പെട്രോള്‍ പമ്പിനടുത്ത് റോഡിലുള്ള കുഴി. എപ്പോഴാണ് തങ്ങള്‍ ആ കെണിയില്‍ വീഴുക എന്ന ഭയത്തോടെയാണ് ഇരുചക്രവാഹനങ്ങളിലെ യാത്രക്കാര്‍ ഇതിലെ കടന്നു പോകാറ്. അധികൃതരാകട്ടെ ഇത് കണ്ടില്ലെന്ന് നടിച്ച മട്ടായിരുന്നു.

നിരവധി ഇരുചക്രവാഹനങ്ങള്‍ ഈ കുഴിയില്‍ വീണിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം അഞ്ചോളം യാത്രക്കാര്‍ക്കാണ് ഇവിടെ വീണ് പരിക്കേറ്റത്. തിരക്കേറിയ ദേശീയപാതയായിട്ട് പോലും ഭാഗ്യം കൊണ്ട് ഇതുവരെ ആര്‍ക്കും ജീവന്‍ നഷ്ടമാവുന്ന അപകടങ്ങള്‍ ഉണ്ടായിട്ടില്ല.

എന്നാല്‍ അത്തരമൊരു അപകടം ഉണ്ടാവാന്‍ അനുവദിക്കില്ലെന്ന് ഒരു കൂട്ടം യുവാക്കള്‍ തീരുമാനിച്ചതോടെ കുഴി ഇല്ലാതായി. വിയ്യൂര്‍ ചോര്‍ച്ചപ്പാലം കൂട്ടായ്മയുടെ നേതൃത്വത്തിലാണ് യുവാക്കള്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് കഴിഞ്ഞ രാത്രി കുഴി അടച്ചത്.

അധികൃതര്‍ ചെയ്യേണ്ട ജോലി അവര്‍ മറന്നപ്പോള്‍ സമൂഹത്തിനായി ആ ജോലി ഏറ്റെടുത്ത യുവാക്കളെ നിരവധി പേര്‍ അഭിനന്ദിച്ചു.

വീഡിയോ കാണാം: