കണ്ണീരോർമ്മയായി ലിതാര; കുറ്റ്യാടിയുടെ പ്രിയ താരത്തിന് യാത്ര പറഞ്ഞ നാട്; യാത്രയായത് ഏറെ സ്വപ്‌നങ്ങൾ ബാക്കിവെച്ചിട്ട്
പേരാമ്പ്ര: യൗവ്വനത്തിലെ പൊലിഞ്ഞു പോയ ഭാവി വാഗ്ദാനമാകേണ്ടിയിരുന്ന ലിതാരയ്‌ക്ക് യാത്ര മൊഴി നൽകി നാട്. കുറ്റ്യാടി സ്വദേശിനിയും പ്രശസ്ത ബാസ്‌കറ്റ് ബോള്‍ താരവുമായ ലിതാരയെ ചൊവ്വാഴ്ച ബിഹാര്‍ പട്ന ഗാന്ധിനഗറിലെ ഫ്ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ മലയാളി ബാസ്‌കറ്റ് ബോള്‍ താരമായിരുന്നു ലിതാര.
മൃതദേഹം പട്നയിൽ നിന്ന് ജന്മനാട്ടിൽ കൊണ്ടുവരുകയും രാത്രി പത്തോടെ ലിതാരയുടെ പാതിരിപ്പറ്റയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കുകയും ചെയ്തു. പുലര്‍ച്ചെ ഒന്നോടെ സംസ്‌കരിച്ചു.
രാത്രി ഏറെ ആയിരുന്നുവെങ്കിലും ലിതാരയെ അവസാനമായി കാണുവാൻ നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് ആളുകൾ എത്തിയിരുന്നു. വീടിന്റെ പ്രതീക്ഷയായിരുന്ന ലിതാരയുടെ മരണം ഉൾക്കൊള്ളാനാവാതെ അമ്മ വിങ്ങിപൊട്ടുമ്പോൾ അത് കണ്ടു നിൽക്കാനാവാതെ നാട്ടുകാരുടെ കണ്ണുകളും ഈറനണിഞ്ഞു.
വീട് എന്നത് താരത്തിന്റെ വലിയൊരു ആഗ്രഹമായിരുന്നു. അതിനായി ബാങ്ക് വായ്പയെടുത്ത് പണി പൂര്‍ത്തിയായി വരുമ്ബോഴാണ് താരം ലോകത്തിനോട് വിട പറഞ്ഞത്. ലിത്താരയുടെ മരണത്തില്‍ കോച്ചിനെതിരെ ബന്ധുക്കള്‍ ആരോപണം കടുപ്പിച്ചിട്ടുണ്ട്. ടീമിന്റെ കോച്ച് രവി സിംഗില്‍ നിന്ന് ലിത്താര അനുഭവിച്ച നിരന്തരമായ മാനസിക പീഡനമാണ് യുവതിയെ മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ പട്ന രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
രവി സിങ്ങിന്റെ പെരുമാറ്റത്തെക്കുറിച്ച് താരം ചില സുഹൃത്തുക്കളോടും മറ്റും പറഞ്ഞിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വിവരം ലിത്താര കൃത്യമായി പരിശീലനത്തിന് എത്തുന്നില്ലെന്ന് കാണിച്ച് കോച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെന്നതാണ്. തിങ്കളാഴ്ചയാണ് ഈ വിവരം ലിതാര അറിഞ്ഞത്. പരാതി കാരണം ജോലി നഷ്ടപ്പെടുമോ എന്ന ആശങ്ക ബെംഗളൂരുവിലെ സുഹൃത്തിനോട് പങ്കുവെച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അമ്മയുടെ ചികിത്സ, വീടുപണി, വീടുപണിക്കായി എടുത്ത വായ്പയുടെ തിരിച്ചടവ് എന്നിവയെല്ലാം തന്റെ വരുമാനത്തില്‍ നിന്നായതിനാല്‍ ജോലി നഷ്ടമാകുമോ എന്ന ആശങ്ക ലിതാരയെ മാനസികസംഘര്‍ഷത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചെന്നാണ് സംശയം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ബീഹാർ മാത്രിക്കു കത്തെഴുതിയിട്ടുണ്ട്.
വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ലിതാരയെ അവസാനമായി കാണാനെത്തിയിരുന്നു.
[bot1]