കുറുവങ്ങാട് അക്വഡക്ട്-ചെങ്ങോട്ടുകാവ് കനാല്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് കാല്‍നട യാത്രപോലും ബുദ്ധിമുട്ടായ നിലയില്‍; റീ ടാറിംഗ് ആവശ്യപ്പെട്ട് എം.എല്‍.എയ്ക്ക് നാദം റസിഡന്റ്‌സ് അസോസിയേഷന്റെ നിവേദനം



കൊയിലാണ്ടി: കുറുവങ്ങാട് അക്വഡക്റ്റ്-ചെങ്ങോട്ടുകാവ് കനാല്‍ റോഡ് റീ ടാറിംഗ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയ്ക്ക് നാദം റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കി. റോഡില്‍ അക്വഡക്ടിന്റെ തെക്കേ അറ്റം മുതല്‍ പാലോളി പറമ്പ് വരെയുള്ള ഒരു കിലോമീറ്ററോളം ഭാഗം ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് ഒട്ടും യാത്രായോഗ്യമല്ലാത്ത സ്ഥിതിയിലാണ്. കാല്‍നട പോലും ദുസ്സഹമായ അവസ്ഥയിലാണ് റോഡിന്റെ ഇപ്പോഴത്തെ സ്ഥിതിയെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

കന്നൂര്, കണയങ്കോട്, കുറുവങ്ങാട് ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന നിരവധി വാഹനയാത്രക്കാര്‍ കൊയിലാണ്ടി നഗരത്തിലെ തിരക്ക് ഒഴിവാക്കാന്‍ ഉപയോഗിക്കുന്ന പാതയായിരുന്നു ഇത്. ബൈപ്പാസ് റോഡിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ എത്തിച്ചേരാനും അത്യാഹിത ഘട്ടങ്ങളില്‍ ആംബുലന്‍സ്, ഫയര്‍ ഫോഴ്‌സ്, പൊലീസ് വാഹനങ്ങള്‍ക്ക് ഈ പ്രദേശത്ത് എത്തിച്ചേരാനും ഇതല്ലാതെ മറ്റുമാര്‍ഗം നിലവിലില്ല. ഇതിനു പുറമേ പ്രദേശത്തുള്ള പ്രായമായ രോഗികകളടക്കമുള്ളവര്‍ക്ക് പാലിയേറ്റീവ് കെയര്‍ ലഭിക്കുന്നതിന് വാഹനം എത്തിച്ചേരാനുമുള്ള ഏക മാര്‍ഗ്ഗമാണ് ഈ കനാല്‍ റോഡ്.

ജലജീവന്‍ പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി ഈ ഭാഗങ്ങളിലെ കനാല്‍ റോഡ് ഉടനീളം കീറിയിട്ടിരിക്കുന്നതിനാല്‍ യാത്രാദുരിതം പതിന്മടങ്ങ് ഏറിയിരിക്കുകയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. നാദം റെസിഡന്‍സ് അസോസിയേഷന്‍ മേലൂര്‍ പ്രസിഡണ്ട് ജയകൃഷ്ണന്‍ കൂമുള്ളി, വൈ.പ്രസിഡണ്ട് പറമ്പത്ത് അനില്‍കുമാര്‍, സെക്രട്ടറി ഷീജ ശ്രീമുദ്ര എന്നിവര്‍ എം.എല്‍.എ ഓഫീസില്‍ എത്തി ഹരജി നല്‍കി.

എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണാമെന്ന് എം.എല്‍.എ അറിയിച്ചതായി റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.[mid]