‘കുഞ്ചന്‍ നമ്പ്യാരുടെ പേരിലുള്ള പുരസ്‌കാരമാണ് ലഭിച്ചതിൽ ഏറ്റവും വലിയ ബഹുമതി, വലിയ സന്തോഷം’; കൊയിലാണ്ടിയുടെ ഓട്ടൻ തുള്ളൽ കലാകാരൻ മുചുകുന്ന് പത്മനാഭന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
സ്വന്തം ലേഖകൻ
കൊയിലാണ്ടി: തുള്ളല്‍ എന്ന മഹത്തായ കലാരൂപത്തില്‍ തന്റെതായ ശൈലിയിലൂടെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയ കൊയിലാണ്ടിയുടെ സ്വന്തം കലാകാരനാണ് മുചുകുന്ന് പത്മനാഭന്. 2021 ലെ കേരള കലാമണ്ഡലം പുരസ്‌കാരം അടുത്തിടെ നേടിയ അദ്ദേഹത്തെ തേടി വീണ്ടും ഒരു നേട്ടം കൂടി എത്തിയിരിക്കുകയാണ്. തുള്ളല്‍ കലാരൂപത്തിന്റെ ഉപജ്ഞാതാവ് സാക്ഷാല്‍ കലക്കത്ത് കുഞ്ചന്‍ നമ്പ്യാരുടെ പേരിലുള്ള പുരസ്‌കാരമാണ് ഇപ്പോള്‍ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. കുഞ്ചന്‍ നമ്പ്യാര്‍ പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ വായനക്കാരുമായി പങ്കുവയ്ക്കുകയാണ് അദ്ദേഹം.
കുഞ്ചന്‍ നമ്പ്യാരുടെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മുചുകുന്ന് പത്മനാഭന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇതുവരെ കിട്ടിയതില്‍ വച്ച് ഏറ്റവും വലിയ ബഹുമതിയായാണ് താന്‍ ഇതിനെ കണക്കാക്കുന്നത്. കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ ജനിച്ച വീട്ടില്‍ വച്ച് പുരസ്‌കാരം നല്‍കുന്നത് കൂടുതല്‍ സന്തോഷമേകുന്നുവെന്നും മുചുകുന്ന് പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.
‘അന്‍പത് വര്‍ഷമായി തുള്ളല്‍ രംഗത്തുള്ളയാളാണ് ഞാന്‍. ഓട്ടന്‍ തുള്ളല്‍, പറയന്‍ തുള്ളല്‍, ശീതങ്കന്‍ തുള്ളല്‍ എന്നിവയെല്ലാം അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലും ഗുജറാത്ത്, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലും തുള്ളല്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്.’ -അദ്ദേഹം പറഞ്ഞു.
‘പതിനഞ്ചാം വയസിലാണ് ഞാന്‍ ഓട്ടന്‍ തുള്ളലില്‍ അരങ്ങേറുന്നത്. അച്ഛന്‍ സി.ടി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാരാണ് ഗുരു. ഇപ്പോള്‍ 50 വര്‍ഷമായി തുള്ളല്‍ രംഗത്ത് സജീവമാണ്. നിരവധി പേരെ തുള്ളല്‍ കല അഭ്യസിപ്പിക്കുന്നുണ്ട്.’ -എഴുപതുകാരനായ മുചുകുന്ന് പത്മനാഭന്‍ പറഞ്ഞു.
കുഞ്ചന്‍ നമ്പ്യാര്‍ ജനിച്ച ദിവസമായ മെയ് അഞ്ച് വെള്ളിയാഴ്ചയാണ് കുഞ്ചന്‍ നമ്പ്യാര്‍ പുരസ്‌കാരം മുചുകുന്ന് പത്മനാഭന് സമ്മാനിക്കുക. കുഞ്ചന്‍ നമ്പ്യാര്‍ ജനിച്ച വീട്ടില്‍ വച്ചാണ് ചടങ്ങ് നടക്കുക. കുഞ്ചന്‍ നമ്പ്യാര്‍ എഴുതാനായി ഉപയോഗിച്ചിരുന്ന എഴുത്താണി പൂജിച്ചതിന് ശേഷമാണ് പുരസ്‌കാരം സമ്മാനിക്കുക.അന്നേദിവസം വൈകീട്ട് അതേ വേദിയില്‍ മുചുകുന്ന് പത്മനാഭന്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കും. ‘കൃഷ്ണാര്‍ജ്ജുനവിജയം’ എന്ന കഥയാണ് അന്ന് അദ്ദേഹം അവതരിപ്പിക്കുക.
ജാനകിയാണ് മുചുകുന്ന് പത്മനാഭന്റെ ഭാര്യ. ഷൈജു, ഷനില, ഷബിത എന്നിവരാണ് മക്കള്‍.
Also Read: പുരസ്കാര തിളക്കത്തിൽ മുചുകുന്ന്; കുഞ്ചൻ നമ്പ്യാർ അവാർഡ് മുചുകുന്ന് പത്മനാഭന്