‘യാത്രാമധ്യേ ശരീരം മരവിച്ചു, ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു’; വിദ്യാർത്ഥിനിയെ കെഎസ്ആര്‍ടിസി ബസിൽ താമരശ്ശേരി താലൂക്കാശുപത്രിയിലെത്തിച്ച് ജീവനക്കാര്‍


താമരശ്ശേരി: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ഥിനിക്ക് രക്ഷകരായി കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും. ശരീരം മരവിച്ച് തണുക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്ത വിദ്യാര്‍ഥിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചാണ് ഇരുവരും മാതൃകയായത്. കുറ്റിപ്പുറം കെഎംസിടി കോളേജിലെ എല്‍എല്‍ബി വിദ്യാര്‍ഥിനി വൈത്തിരി രോഹിണിയില്‍ റിതിക (21) യ്ക്കാണ് ജീവനക്കാരുടെയും യാത്രക്കാരുടെയും കരുതല്‍ രക്ഷയായത്.

സുല്‍ത്താന്‍ ബത്തേരി ഗാരേജിലെ ടൗണ്‍ ടു ടൗണ്‍ ബസിലെ ഡ്രൈവര്‍ കോഴിക്കോട് മലാപ്പറമ്പ് മൂസ്സേന്‍ വീട്ടില്‍ എം വിനോദ്, കണ്ടക്ടര്‍ അട്ടപ്പാടി ചിണ്ടക്കി അമ്പലംകുന്ന് വീട്ടില്‍ ആര്‍ രാജന്‍ എന്നിവരാണ് അവസരോചിതമായ ഇടപെടല്‍ നടത്തിയത്. വിദ്യാര്‍ഥിനിയുടെ അവസ്ഥ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയത് ബസിലെ യാത്രക്കാരാണ്. വിദ്യാര്‍ഥിനിക്ക് പ്രഥമ ശ്രൂശ്രൂഷ നല്‍കി ഇവരും മനുഷ്യത്വത്തിന്റെ പ്രതീകങ്ങളായി.

തിങ്കളാഴ്ച രാവിലെ എട്ടേകാലിന് സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസില്‍ വൈത്തിരിയില്‍ വച്ചാണ് സഹപാഠിയ്‌ക്കൊപ്പം റിതിക കയറിയത്. നല്ല തിരക്കുണ്ടായിരുന്ന ബസില്‍ നിന്ന വിദ്യാര്‍ഥിനിക്ക് യാത്രാമധ്യേ കൈതപ്പൊയിലില്‍വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ യാത്രക്കാര്‍ ഒരു സീറ്റിലിരുത്തി.

ശരീരം മരവിച്ച് തണുക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്ത റിതികയ്ക്ക് ബസിലുണ്ടായിരുന്ന ഒരു നഴ്സിന്റെ നേതൃത്വത്തില്‍ യാത്രികര്‍ പ്രഥമ ശുശ്രൂഷ നല്‍കി. ഉടന്‍ തന്നെ ബസ് താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനി റിതികയുടെ ബന്ധുക്കളെ വിളിച്ച് കാര്യമറിയിക്കുകയും ചെയ്തു. റിതിക അപകടനില തരണം ചെയ്‌തെന്നും കൂട്ടിരിപ്പുകാര്‍ ഉടനെത്തുമെന്ന് ഉറപ്പുവരുത്തിയശേഷമാണ് ബസ് ജീവനക്കാരും യാത്രികരും ആശുപത്രിയില്‍നിന്ന് മടങ്ങിയത്.

Summar: ksrtc bus routed tothamarasseeri taluk  hospital after student passenger felt sick in