ഇന്ന് ഇനി ബീച്ചിലേക്ക് യാത്രപോകാനോ, മീന്‍പിടിക്കാനോ നില്‍ക്കേണ്ട; 3.2മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്


കോഴിക്കോട്: വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള കേരളതീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (ഐ.എന്‍.സി.ഒ.ഐ.എസ്) അറിയിച്ചു. മൂന്നു മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലക്കാണ് സാധ്യത. മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.

ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നല്‍കി. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളിലുള്ളവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

ബോട്ട് വള്ളം തുടങ്ങിയ മത്സ്യബന്ധന വാഹനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.