‘നാട്ടുകാരേ, ഓടിവരണേ 40,000 രൂപ മോഷ്ടിച്ചേ…’; പണം പോയെന്ന് പറഞ്ഞ് നടുറോഡില്‍ കരഞ്ഞ് യുവാവ്, ട്വിസ്റ്റിനൊടുവില്‍ വാദി തന്നെയാണ് പ്രതിയെന്ന് കണ്ടെത്തി ബാലുശ്ശേരി പൊലീസ്
ബാലുശ്ശേരി: ‘നാട്ടുകാരേ, ഓടിവരണേ, കടയ്ക്ക് തീ പിടിച്ചേ…’ മലയാളത്തിലെ ഹിറ്റായ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളിയിലെ വില്ലനായ ഷിബു കടയ്ക്ക് സ്വയം തീ കൊളുത്തിയ ശേഷം ആളുകളെ കൂട്ടാനായി വിളിച്ച് പറയുന്ന ഹിറ്റ് സംഭാഷണമാണ് ഇത്. ഒരുപാട് ട്രോളുകളില്‍ ഉപയോഗിക്കപ്പെട്ട ഈ സംഭാഷണത്തെ അന്വര്‍ത്ഥമാക്കുന്ന സംഭവമാണ് ഇന്ന് ബാലുശ്ശേരിയില്‍ അരങ്ങേറിയത്.
കോഴിക്കോട് വേങ്ങേരി സ്വദേശിയായ അമര്‍നാഥ് എന്ന പത്തൊന്‍പതുകാരനാണ് ഈ കഥയിലെ നായകന്‍, അല്ല വില്ലന്‍. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ വാഹനത്തില്‍ നിന്ന് 40,000 രൂപയും ബാഗും മോഷണം പോയെന്നായിരുന്നു അമര്‍നാഥിന്റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബാലുശ്ശേരി പൊലീസില്‍ ഇയാള്‍ പരാതിയും കൊടുത്തു.
എന്നാല്‍ പരാതി അന്വേഷിച്ച പൊലീസ് ഒടുവില്‍ കണ്ടെത്തിയത് അമര്‍നാഥ് തന്നെയാണ് പ്രതി എന്നാണ്. പണം തട്ടിയെടുക്കാനായി അമര്‍നാഥ് തന്നെ മോഷണക്കഥ ആസൂത്രണം ചെയ്യുകയും വ്യാജ പരാതി നല്‍കുകയുമായിരുന്നു.
കോഴിക്കോട്ടെ ഒരു പുസ്തക കമ്പനിയിലെ കളക്ഷന്‍ ഏജന്റാണ് അമര്‍നാഥ്. തിങ്കളാഴ്ച രാത്രി സ്ഥാപനത്തിന്റെ വാഹനത്തില്‍ നന്മണ്ട പതിനാലേനാലില്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി പുറത്തിറങ്ങിയെന്നും ആ സമയത്ത് വാഹനത്തില്‍ ഇരിക്കുകയായിരുന്ന തന്റെ കയ്യില്‍നിന്ന് ബാഗും പണവും തട്ടിയെടുത്തെന്നുമായിരുന്നു ഇയാളുടെ പരാതി.
മോഷണം നടന്നെന്ന് പറഞ്ഞ് യുവാവ് റോഡിലിറങ്ങി കരഞ്ഞതോടെ ഡ്രൈവര്‍ ഓടിയെത്തി. ഡ്രൈവറോടാണ് അമര്‍നാഥ് ആദ്യം കാര്യം പറഞ്ഞത്. തുടര്‍ന്ന് അതുവഴി വന്ന ഹൈവേ പൊലീസിന്റെ വാഹനത്തിന് കൈ കാണിച്ച് ഇരുവരും വിവരം അറിയിച്ചു.
ഹൈവേ പോലീസിന്റെ നിര്‍ദ്ദേശപ്രകാരം അമര്‍നാഥ് ഡ്രൈവര്‍ക്കൊപ്പം ബാലുശ്ശേരി സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. എന്നാല്‍ ബാലുശ്ശേരി പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതോടെ അമര്‍നാഥിനെ വീണ്ടും സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പണം തട്ടിയെടുക്കാനായി നടത്തിയ നാടകമായിരുന്നുവെന്ന് വ്യക്തമായത്. അമര്‍നാഥിന്റെ പേരില്‍ ബാലുശ്ശേരി പൊലീസ് കേസെടുത്തു.
ഈ വാർത്തയോടുള്ള നിങ്ങളുടെ പ്രതികരണം അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..