‘ഒരു അത്യാവശ്യമുണ്ടായാൽ നടന്നു പോകാൻ പോലും പറ്റില്ല; തീരെ വഴി നടക്കാനോ വണ്ടി പോകാനോ പോലും പറ്റുന്നില്ല’; മരളൂർ റോഡിലൂടെ നടക്കാൻ പോലുമാവാതെ പനച്ചിക്കുന്ന് നിവാസികളുടെ ദുരിതം തുടരുന്നു


കൊയിലാണ്ടി: ‘അതുവഴി വഴി നടക്കാൻ ഒട്ടും വയ്യാതെയായി, ഇരുചക്ര വാഹനങ്ങളുള്ളവരുടെ കാര്യവും കഷ്ടമാണ്. നൂറ്റമ്പതോളം കുടുംബങ്ങളാണ് ഇതുമൂലം ദുരിതത്തിലായത്.’ നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണത്തെ തുടർന്ന് ചെളിക്കുളമായി മാറിയ പനച്ചിക്കുന്ന് റോഡിനെ പറ്റി നാട്ടുകാർ പറയുന്നു.

കാൽനടയ്ക്കോ ഗതാഗതത്തിനോ അസാധ്യമായ രീതിയിൽ ചളിക്കുളമായതോടെ തഹസിൽദാർ മണിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും വഗാഡ് കമ്പനി എഞ്ചിനീയറെ സ്ഥലത്തേക്ക് വിളിപ്പിച്ച് പ്രശ്നപരിഹാരത്തെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചെളി മാറ്റുന്നതിലൂടെ താത്കാലികാലമായി പരിഹാരം കണ്ടെത്താൻ ശ്രമിച്ചെങ്കിലും ചെളി പൂർണ്ണമായും മാറ്റാൻ സാധിച്ചില്ല.

‘ഇതിനൊരു പരിഹാരം ഇനിയും കണ്ടെത്തിയിട്ടില്ല. മഴ പെയ്തു കൊണ്ടേയിരിക്കുന്നത് കൊണ്ട് പ്രശ്നം കൂടുന്നതേയുള്ളു. വഗാഡ് കമ്പനിക്കാരും കൃത്യമായ പരിഹാരങ്ങളൊന്നും ചെയ്തിട്ടില്ല, ആവശ്യത്തിന് ജോലിക്കാരില്ല എന്നൊക്കെയാണ് കമ്പനിയിലെ ഒരു ജോലിക്കാരൻ പറഞ്ഞത്. വിദ്യാർത്ഥികളും ജോലിക്കാരും ഉൾപ്പെടെ ഏറെ പേരാണ് ഇവിടം ആശ്രയിക്കുന്നത്. പ്രായമായവരെയും ​രോ​ഗികളെയും ആശുപത്രിയിലെത്തിക്കുന്നതിന് ഏറെ പ്രയാസം നേരിടുന്നുണ്ടെന്ന് ഉണ്ണികൃഷ്ണൻ മരളൂർ പറഞ്ഞു. ഇരുചക്രവാഹനങ്ങളുൾപ്പെടെയുള്ളവ വഴിയിലെ ചെളിയിൽ താഴ്ന്നുപോവാറുമുണ്ട്.

പനച്ചിക്കുന്ന് ഭാ​ഗത്ത് ഒരുവശത്ത് റെയിൽവേ ട്രാക്കും മറുവശത്ത് ദേശീയപാതയുമാണ്. ദേശീയപാതയിലേക്കെത്താൻ പനിച്ചിക്കുന്ന് റോഡിനെയാണ് പ്രദേശവാസികൾ ആശ്രയിച്ചിരുന്നത്. എന്നാൽ നന്തി -ചെങ്ങോട്ട്കാവ് ബെെപ്പാസ് ഈ റോഡിന്റെ നടുവിലൂടെ കടന്നുപോകുന്നതിനാൽ ബെെപ്പാസ് നിർമ്മാണത്തിനായി റോഡ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മുറിച്ചിരുന്നു. തുടർന്ന് നാട്ടുകാർ ഗതാഗതത്തിനായി താൽക്കാലിക സംവിധാനം ഉണ്ടാക്കുകയായിരുന്നു. ​താത്ക്കാലികമായി ഒരുക്കിയ വഴിയിൽ കരാർ കമ്പനി വീണ്ടും മണ്ണിട്ടതിനു പിന്നാലെ മഴയും പെയ്തതോടെ റോഡ് ചെളിക്കുളമാവുകയായിരുന്നു.


ഈ വാർത്തയോടുള്ള നിങ്ങളുടെ പ്രതികരണം അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..