മഴയില്‍ കുളിച്ച് തോര്‍ത്തി പൂര്‍വാധികം സുന്ദരിയായി മലബാറിന്റെ സ്വന്തം ഗവി; ചാറ്റല്‍ മഴയില്‍  മണ്‍സൂണിന്റെ മാസ്മരിക ഭംഗിനുകരാന്‍ വയലട നിങ്ങളെ കാത്തിരിക്കുന്നു


പ്രകൃതി പച്ചിച്ച് നില്‍ക്കുന്ന മലബാറിന്റെ സ്വന്തം സുന്ദര കാഴ്ചയിലേക്ക് മഴക്കാല നാളുകളില്‍ നമുക്ക് ഇറങ്ങിച്ചെല്ലാം. തെക്കിന്റെ ഗവിയോട് കിടപിടിക്കുന്ന വടക്കിന്റെ ഗവിയായ വയലടയിലെ മഴക്കാഴ്ചകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഋതുക്കളുടെ മാറ്റം പ്രകൃതിയിലെ ഓരോ സൃഷ്ടിയെയും അറിഞ്ഞും അറിയാടെയും മാറ്റിമറിച്ചുകൊണ്ടിരിക്കുന്നുണ്ട്. വേനലോ മഞ്ഞോ നല്‍കാത്ത അഭൌമമായ ഒരു സൌന്ദര്യം മണ്‍സൂണ്‍ കാലത്ത് വയലടയിലെത്തിയാല്‍ നമുക്ക് കാണാനാകും.

കോരളത്തിന്റെ തെക്കന്‍ മേഖലകളില്‍ മലകയറാനും നനുത്ത കോടമഞ്ഞാസ്വദിക്കാനും മൂന്നാറും ഗവിയുമടക്കം നിരവധി സ്ഥലങ്ങളുണ്ടെങ്കിലും ഇത്തരം ഇടങ്ങള്‍ മലബാറില്‍ താരതമ്യേന കുറവാണ്. വയനാടിനപ്പുറം ആഘോഷിക്കപ്പെട്ട മറ്റ് സ്ഥലങ്ങള്‍ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. ദൂരയായാത്രകള്‍ തകിടം മറിച്ച കഴിഞ്ഞുപോയ കൊവിഡ് കാലമാണ് ഒരു പരിധിവരെ പുതിയ പ്രകൃതിസുന്ദരമായ ഇടങ്ങള്‍ കണ്ടെത്താനും അവിടങ്ങളിലേക്ക് യാത്രകള്‍ നടത്താനും മലബാറുകാരെ പ്രേരിപ്പിച്ചത്. ഇത്തരത്തില്‍ സമൂഹമാധ്യമത്തിലൂടെ യാത്രാപ്രാമികൾ വൈറലാക്കിയ ഒരു അതിമനോഹരമായ ഒരു വ്യൂപോയിന്റാണ് വയലട. കോവിഡാനന്തരം പ്രാദേശിക ടൂറിസം മേഖലകള്‍ കേന്ദ്രീകരിച്ചുകൊണ്ട് സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കിയ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ വയലടയെ മറ്റ് ജില്ലകളില്‍ നിന്നുള്ള സഞ്ചാരികളുടെയും പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റിയിട്ടുണ്ട്. ഇന്ന് സമീപ പ്രദേശത്തുള്ളവര്‍ മാത്രമല്ല ദൂര ദേശങ്ങളില്‍ നിന്ന് പോലും അനേകമാളുകള്‍ വയലടയിലേക്ക് എത്തിച്ചേരുന്നുണ്ട്.

മഞ്ഞും തണുപ്പും നിറഞ്ഞു നിൽക്കുന്ന, കോഴിക്കോടിന്‍റെ ദൂരക്കാഴ്ചകളെ വരച്ച് കാണിക്കുന്ന വയലട സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിഭംഗിയോടൊപ്പം തന്നെ കാലാവസ്ഥയും കൂടിയാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. അവധി ദിനങ്ങളില്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ മനോഹരമായ ഇടം അന്വേഷിക്കുന്ന കോഴിക്കോട്ടുകാര്‍ക്ക് ഏറെ അനുയോജ്യമായ ഡെസ്റ്റിനേഷനാണ് വയലട.

മലബാറിന്‍റെ ഗവിയെന്നും കോഴിക്കോടിന്‍റെ ഊട്ടിയെന്നുമെല്ലാം വ്യത്യസ്തങ്ങളായ വിളിപ്പേരുകള്‍ വയലടക്ക് യാത്രാപ്രേമികള്‍ ചാര്‍ത്തി നല്‍കിയിട്ടുണ്ട്. ഊട്ടിയിലും ഗവിയിലും ഉള്ളപോലെ കോടമഞ്ഞിലും പച്ചപ്പിലും പുതഞ്ഞ് നില്‍ക്കുന്ന കാഴ്ചകളാണ് വയലടക്ക് ഈ പേര് സമ്മാനിച്ചത്. നിമിഷനേരംകൊണ്ട് പടര്‍ന്ന് കയറുന്ന കോടമഞ്ഞിലൂടെ നടന്ന് വേണം വ്യൂപോയന്റിന് മുകളിലേക്ക് എത്താന്‍. അതിരാവിലെയാണ് ഇവിടെ എത്തുന്നതെങ്കില്‍ ഏറ്റവും മനോഹരമായി നമുക്ക് സൂര്യോദയം ആസ്വദിക്കാം, വൈകുന്നേരമാണെങ്കില്‍ അസ്തമയ സൂര്യകിരണങ്ങളില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന ആകാശക്കാഴ്ച അവിസ്മരണീയമായ അനുഭൂതി സമ്മാനിക്കും.  നിറയെ ചെറിയ മലകള്‍ ഉള്ളതിനാല്‍ ട്രെക്കിങ്ങിന് ഏറെ അനുയോജ്യമാണ് ഇവിടം. വയലട വ്യൂ പോയിന്‍റിനൊപ്പം തന്നെ പ്രസിദ്ധമായ മുള്ളൻപാറ കൂടി സന്ദര്‍ശിച്ചാലേ വയലട യാത്രക്ക് പൂര്‍ണത കൈവരൂ. ഈ പാറ കുത്തനെ കയറിച്ചെല്ലുന്നിടത്താണ് വ്യൂ പോയിന്‍റുള്ളത്. കക്കയം ഡാമും മലനിരകളും , പെരുവണ്ണാമൂഴി റിസർവോയറും അവിടെ നിന്നു പുറത്തുവിടുന്ന വെള്ളം പോകുന്ന വഴിയും ചുറ്റുമുള്ള കാടും എല്ലാം  ഇവിടെ നിന്ന് ആസ്വദിക്കാം.  ഇവിടുത്തെ ഏറ്റവും ഉയരമുള്ള മലയാണ് കോട്ടക്കുന്ന് മല.

വയലട റൂറല്‍ ടൂറിസം ഡെവലപ്മെന്റ് പദ്ധതി വഴി നടപ്പിലാക്കിയ പവലിയന്‍, പ്രധാന കവാടം, സൂചനാ ബോര്‍ഡുകള്‍, ലാന്റ്സ്‌കേപ്പിംഗ്, ഇരിപ്പിടങ്ങള്‍, ഫുഡ് കോര്‍ട്ട്, കോഫീഷോപ്പ്, സോളാര്‍ ലൈറ്റ്, ശുചിമുറി, ഫെസിലിറ്റേഷന്‍ സെന്റര്‍, വ്യൂ പോയിന്റ് തുടങ്ങിയ സംവിധാനങ്ങള്‍ ഒരു ടൂറിസ്റ്റ് സ്പോട്ട് എന്ന നിലയില്‍ വയലടയെ ശ്രദ്ധേയമാക്കിയിട്ടുണ്ട്.

കോഴിക്കോട് നിന്ന് 40 കിലോമീറ്റര്‍ ദൂരം  വയലടയിലേക്കുണ്ട്. ബാലുശ്ശേരിയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ബാലുശ്ശേരിയിൽ നിന്ന് വയലടയിൽ എത്തി അവിടുന്ന് കോട്ടക്കുന്ന് റോഡിലൂടെ മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മുള്ളന്‍പാറയിലെത്താം. മറ്റൊരു വഴി താമരശേരി-എസ്റ്റേറ്റ്മുക്ക്-തലയാടിലൂടെയുള്ളതാണ്. മുള്ളൻപാറയിലേക്ക് കയറണമെങ്കിൽ കോട്ടക്കുന്നില്‍നിന്ന് 500 മീറ്റര്‍ ദൂരം നടക്കാനുണ്ട്. ഇപ്പോൾ വലടയില്‍നിന്ന് കോട്ടക്കുന്നിലേക്ക് ജീപ്പ് സര്‍വീസ് ഉള്ളതിനാൽ നടത്തം ഒഴിവാക്കാം. ബാലുശ്ശേരിയിൽ നിന്നാണ് ഇവിടേക്ക് ബസ് സര്‍വീസുകൾ കൂടുതലുമുള്ളത്.

കോഴിക്കോട്- വയലട കെഎസ്ആർടിസി ബസ് സര്‍വീസുകൾ

കോഴിക്കോട് – വയലട
06:40 am കോഴിക്കോട്
08:20 am വയലട
വയലട – കോഴിക്കോട്
08:30 am വയലട
10:10 am കോഴിക്കോട്
കോഴിക്കോട് – വയലട
03:40 pm കോഴിക്കോട്
05:20 pm വയലട
5:35PM വയലട – താമരശ്ശേരി.