‘സെമിയിലെ വലിയ വിജയവുമായാണ് വരുന്നത്, അതുകൊണ്ട് തന്നെ എല്ലാവരും നല്ല ആത്മവിശ്വാസത്തോടെയാണ് ഫൈനലിനിറങ്ങുന്നത്, ജയിക്കുമെന്ന് തന്നെയാണ് വിശ്വാസം’; ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലിന് തൊട്ടുമുമ്പായി സൗത്ത് സോൺ താരവും കൊയിലാണ്ടിക്കാരനുമായ രോഹൻ എസ്. കുന്നുമ്മൽ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


സ്വന്തം ലേഖകൻ

കൊയിലാണ്ടി: രോഹൻ എസ്. കുന്നുമ്മൽ, കൊയിലാണ്ടിയുടെ സ്വന്തം ക്രിക്കറ്റ് താരം. കിടിലൻ ബാറ്ററായ രോഹനെ വായനക്കാർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. ബാറ്റിങ് മികവിനാൽ ക്രിക്കറ്റിൽ തന്റെതായ ഇടം ഉറപ്പിച്ചു കഴിഞ്ഞ രോഹൻ ഇപ്പോൾ ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്റിൽ സൗത്ത് സോൺ ടീമിന് വേണ്ടി കളിക്കുന്നത്.

സൗത്ത് സോൺ ഫൈനൽ വരെ എത്തിയതിൽ കൊയിലാണ്ടിക്കാരൻ രോഹന് നിർണ്ണായകമായ പങ്കുണ്ട്. രോഹന്റെ മിന്നും ബാറ്റിങ് പ്രകടനങ്ങളാണ് പലപ്പോഴും ടീമിന് അനായാസ വിജയങ്ങൾ സമ്മാനിച്ചത്. സെമി ഫൈനൽ മത്സരത്തിൽ നോർത്ത് സോണിനെ നിലംപരിശാക്കിയാണ് രോഹനും സംഘവും ഇന്ന് ഫൈനലിന് ഇറങ്ങുന്നത്.

നോർത്ത് സോണുമായുള്ള സെമിയിൽ പടുകൂറ്റൻ സ്കോർ ഉയർത്തിയും വിക്കറ്റുകൾ എറിഞ്ഞുവീഴ്ത്തിയും തികച്ചും ആധികാരികമായാണ് രോഹന്റെ ടീം വിജയിച്ചത്. 645 റൺസിന്റെ പടുകൂറ്റൻ സെമി വിജയം ചരിത്രത്തിൽ ഇടംപിടിച്ച് കഴിഞ്ഞു.

ടോസ് നേടിയ സൗത്ത് സോൺ ബാറ്റിങ്ങാണ് തിരഞ്ഞെടുത്തത്. ഒന്നാം ഇന്നിങ്സിൽ 172.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 630 റൺസാണ് സൗത്ത് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നോർത്തിലെ ഒരു താരത്തിന് പോലും ഒന്നാം ഇന്നിങ്സിൽ അർധശതകം പോലും തികയ്ക്കാൻ കഴിഞ്ഞില്ല. 67 ഓവറിൽ 207 റൺസ് എടുക്കുന്നതിനിടെ നോർത്ത് ഓൾ ഔട്ട് ആയി.

രണ്ടാം ഇന്നിങ്സിൽ സൗത്ത് സോൺ 65 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 316 റൺസ് അടിച്ച് കൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നോർത്ത് സോൺ ടീം ദയനീയമായി കടപുഴകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒരു ബാറ്റർ അർധശതകം തികച്ചെങ്കിലും കേവലം 30.4 ഓവറിൽ 94 റൺസിന് ടീം ഓൾ ഔട്ടായി. ടീമിലെ രണ്ട് പേർക്ക് മാത്രമേ റൺസ് രണ്ടക്കം തികയ്ക്കാൻ സാധിച്ചുള്ളൂ.

സൗത്ത് സോണിന്റെ രണ്ട് ഇന്നിങ്സുകളിലും തിളങ്ങുന്ന പ്രകടനമാണ് കൊയിലാണ്ടി മന്ദമംഗലം സ്വദേശി രോഹൻ എസ്. കുന്നുമ്മൽ പുറത്തെടുത്തത്. ആദ്യ ഇന്നിങ്സിൽ പതിനാറ് ഫോറും രണ്ട് സിക്സറുകളുമായി 143 റൺസ് എടുത്തപ്പോൾ രണ്ടാം ഇന്നിങ്സിൽ ഒമ്പത് ഫോറിന്റെയും രണ്ട് സിക്സറുകളുടെയും അകമ്പടിയോടെ 77 റൺസ് അടിച്ചെടുത്തു.

ടീമിന്റെ വിജയശിൽപ്പി എന്ന് നിസ്സംശയം പറയാൻ കഴിയുന്ന രോഹൻ സെമിയിലെ മിന്നും പ്രകടനത്തിന്റെ ആത്മവിശ്വാസവുമായി ദുലീപ് ട്രോഫി ഫൈനൽ മത്സരത്തിന് ഇറങ്ങുകയാണ് ഇന്ന്. കരുത്തരായ വെസ്റ്റ് സോൺ ആണ് എതിരാളികൾ. ഫൈനലിന് ഇറങ്ങുന്നതിന് മുമ്പായി വിജയ പ്രതീക്ഷയും അനുഭവങ്ങളുമെല്ലാം രോഹൻ വായനക്കാരുമായി പങ്കുവയ്ക്കുകയാണ്, കൊയിലാണ്ടി ന്യൂസ് ഡോട് കോമിലൂടെ…

  • ദുലീപ് ട്രോഫിയിൽ വെസ്റ്റ് സോണുമായുള്ള ഫൈനലാണല്ലോ ഇന്ന്. എന്താണ് വിജയപ്രതീക്ഷ? സെമി ഫൈനലിലെ പോലെ രോഹനില്‍ നിന്ന് ഒരു സെഞ്ച്വറി പ്രതീക്ഷിക്കമോ?

അതെ, വെസ്റ്റ് സോണുമായാണ് ഫൈനല്‍ മത്സരം. അവര് മികച്ച ടീമാണ്. പക്ഷേ നമ്മള്‍ അവസാനം കളിച്ച സെമി ഫൈനല്‍ മാച്ചില്‍ ബിഗ് വിന്നായിട്ടാണ് വരുന്നത്. അത് കൊണ്ട് തന്നെ നമ്മുടെ ടീമിലെ എല്ലാവരുടെയും കോണ്‍ഫിഡന്‍സ് ലെവല്‍ ഹൈ ആണ്. തീര്‍ച്ചയായിട്ടും ജയിക്കാന്‍ പറ്റുമെന്ന് തന്നെയാണ് വിശ്വാസം.

പിന്നെ എന്റെ സെഞ്ച്വറി. തീര്‍ച്ചയായും പ്രതീക്ഷിക്കുന്നുണ്ട്…. പക്ഷേ, എന്നാലും നമ്മുടെ കയ്യിലല്ല കാര്യങ്ങള്. എന്ത് സംഭവിക്കും എന്ന് നമുക്ക് ഒരിക്കലും പ്രെഡിക്റ്റ് ചെയ്യാന്‍ പറ്റില്ല. അപ്പൊ എന്താ സംഭവിക്കുക എന്ന് മാച്ച് കഴിഞ്ഞാല്‍, അല്ലെങ്കില്‍ മാച്ച് നടന്നോണ്ട് നില്‍ക്കുമ്പഴല്ലേ പറയാന്‍ പറ്റൂ. എന്തായാലും എന്റെ ബെസ്റ്റ് ഞാന്‍ എല്ലാ ദിവസവും ഗ്രൗണ്ടില് കൊടുക്കും.

  • നോര്‍ത്ത് സോണിനെതിരായ സെമി ഫൈനലില്‍ ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സില്‍ അര്‍ധസെഞ്ച്വറിയും രോഹന്‍ നേടി. മിന്നുന്ന പ്രകടനം കാഴ്ച വച്ച ആ മാച്ചിനെ കുറിച്ച് എന്താണ് പറയാനുള്ളത്?

നോര്‍ത്ത് സോണുമായുള്ള സെമി ഫൈനല്‍ നല്ലൊരു മാച്ച് ആയിരുന്നു. ഇത്ര വലിയൊരു വിജയം കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചില്ല… 635 റണ്‍സിന്റെ വിജയമൊന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സെഞ്ച്വറി അടിക്കും, അല്ലെങ്കില്‍ സെക്കന്റ് ഇന്നിങ്‌സില്‍ ഹാഫ് സെഞ്ച്വറി അടിക്കും എന്നൊന്നും പ്രതീക്ഷിച്ചല്ല ഞാന്‍ കളിക്കാനിറങ്ങിയത്. ബാറ്റ് ചെയ്‌തോണ്ടിരുന്നപ്പൊ നല്ല പ്രഷര്‍ ഉണ്ടായിരുന്നു. ഇത്രേം ബിഗ് പ്ലയേഴ്‌സിന്റെ കൂടെ കളിക്കുമ്പൊ ഉണ്ടാവുന്ന എല്ലാവര്‍ക്കും ഉണ്ടാവുന്ന ഒരു മെന്റല്‍ പ്രഷര്‍, ഇനീഷ്യലി അതുണ്ടായിരുന്നു. പിന്നെ നന്നായി ബാറ്റ് ചെയ്ത് തുടങ്ങിയപ്പൊ അത് ഓട്ടോമാറ്റിക് ആയി കുറഞ്ഞു. പിന്നെ, സെക്കന്റ് ഇന്നിങ്‌സ് നല്ല കോണ്‍ഫിഡന്റായി തന്നെയാണ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. ഫസ്റ്റ് ഇന്നിങ്‌സില്‍ അത്രേം റണ്‍സ് അടിച്ചതിന്റെ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു.

  • സെമിയിലെ ഒന്നാം ഇന്നിങ്സില്‍ രോഹന് പുറമെ മറ്റ് രണ്ട് പേര്‍ കൂടി സെഞ്ച്വറി നേടി. രണ്ടാം ഇന്നിങ്സില്‍ സൗത്ത് സോണിന്റെ രവിതേജ സെഞ്ച്വറി നേടി, രോഹന്‍ ഉള്‍പ്പെടെയുള്ള ബാറ്റര്‍മാര്‍ മികച്ച പ്രകടനം കാഴ്ച വച്ചു. എന്നാല്‍ നോര്‍ത്ത് സോണ്‍ ടീമിന് ഒന്നാം ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും തിളങ്ങാന്‍ കഴിഞ്ഞില്ല. രോഹന്റെ ടീമായ സൗത്ത് സോണിന്റെ ബോളിങ്, ബാറ്റിങ്, ഫീല്‍ഡിങ് തുടങ്ങി എല്ലാ കളിക്കാരും മികച്ച പ്രകടനം കാഴ്ച വച്ചതിനാലാണോ ഇത്?

തീര്‍ച്ചയായും… നമ്മുടെ ടീമിന്റെ ബാറ്റിങ്ങായാലും ബോളിങ്ങായാലും ഫീല്‍ഡിങ്ങായാലും ഗ്രൗണ്ടിലുള്ള ആറ്റിറ്റ്യുടായാലും ഉഗ്രനായിരുന്നു. നമ്മുടെ ടീമിലെ സായി കിഷോറും കൃഷ്ണപ്പ ഗൗതം ചേട്ടനുമെല്ലാം ഉഗ്രനായി ബോളെറിഞ്ഞു. അത് കൊണ്ടാണ് നമുക്ക് അവരെ അത്രേം ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ കഴിഞ്ഞത്. അതേസമയം, നോര്‍ത്ത് സോണ്‍ നല്ല മികച്ച ടീം തന്നെയാണ്. ഇന്റര്‍നാഷണല്‍ കളിക്കുന്ന ഒരുപാട് പ്ലയേഴ്‌സ് അതിലുണ്ട്.

പക്ഷേ ചില ദിവസങ്ങള്‍ അങ്ങനെയാണ് ചില ടീമിന്. വിചാരിക്കുന്ന അത്ര പെര്‍ഫോമന്‍സ് വരണമെന്നില്ല. ഇത് ക്രിക്കറ്റാണ്, എന്തും സംഭവിക്കാം. എന്തായാലും നമ്മുടെ ബോളേഴ്‌സിന്റെത് ഉഗ്രന്‍ എഫേര്‍ട്ട് ആയിരുന്നു. ഒരു മാച്ച് ജയിക്കണമെങ്കില്‍ തീര്‍ച്ചയായും ബോളേഴ്‌സ് ആ 20 വിക്കറ്റ് എടുക്കണം. So, they did really well…really good job.

  • സൗത്ത് സോണ്‍ ടീമില്‍ മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി, മനീഷ് പാണ്ഡേ പോലുള്ള സീനിയര്‍ താരങ്ങളോടൊപ്പമാണ് കളിക്കുന്നത്. മറ്റ് ടീമുകളിലും സീനിയേഴ്സ് ഒരുപാടുണ്ട്. ദുലീപ് ട്രോഫി ടൂര്‍ണ്ണമെന്റില്‍ അവരോടൊപ്പമുള്ള അനുഭവം?

ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന സീനിയര്‍ പ്ലയേഴ്‌സിന്റെ കൂടെ കളിക്കാന്‍ പറ്റുക എന്ന് പറഞ്ഞാ തന്നെ വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. അവരുടെ കൂടെ ആ ഡ്രസ്സിങ് റൂം ഷെയര്‍ ചെയ്യുമ്പൊഴൊക്കെ ഓട്ടോമാറ്റിക്കായിട്ട് നമ്മടെ പോസിറ്റീവ് എനര്‍ജിയും കോണ്‍ഫിഡന്‍സ് ലെവലുമൊക്കെ ഹൈ ആകും. നമുക്ക് അത് ഫീല്‍ ചെയ്യും. അവരുടെ കൂടെ നടക്കുമ്പോഴും അവര് പറയുന്ന കാര്യങ്ങള് കേള്‍ക്കുമ്പോഴുമെല്ലാം നമ്മുടെ ഉള്ളിലുള്ള പ്ലയര്‍ ഓട്ടോമാറ്റിക്കായി ഇംപ്രൂവ് ചെയ്‌തോണ്ടിരിക്കും. സോ, ഭയങ്കര നല്ല എക്‌സ്പീരിയന്‍സ് ആണ്.

സൗത്ത് സോണ്‍ ടീം


ഒരുപാട് പേരുമായി സംസാരിക്കാന്‍ പറ്റി. ഗ്രൗണ്ടില്‍ ബാറ്റിങ്ങിന്റെ ഇടയിലും പുറത്തുമെല്ലാം… ബാറ്റ് ചെയ്‌തോണ്ടിരിക്കുമ്പൊ മായങ്ക് ഭായിയൊക്കെ എന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിരുന്നു. വിഹാരി ഭായിയായാലും…എല്ലാവരും നല്ലോണം സപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു. As I’m a junior, അവര് എന്റെ കൂടെ നിന്ന് I mean, പറഞ്ഞ് കളിപ്പിക്കുന്നുണ്ടായിരുന്നു. അതെല്ലാം വളരെ നല്ല എക്‌സ്പീരിയന്‍സ് ആയിരുന്നു.

  • രോഹന്റെ ഭാവി പ്രതീക്ഷകള്‍? ഐ.പി.എല്‍ ഉള്‍പ്പെടെയുള്ള ടൂര്‍ണ്ണമെന്റുകളില്‍ രോഹന്റെ തകര്‍പ്പന്‍ ബാറ്റിങ് ഞങ്ങള്‍ക്ക് പ്രതീക്ഷിക്കാമോ?

ഭാവി…. Obviously ഇന്ത്യന്‍ ടീമില് കളിക്കണം, അല്ലെങ്കില് ഐ.പി.എല്ലില് കളിക്കണം എന്ന് തന്നെയാണ് ആഗ്രഹം. തീര്‍ച്ചയായും കളിക്കാന്‍ പറ്റുമെന്ന് തന്നെയാണ് വിശ്വാസം. But ഞാന്‍ നേരത്തേ പറഞ്ഞത് പോലെ ഫ്യൂച്ചറിന്റെ കാര്യം നമുക്ക് ഒന്നും പ്രെഡിക്റ്റ് ചെയ്യാന്‍ പറ്റില്ല. നമ്മള് ആഗ്രഹിക്കുക. നമ്മള് ചെയ്യേണ്ട കാര്യങ്ങള് കറക്റ്റായിട്ട് ചെയ്ത് കഴിഞ്ഞാ, തീര്‍ച്ചയായിട്ടും…ഇന്ത്യയ്ക്ക് വേണ്ടി റെപ്രസന്റ് ചെയ്യാനും ഇന്ത്യയ്ക്ക് വേണ്ടി കളികള്‍ ജയിപ്പിക്കാനും സാധിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. അത് തന്നെയാണ് എന്റെ ആഗ്രഹവും.