”ചക്കിട്ടപ്പാറയില്‍ ഇനിയൊരു പേപ്പട്ടി ആക്രമണമുണ്ടായാലും അതിനെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടും, നരിനടയില്‍ പട്ടിയെ വെടിവെച്ചുകൊന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറില്ല” ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ സംസാരിക്കുന്നു


ക്കിട്ടപ്പാറയിലെ നരിനടയില്‍ നിരവധി പേരെ ആക്രമിച്ച് ഭീതിപടര്‍ത്തിയ പേപ്പട്ടിയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവ് നല്‍കിയ ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ നിലപാട് വലിയ ചര്‍ച്ചയായിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് താന്‍ ചെയ്തതെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തുതന്നെയായാലും നേരിടാന്‍ തയ്യാറാണെന്നും കെ.സുനില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. പേപ്പട്ടിയെക്കൊല്ലാന്‍ ഉത്തരവിട്ട സുനിലിനെതിരെ ഹൈക്കോടതിയില്‍ പരാതി വന്നതിന്റെ അടിസ്ഥാനത്തില്‍ നിയമനടപടി നേരിടുകയാണ് സുനിലിപ്പോള്‍. ഈ സാഹചര്യത്തില്‍ അന്നത്തെ സംഭവത്തെക്കുറിച്ചും കേസിനെക്കുറിച്ചും സുനില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു സംസാരിക്കുന്നു.

  • നിരവധി പേരെ ആക്രമിച്ച പേപ്പട്ടിയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിട്ടതിനു പിന്നാലെ എന്തൊക്കെയാണ് സുനിലിന് നേരിടേണ്ടിവന്നത്? ഇതുമായി ബന്ധപ്പെട്ട് എത്ര പരാതികളാണ് സുനിലിനെതിരെ വന്നിട്ടുള്ളത്? എന്തായിരുന്നു അവരുടെ വാദം?

മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ എന്നവകാശപ്പെട്ട് ചിലര്‍ വിളിച്ചിരുന്നു. പേപ്പട്ടിയെ കൊല്ലാന്‍ എന്തിന് ഉത്തരവിട്ടുവെന്നാണ് അവരുടെ ചോദ്യം. ഞാന്‍ എന്റെ വിശദീകരണം നല്‍കി. ഇതുമായി നിരവധി പരാതികളാണ് എനിക്കെതിരെ വന്നത്. ആനില്‍ വെല്‍ഫെയര്‍ ബോര്‍ഡാണ്് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തിട്ടുണ്ട്. എന്റെ നിര്‍ദേശപ്രകാരമാണ് പേപ്പട്ടിയെ വെടിവെച്ചത് എന്ന് മൊഴിനല്‍കിയിട്ടുണ്ട്. ഇനി തുടര്‍നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് നേരിടാന്‍ ഞാന്‍ തയ്യാറാണ്.

പേപ്പട്ടിയെ വെടിവെച്ചുകൊല്ലാന്‍ പാടില്ല, കൂട്ടിലടച്ചിട്ട് ചികിത്സ നല്‍കുകയാണ് വേണ്ടതെന്നാണ് എനിക്കെതിരെ പരാതി നല്‍കിയവരുടെ വാദം. ആ പേപ്പട്ടിയെ ആ സമയത്ത് വെടിവെച്ചില്ലായിരുന്നെങ്കില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് കടിയേല്‍ക്കുമായിരുന്നു. എല്‍.പി. സ്‌കൂളിന്റെ നേരെ മുറ്റത്താണ് ആ പട്ടി ഭീകരത വിതച്ചത്. ആ വെടിവെപ്പ് അന്ന് നടന്നില്ലായിരുന്നെങ്കില്‍ വലിയ ദുരന്തമുണ്ടായേനെ.

പേപ്പട്ടികളെ പൂര്‍ണമായി നശിപ്പിച്ചില്ലെങ്കില്‍ നാട്ടില്‍ ഇത് വലിയ സാമൂഹിക പ്രശ്‌നമായി മാറും.

  • നിയമനടപടികളെ എങ്ങനെ നേരിടാനാണ് ഉദ്ദേശിക്കുന്നത്?

മൊഴിയുടെ അടിസ്ഥാനത്തില്‍ എനിക്കെതിരെ കേസെടുക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ നിയമപരമായി തന്നെ മുന്നോട്ടുപോകും. മനുഷ്യന്റെ ജീവനും സ്വത്തിനും അപകടമുണ്ടാകുന്ന സമയത്ത് പഞ്ചായത്തീരാജ് നിയമപ്രകാരം പ്രസിഡന്റിന് ഇടപെടാം. അത് നിയമപരമായ ചുമതലയാണ്. ആ ചുമതല നിര്‍വഹിക്കുകയാണ് ഞാന്‍ ചെയ്തത് എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കും.

  • ഈ വിഷയത്തില്‍ പ്രതിപക്ഷ കക്ഷികളുടെയും പ്രദേശവാസികളുടെയും നിലപാട് എന്താണ്? പ്രസിഡന്റിന് ഇവരുടെ പിന്തുണയുണ്ടോ?

തീര്‍ച്ചയായും. ചക്കിട്ടപ്പാറയിലെ അന്നത്തെ സാഹചര്യത്തിന്റെ ഭീകരത അവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ പ്രദേശവാസികളുടെ നല്ല പിന്തുണയുണ്ട്.

  • ഇനിയൊരിക്കല്‍ കൂടി ചക്കിട്ടപ്പാറയില്‍ നരിനടയിലുണ്ടായതിനു സമാനമായ രീതിയില്‍ പേപ്പട്ടി ആക്രമണമുണ്ടാവുകയാണെങ്കില്‍ എന്തായിരിക്കും താങ്കളുടെ നിലപാട്?

ആ പട്ടിയെ കൊല്ലാന്‍ ഉത്തരവിടുക തന്നെ ചെയ്യും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്നതിന് തന്നെയായിരിക്കും മുന്‍ഗണന നല്‍കുക.