പുതിയ കെട്ടിടം തുറന്നു, വികസന പ്രവൃത്തികള്‍ക്കും തുടക്കം; അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാന്‍ കൊയിലാണ്ടി ഐ.ടി.ഐ, പുതിയ ട്രേഡുകള്‍ അനുവദിക്കുന്നത് അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്


കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഐ ടി ഐയില്‍ പുതിയ ട്രേഡുകള്‍ അനുവദിക്കുന്നത് അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി മന്ത്രി വി.ശിവന്‍കുട്ടി. ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടത്തിന്റെയും വികസന പ്രവൃത്തികളുടെയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴില്‍ വൈദഗ്ദ്ധ്യ രംഗത്ത് മുന്നേറ്റത്തിന്റെ പുതിയ സാധ്യതകളാണ് സര്‍ക്കാര്‍ ഒരുക്കിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാനത്തില്‍ ജമീല എം എല്‍എ അധ്യക്ഷത വഹിച്ചു.

1986 ല്‍ ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഫിറ്റര്‍ എന്നീ 2 ട്രേഡുകളോട് കൂടി മൂന്നര ഏക്കറില്‍ പ്രവര്‍ത്തനമാരംഭിച്ച കൊയിലാണ്ടി ഗവ. ഐ ടി ഐയില്‍ സര്‍ക്കാരിന്റെ കിഫ്ബി ഫണ്ടില്‍ നിന്നും നാല് കോടി നാല്‍പത് ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത്. ഒന്നാം ഘട്ടത്തില്‍ നിര്‍മ്മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, സെമിനാര്‍ ഹാള്‍, സ്മാര്‍ട്ട് ക്ലാസ്സ് റൂം, സെക്യൂരിറ്റി ക്യാബിന്‍, ക്യാമ്പസ് റോഡ്, സി.സി.റ്റി.വി. സര്‍വയലന്‍സ് സിസ്റ്റം എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അഗ്നിരക്ഷാ സംവിധാനങ്ങളും, 100 കിലോവാട്ട് ജനറേറ്ററും സ്ഥാപിച്ചിട്ടുണ്ട്. കാന്റീന്‍ സൗകര്യം, പ്രൊഡക്ഷന്‍ സെന്റര്‍ കൂടാതെ ഒരു ലക്ഷം ലിറ്റര്‍ മഴവെള്ള സംഭരണി, ബയോഗ്യാസ് പ്ലാന്റ്, തുടങ്ങിയവയും ക്യാമ്പസില്‍ നിര്‍മ്മിച്ചിട്ടുണ്ട്.

കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് മുഖ്യാതിഥിയായി. കെ.എ.എസ്.ഇ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ടി.പി വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, പയ്യോളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍, കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ സത്യന്‍, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ ഷിജു, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ട്രെയിനിങ് കെ.പി.ശിവശങ്കരന്‍ സ്വാഗതവും ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ പി പ്രമോദ്കുമാര്‍ നന്ദിയും പറഞ്ഞു.