ഭക്തരുടെ കാണിക്കപ്പണം ജീവനക്കാരി മോഷ്ടിച്ചെന്ന ആരോപണം: നടപടിവേണമെന്ന ആവശ്യത്തിലുറച്ച് ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍, അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് തള്ളി; നടപടി വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു


കൊല്ലം: പിഷാരികാവ് ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നെണ്ണുമ്പോള്‍ പണം മോഷ്ടിച്ചുവെന്ന ആരോപണം നേരിട്ട ജീവനക്കാരിയ്‌ക്കെതിരായ നടപടി എടുക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച നടന്ന ട്രസ്റ്റി ബോര്‍ഡ് മീറ്റിങ്ങില്‍ പങ്കെടുത്ത അംഗങ്ങളില്‍ ഒരാളൊഴികെ മറ്റെല്ലാവരും ജീവനക്കാരിയ്‌ക്കെതിരെ നടപടിവേണം എന്ന ആവശ്യത്തില്‍ ഉറച്ചുനിന്നതായാണ് വിവരം. ഇക്കാര്യത്തില്‍ കൃത്യമായി തീരുമാനം എടുക്കാതെയാണ് യോഗം പിരിഞ്ഞത്.

ജീവനക്കാരിയ്‌ക്കെതിരായ ആരോപണം പരിശോധിക്കാന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചയായിരുന്നു. ഈ അന്വേഷണം വെറും പ്രഹസനമാണെന്നും റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലയെന്നുമാണ് ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടതെന്ന് യോഗത്തില്‍ പങ്കെടുത്ത ഇളയെടുത്ത് വേണുഗോപാലും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കൊട്ടിലകത്ത് ബാലന്‍ നായരും കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. വാലും തലയുമില്ലാത്ത അന്വേഷണ കമ്മീഷനാണിതെന്നും ഈ റിപ്പോര്‍ട്ട് ബോര്‍ഡ് തള്ളിയെന്നുമാണ് ഇവര്‍ പറഞ്ഞത്.

എന്നാല്‍ ബോര്‍ഡ് ജീവനക്കാരിയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടും എക്‌സിക്യുട്ടീവ് ഓഫീസര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഇത് സംബന്ധിച്ച തുടര്‍നടപടികളില്‍ ഇപ്പോഴും അവ്യക്ത തുടരുകയാണ്. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമേ തീരുമാനമെടുക്കൂവെന്നാണ് എക്‌സിക്യുട്ടീവ് ഓഫീസര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.

ജീവനക്കാരിയ്‌ക്കെതിരായ നടപടി വൈകിപ്പിക്കുന്നത് അവരെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആക്ഷേപം ക്ഷേത്രത്തിലെ ജീവനക്കാര്‍ക്കിടയില്‍ ശക്തമാണ്. അവരെ തിരിച്ചെടുക്കാനാണ് നീക്കമെങ്കില്‍ സന്ധ്യസന്ധമായി ജോലി ചെയ്യുന്ന ജീവനക്കാരോടുള്ള വെല്ലുവിളിയാവും അതെന്നും ജീവനക്കാര്‍ പറയുന്നു.

അതിനിടെ, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളും കാണുന്നതിനു മുമ്പ് ട്രസ്റ്റി ബോര്‍ഡ് യോഗത്തില്‍ റിപ്പോര്‍ട്ട് വെക്കുന്നതിന് മുമ്പ് അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ട് ആരോപണ വിധേയയായ ജീവനക്കാരിയ്ക്ക് റിപ്പോര്‍ട്ടിന്റെ കോപ്പി ലഭിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന വിമര്‍ശനം ശക്തമാണ്. ഇത് ബോര്‍ഡ് അംഗങ്ങള്‍ക്കിടയില്‍ തന്നെ വലിയ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. പ്രസ്തുത റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി താന്‍ നിരപരാധിയാണെന്ന വാദം ജീവനക്കാരി ഉന്നയിക്കുകയും ചെയ്തിരുന്നു.