വരൂ, ഈ മനോഹര തീരത്തേക്ക്; സഞ്ചാരികളെക്കാത്ത് കരിമ്പാറകളുടെ തീരമായ കൊല്ലം പാറപ്പള്ളി


എ.സജീവ് കുമാര്‍

കൊയിലാണ്ടി ചരിത്രവും സംസ്‌കാരവും മിത്തും ചേര്‍ന്ന് കടല്‍ കാറ്റേറ്റ് സ്വപ്നം കണ്ടുറങ്ങുന്ന കരിമ്പാറകളുടെ തീരമായ കൊല്ലം പാറപ്പള്ളി കടലോരം വിനോദ സഞ്ചാരികളുടെ പറുദീസയാകുന്നു. മഴ മാറി നിന്നതോടെ ആയിരക്കണക്കിന് സഞ്ചാരികളാണ് ഈ തീരം സന്ദര്‍ശിക്കാനെത്തുന്നത്. ലോക ടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാനം പിടിച്ച കാപ്പാടിനും ലോകം ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന ഇരിങ്ങല്‍ കരകൗശല ഗ്രാമത്തിനും ഏതാണ്ട് മധ്യേയാണ് ഈ മോഹതീരം. കൊയിലാണ്ടി വടകര റൂട്ടില്‍ ഏതാണ്ട് രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ച് എത്തുന്ന കൊല്ലം ടൗണില്‍ നിന്ന് ഏതാണ്ട് അര കിലോമീറ്റര്‍ പടിഞ്ഞാറോട്ട് സഞ്ചരിച്ചാല്‍ ഈ ആത്മീയ തീരത്തിലെത്താം.

ഇസ്ലാം മതവിശ്വാസികളുടെ പ്രധാന ആരാധനാ കേന്ദ്രമായ പാറപ്പള്ളിയോട് ചേര്‍ന്നാണ് മനോഹരമായ കടലോരം. കടലില്‍ ഈ ഭാഗം മുഴുവന്‍ വെള്ളത്തിനു മുകളില്‍ പൊന്തി കിടക്കുന്നതു പോലെ കരിമ്പാറകള്‍ കാണാം. കടലിന് തൊട്ടടുത്ത് ഉയര്‍ന്ന കുന്നിലാണ് പാറപ്പള്ളി. 18 ഏക്കറോളമുള്ള കുന്ന് മയ്യത്ത് കുന്ന്, കൗലമല എന്നിങ്ങനെ അറിയപ്പെടുന്നു. കുന്നിന്‍ മുകളില്‍ സഹാബത്തുക്കളുടെ (പ്രവാചകന്റെ കൂടെ കഴിഞ്ഞവരുടെ ) താണെന്ന് വിശ്വസിക്കുന്ന 14 മഖ്ബറ (കല്ലറ)കളുണ്ട്. ഇസ്ലാം മത പ്രചാരണത്തിന് ഇവിടെ എത്തിച്ചേര്‍ന്ന മത പണ്ഡിതനും പ്രബോധകനുമായ തമിമുല്‍ അന്‍സാരിയുടെയും അബ്ദുള്ള ഹിബനുദിനാരിയുടേയും കല്ലറകള്‍ ഉള്‍പ്പെടുന്നുണ്ടെന്ന് വിശ്വസിക്കുന്നവര്‍ ഖബറിടങ്ങള്‍ സന്ദര്‍ശിക്കാനും സിയാറത്തിനുമായി ഇവിടെയെത്താറുണ്ട്. സംസ്ഥാനത്തിനകത്തുനിന്നും പുറത്തു നിന്നുമായി അനേകായിരങ്ങളാണ് ഇവിടെ എത്താറുള്ളത്.

നിസ്‌കാരത്തിന് തുറന്നുകൊടുക്കാത്ത ഔലിയാ പള്ളിയും മുനമ്പത്ത് പള്ളിയും ഇവിടെയുണ്ട്. പള്ളിക്ക് താഴെ കടലോരത്ത് പാറക്കെട്ടുകള്‍ക്കിടയില്‍ ഒഴുകിയെത്തുന്ന തെളിനീരുറവയായ ഔലിയാ വെള്ളം തേടി നിരവധി വിശ്വാസികള്‍ ഇവിടെ എത്തിച്ചേരുന്നു.കടലിന് തൊട്ടടുത്തായിട്ടും ഈ ജലത്തിന് ഉപ്പുരസമില്ലെന്ന് വിശ്വാസികള്‍ പറയുന്നു. കണ്ണിനും മനസിനും കുളിരേകുന്ന, കടലിലേക്കിറങ്ങി നില്‍ക്കുന്ന പാറക്കൂട്ടങ്ങളില്‍ രാത്രി വൈകും വരെ കഴിച്ചുകൂട്ടുന്ന സഞ്ചാരികളെ ഇവിടെ കാണാം. കോളം കടപ്പുറമെന്ന് ചരിത്രത്തില്‍ വിശേഷിപ്പിച്ച ഈ തീരത്ത് പ്രാചീന കാലത്ത് നിരവധി പത്തേമാരികള്‍ എത്തിയിരുന്നു.

ഇതിന്റെ തൊട്ട് തെക്കുഭാഗത്താണ് പോര്‍ച്ചുഗീസുകാരും കുഞ്ഞാലിയുമായുണ്ടായ ഏറ്റുമുട്ടലില്‍ മിക്കതും നടന്നതെന്ന് ചരിത്രം പറയുന്നു. സഞ്ചാരിയായ ഇബ്‌നുബത്തൂത്ത 40 ദിവസത്തോളം ഈ മേഖലയില്‍ താമസിച്ചിട്ടുണ്ട്. വാണിജ്യ തുറമുഖത്തിന്റെ ശേഷിപ്പുകളുള്ള ഈ തീരം പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തിക്കൊണ്ടിരിക്കയാണ്.