കല്ലിടാതെ ആധുനിക സംവിധാനമുപയോഗിക്കും; സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍


കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ.റെയില്‍ പദ്ധതി യഥാര്‍ത്ഥ്യമാക്കും. കല്ലിടാതെ ആധുനിക സംവിധാനമുപയോഗിച്ച് സര്‍വേ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുമായി യുദ്ധം ചെയ്തല്ല, ജനങ്ങളെ സഹകരിപ്പിച്ചാണ് പദ്ധതി നടപ്പാക്കുകയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ഭൂമി നഷ്ടപ്പെടുന്നവരുടെ കൂടെ സര്‍ക്കാറുണ്ടാകും. വീട് നഷ്ടപ്പെടുന്നവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

കെ റെയില്‍ വന്നാല്‍ കേരളം വികസിത സംസ്ഥാനമാറും. എല്‍.ഡി.എഫിന് സ്വീകാര്യത വര്‍ധിക്കും. അതിനാല്‍ ഇത് തടയുക എന്ന ഉദ്ദേശത്തോടെ വിമോചന സമരം എന്ന രീതിയില്‍ സമരം സംഘടിപ്പിക്കാന്‍ എതിരാളികള്‍ രംഗത്തിറങ്ങി. എന്നാല്‍ ഇടതുസര്‍ക്കാര്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയില്‍ രണ്ടാഴ്ച നീണ്ട ചികിത്സയ്ക്കു ശേഷം നാട്ടില്‍ തിരിച്ചെത്തിയ കോടിയേരി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയാണ്. വരും ദിവസങ്ങളില്‍ തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും അദ്ദേഹമെത്തും.