രോഗം ശരീരത്തെ തളര്‍ത്തിയപ്പോള്‍ മനക്കരുത്ത് കൊണ്ട് ജീവിതത്തില്‍ മുന്നേറാമെന്ന് കാണിച്ച കീഴരിയൂരുകാരി; ശാരികയെ കീഴരിയൂരിലെ വീട്ടില്‍ സന്ദര്‍ശിച്ച് കെ.കെ.ശൈലജ ടീച്ചര്‍


കീഴരിയൂര്‍: വടകര ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കീഴരിയൂരിലെത്തിയ ശൈലജ ടീച്ചര്‍ കീഴരിയൂരുകാരി ശാരികയെ കാണാന്‍ മറന്നില്ല. ജീവിതത്തില്‍ ഒരിക്കല്‍ പോലും തോല്‍ക്കാന്‍ തയ്യാറാവാത്തവരുടെ പ്രതിനിധിയാണ് ശാരിക. സെറിബ്രല്‍ പാള്‍സി രോഗ ബാധിതയായ ശാരികയ്ക്ക് വീല്‍ചെയറിന്റെ സഹായമില്ലാതെ ചലിക്കാനാവില്ല. എന്നാല്‍ തന്റെ ശാരീരിക ബുദ്ധിമുട്ടുകളെ മനക്കരുത്ത് കൊണ്ട് നേരിട്ട് മാതൃകയാവുകയാണ് ഈ പെണ്‍കുട്ടി.

ഇന്ന് ഐ.എ.എസ് എന്ന ലക്ഷ്യത്തിനരികിലാണ് ശാരിക. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നീ കടമ്പകളെല്ലാം കഴിഞ്ഞ് ഫലം പ്രതീക്ഷിച്ചിരിപ്പാണ്. ശാരീരിക പരിമിതികളുള്ളതിനാല്‍ ഓണ്‍ലൈന്‍ ആയായിരുന്നു പഠനവും പരിശീലനവുമെല്ലാം. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.

ശൈലജ ടീച്ചറെ കണ്ടപ്പോള്‍ ശാരിക മനസിലെ സന്തോഷം മറച്ചുവെച്ചില്ല. ഇരുവരും ഏറെ നേരം സംസാരിച്ചു. കീഴരിയൂരിലെ പ്രചരണത്തിനിടെ സംസ്‌കൃത കോളേജും ടീച്ചര്‍ സന്ദര്‍ശിച്ചു.

കീഴരിയൂര്‍ മാവിന്‍ചുവട് സ്വദേശിയായ ശശിയുടെയും രാഗിയുടെയും മകളാണ് ശാരിക.