ചൂടാണ് ഫ്രിഡ്ജ് ഇല്ലാതെ പറ്റില്ല! പേരാമ്പ്ര ചെമ്പനോടയിൽ ഫ്രിഡ്ജിന് അടിയിൽ തണുപ്പ് തേടിയെത്തിയ അതിഥിയെ കണ്ട് ഞെട്ടി വീട്ടുകാർ


പേരാമ്പ്ര: വേനൽക്കാലത്ത് തണുപ്പ് തേടി അപ്രതീക്ഷിതമായി വീട്ടിലെത്തിയ അതിഥിയെ കണ്ട് ഞെട്ടി വീട്ടുകാർ. ഫ്രിഡ്ജിനടിയിൽ ഒളിച്ചിരുന്ന രാജവെമ്പാലയാണ് വീട്ടുകാരെ പൊല്ലാപ്പിലാക്കിയത്. കഴിഞ്ഞ ദിവസം ചക്കിട്ടപാറ ചെമ്പനോടയിലാണ് സംഭവം.

ചെമ്പനോടയിലെ അമ്മ്യാംമണ്ണ് പുത്തൻപുരയിൽ ബാബുവിന്റെ വീട്ടിലെ റഫ്രിജറേറ്ററിനടിയിലാണ് മൂന്ന് മീറ്ററിലധികം നീളമുള്ള രാജവെമ്പാല കയറികൂടിയത്. തുടർന്ന് വീട്ടിലെ വളർത്തുപൂച്ച സമീപത്തെ ടിവിക്കരികിൽ നിന്ന് ഫ്രിഡ്ജിനടിയിലേക്ക് നോക്കി ഒച്ചവെച്ചതോടെയാണ് അതിഥി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ പെരുവണ്ണാമുഴി ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം നൽകി.

പാമ്പ് പിടിത്തക്കാരൻ സുരേന്ദ്രൻ കരിങ്ങാട് എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്. പാമ്പിനെ വന്യജീവി പരിപാല നകേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കയാണ്.