ചാമ്പ്യന്മാരായി ഫീനിക്സ് തിരുവങ്ങൂർ; സ്വാഭിമാന സായാഹ്നത്തോടെ ചേമഞ്ചേരിയിൽ കേരളോത്സവത്തിന് സമാപനം


ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി സ്വാഭിമാന സായാഹ്നം സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ ക്ലബ്ബുകൾ തമ്മിൽ മാറ്റുരച്ച കേരളോത്സവത്തിന്റെ സമാപനം കുറിച്ചായിരുന്നു സ്വാഭിമാന സായാഹ്നം. പരിപാടി സിനിമ നടനും സംവിധായകനുമായ നൗഷാദ് ഇബ്ബ്രാഹിം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. ദഫ് മുട്ട് ആചാര്യനും, ഫോക്‌ലോർ അക്കാദമി വൈസ് പ്രസിഡന്റുമാ യി തെരഞ്ഞെടുക്കപ്പെട്ട കോയ കാപ്പാട്, മികച്ച പ്രിസണർക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം ലഭിച്ച കെ ചിത്രൻ, നമിതം പുരസ്‌കാര ജേതാവ് യു കെ രാഘവൻ മാസ്റ്റർ, സംസ്ഥാനത്ത് മികച്ച എൻ എസ് എസ് വളണ്ടിയർക്കുള്ള പുരസ്‌കാരം ലഭിച്ച ആര്യ തുടങ്ങിയവരേയും കേരളോത്സവത്തിൽ വിവിധ മത്സരങ്ങളിൽ ജേതാക്കളായവരേയുമാണ് അനുമോദിച്ചു.

ശ്രീ കന്മന ശ്രീധരൻ മാസ്റ്റർ ആദരഭാഷണം നടത്തി. പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്നഫ് കെ കേരളോത്സവപ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 28 ക്ലബ്ബുകൾ മത്സരിച്ച കേരളോത്സവത്തിൽ ഫീനിക്സ് തിരുവങ്ങൂർ ചാമ്പ്യന്മാർ ആയി. പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ സ്വാഗതവും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അതുല്യ ബൈജു നന്ദിയും പറഞ്ഞു.

Summary: keralolsavam concludes in Chemanchery panchyat