”ഗതാഗത തടസ്സത്തിനും അപകടത്തിനും സാധ്യത കുറയും, മറ്റൊരു ദിശയില്‍ വരുന്ന വാഹനത്തെ മറികടക്കാതെ വാഹനങ്ങള്‍ക്ക് പോകാം” ; കേരളത്തിലെ ആദ്യ ട്രംപറ്റ് ഫ്‌ളൈ ഓവര്‍ കോഴിക്കോട്


കോഴിക്കോട്: പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയുടെ ഭാഗമായി നിര്‍മ്മിക്കുന്ന കേരളത്തിലെ ആദ്യ ട്രംപറ്റ് ഫ്‌ളൈഓവറിനായി കോഴിക്കോട് സ്ഥലമേറ്റെടുക്കല്‍ നടപടി തുടങ്ങി. ഒളവണ്ണ വില്ലേജിലെ ഇരിങ്ങല്ലൂരില്‍ 18 ഹെക്ടര്‍ സ്ഥലത്താണ് ട്രംപറ്റ് ഫ്‌ലൈഓവര്‍ നിര്‍മ്മിക്കുന്നത്. ഇതിന്റെ കല്ലിടല്‍ പൂര്‍ത്തിയായി. സര്‍വേ തിങ്കളാഴ്ച ആരംഭിക്കുമെന്ന് ദേശീയപാത ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

ഒരു ദിശയില്‍ നിന്നു വരുന്ന വാഹനത്തിന് മറ്റൊരു ദിശയില്‍ നിന്നു വരുന്ന വാഹനത്തെ മറികടക്കാതെ ഏത് ഭാഗത്തേക്കും പോകാന്‍ കഴിയുമെന്നതാണ് ട്രംപറ്റ് ഫ്‌ലൈഓവറിന്റെ പ്രത്യേകത.

കോഴിക്കോട് ജില്ലയില്‍ പെരുമണ്ണ, ഒളവണ്ണ വില്ലേജ് പരിധികളിലൂടെ മാത്രമാണ് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത കടന്നുപോകുന്നത്. ജില്ലയില്‍ ആകെ 6.6 കി മി ദൈര്‍ഘ്യമാണ് പാതയ്ക്കുള്ളത്. പാതയുടെ നിര്‍മ്മാണത്തിനായി ജില്ലയില്‍ 29.7659 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. സ്ഥലമേറ്റെടുപ്പിന്റെ ഭൂമി വിലനിര്‍ണയ നടപടികള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്.

രണ്ട് പ്രധാനപ്പെട്ട ദേശീയപാതകള്‍ സംഗമിക്കുന്ന സ്ഥലത്ത് ഗതാഗത തടസ്സം ഒഴിവാക്കുന്നതിനും അപകടം ഒഴിവാക്കുന്നതിനുമാണ് ട്രംപറ്റ് ഫ്‌ലൈഓവര്‍ നിര്‍മ്മിക്കുന്നത്. നാല് ചെറിയ മേല്‍പ്പാലങ്ങളും ഒരു വലിയ മേല്‍പ്പാലവും ട്രംപറ്റ് ഫ്‌ലൈഓവറിന്റെ ഭാഗമായി നിര്‍മ്മിക്കും. മേല്‍പ്പാലങ്ങളിലൂടെയായിരിക്കും വാഹനങ്ങള്‍ ചുറ്റിത്തിരിഞ്ഞ് പോകുക.

പാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി സ്ഥലവും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവരുടെ ഒറിജിനല്‍ ആധാരങ്ങളും രേഖകളും മാര്‍ച്ച് 11ന് പുത്തൂര്‍ മഠം എ.എംയുപി സ്‌കൂളില്‍ വെച്ച് പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങളുടെ പഴക്കം പരിഗണിച്ച് മാത്രം നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്നാണ് ദേശീയപാത അതോരിറ്റിയുടെ നിലപാട്.