കേരള സര്‍വ്വകലാശാല കോഴവിവാദത്തില്‍ കണ്ണൂര്‍ സ്വദേശിയായ വിധി കര്‍ത്താവ് മരിച്ച നിലയില്‍; ഷാജിയ്ക്ക് മര്‍ദ്ദനമേറ്റെന്നും സുഹൃത്തുക്കള്‍ കുടുക്കിയതെന്നും ആരോപിച്ച് ബന്ധുക്കള്‍


തിരുവനന്തപുരം: കേരള സര്‍വ്വകലാശാല കോഴവിവാദവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ വിധി കര്‍ത്താവ് മരിച്ച നിലയില്‍. കണ്ണൂര്‍ സ്വദേശിയായ ഷാജി പൂത്തട്ടയാണ് മരിച്ചത്. പണം വാങ്ങിയില്ലെന്നും നിരപരാധി എന്നുമാണ് പി.എന്‍ ഷാജിയുടെ ആത്മഹത്യാകുറിപ്പ്.

ഷാജിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നുവെന്ന് ഷാജിയുടെ അമ്മ ലളിത ആരോപിച്ചു. മുഖം കരുവാളിച്ചിരുന്നെന്നും അമ്മ പറയുന്നു. മാര്‍ഗം കളി ഫലം അട്ടിമറിക്കാന്‍ ഷാജിയെ പലരും സമീപിച്ചിരുന്നെന്ന് സഹോദരന്‍ അനില്‍കുമാര്‍ ആരോപിച്ചു. എന്നാല്‍ ഷാജി അതിന് വഴങ്ങിയില്ല. തന്നെ കുടുക്കിയതായി ഷാജി പറഞ്ഞിരുന്നു. ചില സുഹൃത്തുക്കളാണ് ഇതിന് പിന്നിലെന്നും അനില്‍കുമാര്‍ പറയുന്നു.

പോലീസ് ഇന്ന് ചോദ്യം ചെയ്യാനിരിക്കെയായിരുന്നു ഷാജിയുടെ മരണം. കേസിലെ ഒന്നാം പ്രതിയാണ് മാര്‍ഗം കളി വിധികര്‍ത്താവായിരുന്ന പി.എന്‍.ഷാജി. ഇന്നലെയാണ് കണ്ണൂരിലെ വീട്ടില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോഴക്കേസില്‍ താന്‍ നിരപരാധിയാണെന്ന ഷാജിയുടെ ആത്മഹത്യകുറിപ്പും കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിനായി ഇന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടെയാണ് ഷാജിയുടെ മരണം. കേസിലെ മറ്റ് പ്രതികളായ രണ്ട് നൃത്തപരിശീലകരും ഒരു സഹായിയും ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും.