പ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ പരിഹരിച്ച് മാത്രം നിര്‍മ്മാണം മുന്നോട്ട് കൊണ്ടുപോയാല്‍ മതിയെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി; പനച്ചിക്കുന്നിലെ കുടിവെള്ള പ്രശ്‌നവും വഴി പ്രശ്‌നവും പരിഹരിക്കുമെന്നും എം.എല്‍.എ കാനത്തില്‍ ജമീല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം 2023 ഓടെ പൂര്‍ത്തിയാവുമെന്ന് കാനത്തില്‍ ജമീല എം.എല്‍.എ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്. ബൈപ്പാസ് നിര്‍മ്മാണത്തിനിടെ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോയാല്‍ മതിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കിയതായും എം.എല്‍.എ അറിയിച്ചു.

കൊയിലാണ്ടി, വടകര എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവരുടെ യോഗം കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്തിരുന്നു. കളക്ടറേറ്റിലായിരുന്നു അവലോകന യോഗം. യോഗത്തിന് മുന്നോടിയായി മുഹമ്മദ് റിയാസ് നന്തി, മൂരാട് എന്നിവിടങ്ങളില്‍ ദേശീയപാതാ വികസന പ്രവൃത്തി നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തിയിരുന്നു.

കൊയിലാണ്ടി മണ്ഡലം പരിധിയില്‍ ദേശീയപാതയില്‍ ആവശ്യമായ ഇടങ്ങളിലെല്ലാം അടിപ്പാതകള്‍ നിര്‍മ്മിക്കുമെന്ന് യോഗത്തില്‍ ദേശീയപാതാ അതോറിറ്റി അധികൃതര്‍ ഉറപ്പ് നല്‍കിയതായി കാനത്തില്‍ ജമീല എം.എല്‍.എ അറിയിച്ചു. നിലവിലെ ദേശീയപാതയിലുള്ള കുഴികള്‍ അടിയന്തിരമായി അടയ്ക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയതായി എം.എല്‍.എ അറിയിച്ചു.

കൊയിലാണ്ടി ബൈപ്പാസ് കടന്ന് പോകുന്ന പനച്ചിക്കുന്നിലെ പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. പ്രദേശത്തെ ജനങ്ങള്‍ അനുഭവിക്കുന്ന കുടിവെള്ള പ്രശ്‌നവും വഴി ഇല്ലാതാകുമെന്ന പ്രശ്‌നവും എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും എം.എല്‍.എ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ബൈപ്പാസ് നിര്‍മ്മാണത്തെ തുടര്‍ന്ന് രൂക്ഷമായ പ്രശ്‌നമാണ് പനച്ചിക്കുന്നുകാര്‍ നേരിടുന്നത്. നൂറോളം കുടുംബങ്ങള്‍ക്ക് ആശ്രയമായിരുന്ന ഏക റോഡ് ചെളിക്കുളമാവുകയും വാഹനയാത്രയും കാല്‍നടയാത്രയും സാധ്യമാവാത്ത അവസ്ഥയിലാവുകയും ചെയ്തിരുന്നു. നിലവില്‍ ഗതാഗതത്തിനായി താല്‍ക്കാലിക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.


ഈ വാർത്തയോടുള്ള നിങ്ങളുടെ പ്രതികരണം അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..