കൊയിലാണ്ടി മണ്ഡലത്തിലെ ദേശീയപാതയിൽ അടിപ്പാതകൾ അനുവദിച്ച് ഉത്തരവായത് കഴിഞ്ഞ മെയ് മാസം, ജനമറിഞ്ഞത് കാനത്തിൽ ജമീല എം.എൽ.എയുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ; മാസങ്ങൾക്ക് മുമ്പ് അനുവദിച്ച അടിപ്പാതകൾ താൻ ഇടപെട്ട് ഇപ്പോൾ അനുവദിച്ചതാണെന്ന കെ.മുരളീധരൻ എം.പിയുടെ വാദം പരിഹാസ്യമെന്ന് വിമർശനം


കൊയിലാണ്ടി: ദേശീയപാത 66ല്‍ കൊയിലാണ്ടിയില്‍ വിവിധ ഇടങ്ങളില്‍ ജനകീയ ആവശ്യപ്രകാരം അടിപ്പാത അനുവദിച്ചതുമായി ബന്ധപ്പെട്ട് കെ.മുരളീധരന്‍ എം.പി ഉന്നയിച്ച അവകാശവാദങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കാനത്തില്‍ ജമീല എം.എല്‍.എ. അടിപ്പാത എന്ന ആവശ്യത്തിനുവേണ്ടി എം.എല്‍.എ എന്ന നിലയില്‍ ശക്തമായി നിലകൊള്ളുകയും അതിനുവേണ്ടി നടത്തിയ പരിശ്രമങ്ങള്‍ വിജയം കണ്ടകാര്യം നാലുമാസം മുമ്പ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തതാണ്. അടിപ്പാതകള്‍ക്കുവേണ്ടി ജനകീയ സമരങ്ങള്‍ നടന്നപ്പോള്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറാകാത്ത എം.പി ഇപ്പോള്‍ അതിന്റെ ക്രഡിറ്റ് ഏറ്റെടുത്ത് രംഗത്തുവന്നത് വെറും പ്രഹസനം മാത്രമായേ കാണാനാവൂവെന്നും എം.എല്‍.എ പറഞ്ഞു.

എം.പി നല്‍കിയ നിവേദനങ്ങള്‍ പരിഗണിച്ച് പൊയില്‍ക്കാവ്, മൂടാടി-മുചുകുന്ന് റോഡ് തുടങ്ങിയ ഇടങ്ങളില്‍ അടിപ്പാത അനുവദിച്ചെന്നായിരുന്നു സെപ്റ്റംബര്‍ 16ന് എം.പി വാര്‍ത്താക്കുറിപ്പിലൂടെ അവകാശപ്പെട്ടത്.

2023 മെയ് 15നാണ് പൊയില്‍ക്കാവ്, മൂടാടി-മുചുകുന്ന് റോഡ് എന്നിവിടങ്ങളില്‍ അടിപ്പാതകള്‍ അനുവദിച്ച് ഉത്തരവായത്. അന്നുതന്നെ ഇക്കാര്യം എം.എല്‍.എ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. അടുത്തിടെ ഇതിനായുള്ള മണ്ണ് പരിശോധനയും പൂര്‍ത്തിയായിരിക്കുന്നു. വസ്തുത ഇങ്ങനെയാണെന്നിരിക്കെയാണ് കഴിഞ്ഞദിവസം ഈ മേഖലകളില്‍ തന്റെ ഇടപെടല്‍ കാരണം അടിപ്പാത അനുവദിച്ചുവെന്ന എം.പിയുടെ അവകാശവാദം. ഈ സാഹചര്യത്തിലാണ് എം.എല്‍.എയുടെ പ്രതികരണം.


Also Read: ആശങ്കകൾക്ക് വിരാമം, വഴി അടയില്ല; കൊയിലാണ്ടി ബൈപ്പാസിൽ മൂടാടി-ഹിൽബസാർ റോഡിലെ അടിപ്പാതയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു


 

”ദേശീയപാത 66ന്റെ പ്രവൃത്തി നടക്കുന്നതിനിടയില്‍ തുടക്കത്തിലുള്ള അലൈന്‍മെന്റിന്റെ ഭാഗമായി അണ്ടര്‍ പാസ് ആവശ്യമായിട്ടുള്ള പല ഭാഗങ്ങളിലും അണ്ടര്‍ പാസുകള്‍ അനുവദിക്കാനായി എം.എല്‍.എ എന്ന നിലയില്‍ നേരത്തെ തന്നെ ഇടപെട്ടതാണ്. ദേശീയപാത കടന്നു പോകുന്ന പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളടക്കം മണ്ഡലത്തിലെ നിരവധി പേര്‍ തങ്ങളുടെ പ്രദേശത്തില്‍ അടിപ്പാത ആവശ്യമുണ്ടെന്ന് ബോധ്യപ്പെടുത്തിയപ്പോള്‍ ദേശീയപാതാ അതോറിറ്റിയേയും ജില്ലാ കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരിലും ഇടപെട്ടുകൊണ്ട് പുതിയ എസ്റ്റിമേറ്റ് എടുപ്പിക്കുകയും പുതുതായി അംഗീകാരം വാങ്ങുകയുമാണ് ചെയ്തത്. ഇതിന്റെ ഭാഗമായി മണ്ഡലത്തല്‍ പൂക്കാട്, പൊയില്‍ക്കാവ്, ആനക്കുളം, മൂടാടി, തിക്കോടി തുടങ്ങി അഞ്ച് പുതിയ അടിപ്പാതക്ക് അംഗീകാരം ലഭിക്കുകയും അതിന് ഫണ്ട് അനുവദിച്ചതായുമുള്ള വിവരം കാര്യങ്ങളില്‍ ഇടപെട്ട എം.എല്‍.എ എന്ന നിലയില്‍ എന്നെ അറിയിക്കുകയും ചെയ്തിരുന്നു. ഏതാണ്ട് നാലു മാസം മുന്‍പ് ഈ വിവരം ഞാന്‍ എഫ് ബി പോസ്റ്റിലിടുകയും ചെയ്തിട്ടുണ്ട്.’

ജനങ്ങളില്‍ വലിയൊരു ഭാഗം, കുട്ടികളടക്കം സമരരംഗത്ത് വന്ന കാലത്തുപോലും പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറാകാത്ത സ്ഥലം എം.പിയുടെ പേരില്‍ കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്താവന വെറും പ്രഹസനമായേ കാണാന്‍ കഴിയുകയുള്ളൂ. തെരഞ്ഞെടുപ്പു വരുമ്പോള്‍ മാത്രം അവകാശവാദവുമായി വരുന്ന ഇത്തരം പ്രസ്താവനകള്‍ മണ്ഡലത്തിലെ ജനങ്ങള്‍ തീര്‍ത്തും അവജ്ഞയോടെ തള്ളിക്കളയുമെന്നും എം.എല്‍.എ പറഞ്ഞു.

കഴിഞ്ഞ ദിവസം നിയമസഭയില്‍ സബ്മിഷനിലൂടെ ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ പോലുള്ളവ സ്ഥിതി ചെയ്യുന്നിടങ്ങളില്‍ ഫുട്ഓവര്‍ ബ്രിഡ്‌ജെങ്കിലും പണിയണമെന്ന് എം എല്‍ എ എന്ന നിലയില്‍ ആവശ്യപ്പെടുകയുണ്ടായി. കൂടാതെ മൂരാട് പാലത്തിന് സമീപം സര്‍വീസ് റോഡില്ലാത്തതിനാല്‍ ഒരു പ്രദേശം ഒറ്റപ്പെടുന്ന വലിയ ഒരു പ്രശ്‌നം നിലവിലുണ്ട്. ഇത് പരിഹരിക്കാനാവശ്യമായ ഇടപെടല്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.