കൊയിലാണ്ടിയില്‍ നിന്നും ഒന്നരമണിക്കൂറിനുള്ളിലെത്താം; ഒമ്പതുവെള്ളച്ചാട്ടങ്ങളും കാടും കാട്ടരുവിയും ഒളിപ്പിച്ചുവെച്ച ഈങ്ങാപ്പുഴയിലെ കക്കാടിലേക്ക്


പുഴയിലെ നീരാട്ടം വെള്ളച്ചാട്ടത്തിലെ കുളിയും കാടും മലയും താണ്ടി ഒരു ട്രക്കിങ്ങും. ഇത്തവണ അവധി ദിനം യാത്ര ഇങ്ങനെയൊരു സ്‌പോട്ടിലേക്കായാലോ. ഒരുപാട് ദിവസത്തെ അവധിയോ മണിക്കൂറുകള്‍ നീണ്ട യാത്രയോ വേണ്ട, കൊയിലാണ്ടിയില്‍ നിന്നും ഒന്നര മണിക്കൂര്‍ കൊണ്ടെത്താവുന്ന അടിപൊളിയൊരു സ്‌പോട്ട്, അതാണ് ഈങ്ങാപ്പുഴയിലെ കക്കാട് ഇക്കോടൂറിസം. ഈങ്ങാപ്പുഴയ്ക്കടുത്ത് കൂമ്പന്‍മലയുടെയും അത്തിക്കോട് മലയുടെയും താഴ് വാരത്താണ് ജില്ലയില്‍ അധികം ആരും അറിയാത്ത ഈ വിനോദസഞ്ചാര കേന്ദ്രം.

ഈങ്ങാപ്പുഴയില്‍ നിന്നും രണ്ടര കിലോമീറ്റര്‍ ദൂരമേ യാത്ര ചെയ്യേണ്ടൂ കക്കാടെത്താന്‍. കാക്കവയല്‍ റോഡിന് പോകുമ്പോള്‍ മാപ്പിളപറമ്പില്‍ നിന്നും ഇടത്തോട്ടേക്ക് പോയാല്‍ ഈ മനോഹരമായ കേന്ദ്രത്തില്‍ എത്താം.

മഴയില്ലാത്ത സമയത്ത് പോകുന്നതാണ് നല്ലത്. മലകയറാന്‍ ഗൈഡിന്റെ സഹായം ലഭിക്കും. രണ്ടരമണിക്കൂറോളം താണ്ടാനുണ്ട്. ഏത് പൊരിവെയിലിലും തണുപ്പ് അനുഭവപ്പെടുന്ന കാലാവസ്ഥ. മരങ്ങളും വള്ളിപ്പടര്‍പ്പുകളുമെല്ലാം നിറഞ്ഞ പച്ചപ്പ്, ഇടയ്ക്ക് വെള്ളമൊഴുകുന്ന പാതകളും, സമയം പോകുന്നത് അറിയില്ല.

കല്ലിട്ടപാതയിലൂടെ കുറച്ചധികം നടന്നാല്‍ ചെറിയൊരു അണക്കെട്ട് കാണാം. നീന്തിത്തുടിക്കാനിഷ്ടമുള്ളവര്‍ക്ക് നീന്താമെന്ന രീതിയില്‍ സുരക്ഷിതമായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് കടന്ന് മറുപുറത്തെത്തി വീണ്ടും നടന്നാല്‍ ആദ്യ വെള്ളച്ചാട്ടമായ തോണിക്കുടിയിലെത്താം.

ഒമ്പത് വെള്ളച്ചാട്ടങ്ങളുണ്ട് കക്കാടിന്റെ കാടിനുള്ളില്‍. ആന, കാട്ടുപന്നി, കലമാന്‍, കാട്ടാട്, കൂരന്‍, കുരങ്ങ് തുടങ്ങിയ മൃഗങ്ങളുടെ സാന്നിധ്യവും ഇവിടെയുണ്ട്. ഔഷധസസ്യങ്ങളുടെ വലിയ ശേഖരം തന്നെയുണ്ട് ഇവിടെ.