തായ്‌ലന്‍ഡ് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് ഗോള്‍ഡ് മെഡല്‍ തിളക്കവുമായി കടലൂര്‍ സ്വദേശിനി അന്‍വിത


മൂടാടി: ചെന്നൈയില്‍ നടന്ന നാഷണല്‍ മുയ്തായി (തായ്‌ലന്‍ഡ് ബോക്‌സിങ്) ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടി കടലൂര്‍ സ്വദേശിനി അന്‍വിത എസ്.ആര്‍. തിക്കോടി ഗോള്‍ഡന്‍ ഡ്രാഗണ്‍ ഫിറ്റ്‌നസ് സെന്ററിലെ നൗഷാദ് മാസ്റ്ററുടെ കീഴിലെ പരിശീലനത്തിലൂടെയാണ് അന്‍വിത നേട്ടം കൊയ്തത്.

നേരത്തെ കേരള സ്‌റ്റേറ്റ് മുയ്-തായ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടിയിരുന്നു. തിക്കോടിയിലെ ഫിറ്റ്‌നസ് സെന്ററില്‍ പോകുമായിരുന്ന അന്‍വിത അവിടെ നിന്നാണ് മുയ്-തായ് ബോക്‌സിങ്ങിനെക്കുറിച്ച് മനസിലാക്കിയതെന്ന് അച്ഛന്‍ ശ്രീധരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. തുടര്‍ന്ന് പരിശീലനം നേടാന്‍ താല്‍പര്യം അറിയിക്കുകയായിരുന്നു. രണ്ടര വര്‍ഷമായുള്ള കൃത്യമായ പരിശീലനമാണ് നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

ബോക്‌സിങ്ങില്‍ മാത്രമല്ല പഠിക്കാനും മിടുക്കിയാണ് അന്‍വിത. ടി.എസ്.ജി.വി.എച്ച്.എസ്.എസില്‍ നിന്നും പത്താം ക്ലാസ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ച അന്‍വിത ഇപ്പോള്‍ പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കുകയാണ്. പഠനത്തിനൊപ്പം മുയ്-തായ് ബോക്‌സിങ് പഠനവും ഒരുമിച്ചു കൊണ്ടുപോകാനാണ് താല്‍പര്യം.

കടലൂര്‍ സ്വദേശികളായ ശ്രീധരന്‍- രാഖി ദമ്പതികളുടെ മകളാണ് അന്‍വിത.