തടസങ്ങള്‍ നീങ്ങി, ഓപ്പണ്‍ ജിം ഒഴിവാക്കും; കൊല്ലം ചിറ രണ്ടാം ഘട്ട നവീകരണത്തിന് വഴിയൊരുങ്ങുന്നു


കൊയിലാണ്ടി: കൊയിലാണ്ടി: കൊല്ലം ചിറ രണ്ടാംഘട്ട നവീകരണത്തിന് വഴിയൊരുങ്ങുന്നു. ചിറയുടെ സൗന്ദര്യവത്കരണത്തിനും ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ തന്നെ പ്രോജക്ട് തയ്യാറാക്കി ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥ തലത്തിലെ ചില എതിര്‍പ്പുകള്‍ കാരണം നീണ്ടുപോയ പദ്ധതി പഴയ പ്രോജക്ടില്‍ ചില മാറ്റങ്ങളോടെ നടപ്പില്‍വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ചെറിയ ചില മാറ്റങ്ങളോടെയുള്ള പ്രോജക്ട് അടുത്ത വര്‍ക്കിങ് ഗ്രൂപ്പില്‍ അവതരിപ്പിക്കും.

കൊല്ലം ചിറ നവീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജൂണ്‍ അഞ്ചാം കളക്ട്രേറ്റില്‍ ഒരു പ്രസന്റേഷന്‍ സംഘടിപ്പിച്ചിരുന്നു. ജില്ലാ കലക്ടര്‍,  കാനത്തില്‍ ജമീല എം.എല്‍.എ, ഊരാളുങ്കല്‍ സൊസൈറ്റി അധികൃതര്‍, തഹസില്‍ദാര്‍, കൊല്ലം പിഷാരികാവ് ട്രസ്റ്റി ബോര്‍ഡ് പ്രതിനിധികള്‍, ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്ത പ്രസന്റേഷനില്‍ രണ്ടാംഘട്ട നവീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

നാലുകോടി രൂപയാണ് രണ്ടാംഘട്ട നവീകരണ പ്രവൃത്തികള്‍ക്ക് ബജറ്റില്‍ അനുവദിച്ചത്. പദ്ധതി നടപ്പിലാക്കിയാല്‍ അതിന്റെ പരിപാലനം ആര് ചെയ്യുമെന്ന ചോദ്യമുയര്‍ന്നു. ദേവസ്വം ബോര്‍ഡ് ഈ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. എന്നാല്‍ ഡി.പി.ആറില്‍ പറയുന്ന ഓപ്പണ്‍ ജിം പരിപാലിച്ചുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുണ്ട് എന്ന കാര്യം അറിയിച്ചു. കൂടാതെ ചിറയില്‍ രണ്ടിടങ്ങളില്‍ ദേശീയപാതയ്ക്ക് അഭിമുഖമായുള്ള ഭാഗത്തും നേരെ എതിര്‍വശത്തായി പടിഞ്ഞാറ് ഭാഗത്തുമാണ് കടവുകള്‍ നിശ്ചയിച്ചിരുന്നു. മേല്‍ക്കൂര സ്ഥാപിക്കുന്നത് ക്ഷേത്രത്തിലെ കുളിച്ചാറാട്ട് ചടങ്ങിന് പ്രയാസമാകുമെന്ന് ക്ഷേത്രം അധികൃതർ പങ്കുവെച്ചിരുന്നു. അവരുമായി സംസാരിച്ച് ഡി.പി.ആറില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കുമോയെന്നത് ഉൾപ്പെടെയുള്ളവ തീരുമാനിക്കും.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഓപ്പണ്‍ ജിം ഒഴിവാക്കിക്കൊണ്ട് ഡി.പി.ആര്‍ പുതുക്കാന്‍ തീരുമാനിച്ചു. ജൂണ്‍ ആറാം തിയ്യതി വര്‍ക്കിങ് ഗ്രൂപ്പ് നടന്നെങ്കിലും ഡി.പി.ആര്‍ പുതുക്കേണ്ടതിനാല്‍ ഈ വര്‍ക്കിങ് ഗ്രൂപ്പില്‍ ഡി.പി.ആര്‍ വയ്ക്കാന്‍ കഴിഞ്ഞില്ല. രണ്ടുമാസത്തിനുള്ളില്‍ അടുത്ത വര്‍ക്കിങ് ഗ്രൂപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുക്കിയ ഡി.പി.ആര്‍ ഈ വര്‍ക്കിങ് ഗ്രൂപ്പിന് മുമ്പാകെ വെയ്ക്കുന്നതോടെ ചിറയുടെ രണ്ടാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടുമെന്ന് എം.എല്‍.എ കാനത്തില്‍ ജമീല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ടൈലുവെച്ച നടപ്പാത, ഇരിപ്പിട സൗകര്യങ്ങള്‍, ലൈറ്റിങ്, കുട്ടികളുടെ പാര്‍ക്ക് എന്നിവ സ്ഥാപിച്ചുകൊണ്ട് കൊല്ലം ചിറ പരിസരത്തിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയെന്നതാണ് രണ്ടാം ഘട്ട നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. വൈകുന്നേരങ്ങളില്‍ കുടുംബത്തോടെ അല്പം സമയം ചെലവിടാനാഗ്രഹിക്കുന്നവര്‍ക്കും നീന്തല്‍ പരിശീലനത്തിനും മറ്റും ചിറയില്‍ എത്തുന്നവര്‍ക്കും സൗകര്യങ്ങള്‍ ഒരുക്കാന്‍ ലക്ഷ്യമിട്ടും കോഴിക്കോടിന് മാനാഞ്ചിറയെന്നപോലെ കൊയിലാണ്ടിയ്ക്ക് കൊല്ലം ചിറയെന്ന തരത്തില്‍ ഈ മേഖലയെ വികസിപ്പിക്കാന്‍ പദ്ധതിയിട്ടുമുള്ളതാണ് ഡി.പി.ആര്‍.

ചിറ നവീകരണത്തിനായി ബജറ്റില്‍ ഫണ്ട് അനുവദിച്ചിട്ടും രണ്ടാംഘട്ടത്തിനായി നാലുകോടി ചെലവാക്കാനാവില്ലെന്ന ടൂറിസം ഡപ്യൂട്ടി ഡയറക്ടറുടെ കടുംപിടുത്തമാണ് ചിറ നവീകരണം നീണ്ടുപോകാന്‍ ഇടയാക്കിയത്.

കെ.ദാസന്‍ കൊയിലാണ്ടി എം.എല്‍.എയായിരിക്കെ 2020-21ലെ ബജറ്റിലാണ് വിനോദസഞ്ചാര രംഗത്തെ വികസനം ലക്ഷ്യമിട്ട് കൊല്ലം ചിറയുടെ രണ്ടാം ഘട്ട നവീകരണത്തിനായി നാലുകോടി രൂപ നീക്കിവെച്ചത്. അതിനുമുമ്പ് നബാര്‍ഡ് അടക്കമുള്ളവയുടെ ഫണ്ടിന്റെ സഹായത്തോടെ മൂന്നുകോടിയുടെ ആദ്യ ഘട്ട നവീകരണ പ്രവൃത്തി കൊല്ലം ചിറയില്‍ പൂര്‍ത്തീകരിച്ചിരുന്നു.