‘മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുള്ള കേന്ദ്ര അന്വേഷണം സിപിഎം – ബിജെപി വോട്ടുകച്ചവടം ഉറപ്പിക്കലിന്‌റെ ഭാഗം’: കാരയാട് തറമലങ്ങാടിയിലെ പുതിയ ഉമ്മൻചാണ്ടി ഭവൻ ഉദ്ഘാടനം ചെയ്ത്‌ കെ.മുരളീധരൻ എംപി


അരിക്കുളം: ‘മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാ ലോജിക് സൊല്യൂഷൻസ് കമ്പനിക്കെതിരെയുള്ള കേന്ദ്ര അന്വേഷണം സിപിഎം – ബിജെപി വോട്ടുകച്ചവടം ഉറപ്പിക്കലിന്റെ ഭാഗമാണെന്ന് കെ മുരളീധരൻ എം.പി. കാരയാട് തറമലങ്ങാടിയിൽ കോൺഗ്രസ് കമ്മിറ്റി നിർമ്മിച്ച ഉമ്മൻചാണ്ടി ഭവൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

”വരാനിരിക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ, തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ ബിജെപിക്ക് അനുകൂലമായി സിപിഎം വോട്ട് മറിക്കാനുള്ള സമ്മർദ്ദ തന്ത്രമാണ് പുതിയ അന്വേഷണം. കരിമണൽ കമ്പനിയിൽ നിന്നും വീണാ വിജയൻ മാസപ്പടി വാങ്ങിയതായി തെളിഞ്ഞതാണ്. എന്നാൽ സാമ്പത്തിക തട്ടിപ്പ് നടത്തിയവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാതെ ഇപ്പോൾ മറ്റൊരന്വേഷണം നടത്തുന്നത് സിപിഎം – ബിജെപി ഒത്തുതീർപ്പിന്റെ ഭാഗമാണെന്നും” അദ്ധേഹം പറഞ്ഞു.

‘മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് സ്വർണക്കടത്തിനെക്കുറിച്ച് നരേന്ദ്ര മോദി തൃശൂരിൽ ഭീഷണി മുഴക്കിയത് സിപിഎം വോട്ടുകൾ ലക്ഷ്യമിട്ടുള്ള ബ്ലാക്ക്‌മെയിലാണെന്നും അദ്ദേഹം പറഞ്ഞു. മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് ഉപാധ്യക്ഷൻ സി.രാമദാസ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം സത്യൻ കടിയങ്ങാട്, ഡിസിസി അംഗം വി.ബി രാജേഷ് ചെറുവണ്ണൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശശി ഉട്ടേരി, കെ.പി വേണുഗോപാലൻ, കെ.അഷറഫ്, അനസ് കാരയാട്, ലതേഷ് പുതിയേടത്ത്, പത്മനാഭൻ പുതിയേടത്ത്, എൻ.കെ അഷറഫ് എന്നിവർ സംസാരിച്ചു.