പെരുവട്ടൂരിൽ കയറ്റം ഇറങ്ങുന്നതിനിടെ ജെ.സി.ബിയുടെ നിയന്ത്രണം വിട്ടു, ഡ്രെെവർ ലഹരി ഉപയോഗിച്ചിരുന്നെന്ന് നാട്ടുകാർ; അനധികൃതമായി ഓടുന്ന വഗാഡിന്റെ വാഹനങ്ങൾ നാളെ മുതൽ തടയുമെന്ന് ഡി.വെെ.എഫ്.ഐ
കൊയിലാണ്ടി: പെരുവട്ടൂരിൽ നിയന്ത്രണം വിട്ട ജെ.സി.ബി റോഡിൽ നിന്ന് തെന്നിമാറി അപകടം. ദേശീയപാത നിർമ്മാണത്തിനായി വഗാഡ് കമ്പനി എത്തിച്ച ജെ.സി.ബിയാണ് അപകടത്തിൽപെട്ടത്. ഇന്ന് രാത്രി ഏഴ് മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്.
പെരുവട്ടൂർ അമ്പ്രമോളി റോഡിൽ കയറ്റം ഇറങ്ങുന്നതിനിടിയൽ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകട സമയത്ത് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ബെെക്ക് യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിന് പിന്നാലെ ജെസിബി ഡ്രെെവർ വാഹനത്തിൽ നിന്നും ഇറങ്ങിയോടി. ലഹരി ഉപയോഗിച്ചാണ് ഡ്രെെവർ വാഹനം ഓടിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. വാഹനം പോലീസ് എത്തി കസ്റ്റഡിയിൽ എടുത്തു.
വഗാഡ് കമ്പനിയുടെ അശ്രദ്ധ കാരണം കൊയിലാണ്ടി മേഖലയിൽ അപകടങ്ങൾ പതിവായിരുന്നു. മുത്താമ്പിയിൽ വഗാഡ് ലോറിയുടെ ടയർ ഊരിത്തെറിച്ച് വയോധിക ദാരുണമായി മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെ അനധികൃതമായും അശ്രദ്ധമായും സർവ്വീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വെെ.എഫ്.ഐയുടെ നേതൃത്വത്തിൽ വാഹനങ്ങൾ തടഞ്ഞിരുന്നു. തുടർന്ന് സുരക്ഷിതമല്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കില്ലെന്ന് ഡി.വെെ.എഫ്.ഐക്ക് വഗാഡ് കമ്പനി ഉറപ്പ് നൽകിയിരുന്നു. ഇതാണ് ഇന്ന് വീണ്ടും ലംഘിക്കപ്പെട്ടത്.
ജനങ്ങളുടെ ജീവന് ഭീഷണിയായി സർവീസ് നടത്തുന്ന വഗാഡിന്റെ വാഹനങ്ങൾ തടയുമെന്ന് ഡി.വെെ.എഫ്.ഐ വ്യക്തമാക്കി. നാളെ മുതൽ അനധികൃതമായി നമ്പർ പ്ലേറ്റ് പോലുമില്ലാതെ സർവീസ് നടത്തുന്ന വാഹനങ്ങൾ തടയുമെന്ന് ഡി.വെെ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പറഞ്ഞു.
Summary: JCB lost control in Peruvatoor. Dyfi Koyilandy block said that Wagad’s vehicles will be blocked from tomorrow