റെഡ് വളണ്ടിയർമാരുടെ ​ഗാർഡ് ഓഫ് ഓർണർ, വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര; എം.വി ​ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ സ്വീകരിക്കാനൊരുങ്ങി കൊയിലാണ്ടി


കൊയിലാണ്ടി: ചെങ്കൊടികളും ചുവപ്പ് മേലാപ്പുമണിഞ്ഞ് ജനകീയ പ്രതിരോധ ജാഥയ്ക്ക് ഉജ്ജ്വലമായ വരവേൽപ്പ് നൽകാൻ ഒരുങ്ങി ന​ഗരം. കൊയിലാണ്ടി കേരള ബാങ്കിന് സമീപത്ത് നിന്ന് നാടൻ കലാരൂപങ്ങളുടെയും റെഡ് വളണ്ടിയർമാരുടെയും അകമ്പടിയോടെ ജാഥാലീഡറെ തുറന്ന വാഹനത്തിൽ വരവേൽക്കും.

നാളെ വെെകീട്ട് 4 മണിക്കാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കൊയിലാണ്ടിയിലെത്തുക. മണ്ഡലത്തിന് കീഴിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 570 ചുവപ്പ് വളണ്ടിയർമാരും മണ്ഡലം നേതാക്കളും ചേർന്ന് വരവേൽക്കും.

കേരള ബാങ്കിന് മുന്നിൽ നിന്ന് തുറന്ന വാഹനത്തിലാണ് ജാഥ ലീഡർ എം.വി ​ഗോവിന്ദൻ സ്വീകരണ പരിപാടി നടക്കുന്ന സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുക. റെഡ് വളണ്ടിയർമാർ ​ഗാർഡ് ഓഫ് ഓർണർ നൽകി സ്വീകരിക്കും. വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി സ്റ്റേഡിയത്തിലെ വേദിയിലേക്ക് പ്രവേശിക്കും. തെയ്യം, തിറ, ദഫ്മുട്ട്, കോൽക്കളി, തിരുവാതിരക്കളി തുടങ്ങിയ തനത് കലാരൂപങ്ങൾ അണിനിരക്കും.

​കലാപരിപാടികളോടെയാണ് സമ്മേളനം ആരംഭിക്കുക. ജാഥാ മാനേജർ പി.കെ ബിജു, ​എം.സ്വരാജ്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ് സുജാത, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗ ജെയ്ക് സി തോമസ്, മുൻമന്ത്രി കെ.ടി ജലീൽ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

മൂരാട് മുതൽ കോരപ്പുഴ വരെയും, മുത്താമ്പി പാലം, കണയങ്കോട് ഭാ​ഗങ്ങളിൽ നിന്നുൾപ്പെടെ 15,000 പാർട്ടി പ്രവർത്തകർ സമ്മേളനത്തിന് എത്തുമെന്നാണ് പ്രതീക്ഷ. വിവിധ ഭാ​ഗങ്ങളിൽ നിന്ന് ന​ഗരത്തിലേക്ക് എത്തുന്ന പ്രവർത്തകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

നാളെ വെെകീട്ട് കോഴിക്കോടാണ് സമാപനം. സമാപന ന​ഗരിയായ കോഴിക്കോട് കടപ്പുറത്തേക്ക് ബെെക്ക് റാലിയുടെ അകമ്പടിയോടെ കൊയിലാണ്ടിയിൽ നിന്ന് ജാഥ പുറപ്പെടും.