ഫിഷറീസ് ഓഫീസര്‍ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു; ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ(29/04/2022)


കോഴിക്കോട് ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (29/04/2022)

കടലുണ്ടി പക്ഷിസങ്കേത നടപ്പാത പദ്ധതിക്ക് 1.44 കോടിയുടെ ഭരണാനുമതി

കടലുണ്ടി പക്ഷി സങ്കേതം നടപ്പാത പദ്ധതിക്കായി 1.44 കോടിരൂപയുടെ പ്രൊപ്പോസലിന് ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.

കേരളത്തിലെ ഏക കമ്മ്യൂണിറ്റി റിസർവാണ് കടലുണ്ടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷിസങ്കേതം. കമ്മ്യൂണിറ്റി റിസർവിന്റെ വികസന പദ്ധതിയാണ് കടലുണ്ടി കമ്മ്യൂണിറ്റി റിസർവ് നടപ്പാത പദ്ധതി. നടപ്പാത, ആർച്ച് ബ്രിഡ്ജ്, വ്യൂവിംഗ് ഡെക്ക്, റെയിലിങ് ആൻഡ് ഫെൻസിങ്, സ്നാക്ക് ബാറുകൾ, ടോയ്‌ലറ്റ് ബ്ലോക്കുകൾ, സീറ്റിങ് ഏരിയ, ലൈറ്റിങ് മുതലായവ പദ്ധതിൽ ഉൾപ്പെടും.

വിനോദസഞ്ചാര രംഗത്ത് പദ്ധതി  ഒരു നാഴികക്കല്ലായി തീരും. വിനോദസഞ്ചാര വകുപ്പിന്റെ വർക്കിങ് ഗ്രൂപ്പ് മീറ്റിങ്ങിലാണ് പദ്ധതിക്ക് ഭരണാനുമതി നൽകിയത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് എത്രയുംവേഗം പ്രവൃത്തി ആരംഭിക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

മുക്കം നഗരസഭാ അദാലത്ത് നടത്തി

 

മുക്കം നഗരസഭാ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി അദാലത്ത് നടത്തി. മുക്കം നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്ന അദാലത്ത് നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രസൂനൻ അദാലത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു. പ്രധാനമായും റവന്യൂ വിഭാഗവുമായി ബന്ധപ്പെട്ട ഫയലുകളാണ് അദാലത്തിനെത്തിയത്.

കക്ഷികൾ ഹാജരായ ഏഴ് കേസുകളിലും ഫയൽ തീർപ്പാക്കി ബന്ധപ്പെട്ടവർക്ക് ഉത്തരവുകൾ കൈമാറി. ശേഷിക്കുന്നവർക്കു രേഖകൾ ഹാജരാക്കാൻ നിർദേശം നൽകി. ഡെപ്യൂട്ടി ചെയർപേഴ്സൻ അഡ്വ. ചാന്ദ്നി, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി  ചെയർമാൻ ഇ. സത്യനാരായണൻ, മറ്റുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

“ഞങ്ങളും കൃഷിയിലേക്ക്”: പദ്ധതിക്ക് തുടക്കം കുറിച്ച് കുറ്റ്യാടി ഗ്രാമപഞ്ചായത്ത്

 

പച്ചക്കറിക്കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കുക, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്നീ ലക്ഷ്യത്തോടു കൂടി കൃഷിവകുപ്പ് നടപ്പാക്കുന്ന “ഞങ്ങളും കൃഷിയിലേക്ക്” പദ്ധതിക്ക്‌ കുറ്റ്യാടി പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.ടി. നഫീസ അധ്യക്ഷത വഹിച്ചു. അസി. കൃഷി ഡയറക്ടർ പദ്ധതി വിശദീകരിച്ചു.

പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങിൽ മികച്ച കർഷകരെ ആദരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. ചന്ദ്രി, പഞ്ചായത്ത്‌ അംഗങ്ങളായ ലീബ സുനിൽ, കെ.പി. രവീന്ദ്രൻ, ടി.കെ. മോഹൻദാസ്, രജിത രാജേഷ്, എ.സി. മജീദ്, കൃഷി ഓഫീസർ അനുസ്മിത എന്നിവർ പങ്കെടുത്തു.

‘തെളിനീരൊഴുകും നവകേരളം’ – ചെമ്പുകടവ് ചാലിപ്പുഴ ശുചീകരണ യജ്ഞം ആരംഭിച്ചു

 

തെളിനീരൊഴുകും നവകേരളം സമ്പൂർണ ജലശുചിത്വ യജ്ഞം ക്യാമ്പയിനിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചെമ്പുകടവ് ചാലിപ്പുഴ ശുചീകരണ യജ്ഞത്തിനു തുടക്കം കുറിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. പ്രകാശ് ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് അധ്യക്ഷനായി.

പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് കുമാർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പിള്ളി, വിഇഒ വിനോദ്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ഡോണ ഫ്രാൻസീസ്, ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, സംഘടനാ പ്രതിനിധികൾ, കോടഞ്ചേരി ഗവൺമെന്റ് കോളേജിലെ എൻ.സി.സി യൂണിറ്റിലെ വിദ്യാർഥികൾ തുടങ്ങിയവർ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി.

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി:  ജില്ലാതല ഉദ്ഘാടനം നടത്തി

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച റോഡുകളുടെ ജില്ലാതല ഉദ്ഘാടനം കുറ്റ്യാടിയിൽ നടന്നു. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി അധ്യക്ഷയായി. കുറ്റ്യാടി പഞ്ചായത്തിലെ മൊകേരി പൂക്കോട് പൊയിൽ റോഡാണ് ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തത്.

2018 ലെ പ്രളയത്തിലും 2019 ലെ കാലവര്‍ഷക്കെടുതിയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള നിരവധി റോഡുകള്‍ തകര്‍ന്നിരുന്നു. അവയുടെ പുനരുദ്ധാരണത്തിനായാണ് തദ്ദേശ റോഡ് പുനരുദ്ധരാണ പദ്ധതി സർക്കാർ ആവിഷ്‌ക്കരിച്ചത്.

ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനീയറിംഗ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സി. ചന്ദ്രൻ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ.പി ചന്ദ്രി, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഒ.ടി നഫീസ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ജനപ്രതിനിധികൾ  എന്നിവർ പങ്കെടുത്തു.

തെളിനീരൊഴുകും നവകേരളം: ജില്ലാതല ക്യാമ്പയിൻ സെൽ യോഗം ചേർന്നു

ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജലാശയങ്ങൾ ശുചീകരിക്കാനുള്ള തെളിനീരൊഴുകും നവകേരളം പദ്ധതി നടത്തിപ്പിനുള്ള ജില്ലാ തല ക്യാമ്പയിൻ സെൽ യോഗം ചേർന്നു. ജനകീയ ശുചീകരണ യജ്ഞത്തിലൂടെ മലിനീകരിക്കപ്പെട്ട ജലസ്രോതസ്സുകൾ ശുചീകരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സന്നദ്ധ സംഘടനകളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുക.

മലിനീകരിക്കപ്പെട്ട ഇടങ്ങൾ കണ്ടെത്താനായി ജലനടത്തം സംഘടിപ്പിക്കും. ഇതിനായി എൻസിസി, എൻഎസ്എസ്, എസ് പി സി പോലെയുള്ള വിദ്യാർത്ഥി സംഘടനകളെ ഉപയോഗപ്പെടുത്തും. ആളുകളിൽ ശുചീകരണ ശീലം വളർത്താനായി പ്രത്യേക ക്യാമ്പയിനുകൾ സംഘടിപ്പിക്കും.

ജലനടത്തവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ കാര്യങ്ങൾ ചർച്ച ചെയ്യാനും അനന്തര നടപടികൾ സ്വീകരിക്കാനുമായി ജലസഭ സംഘടിപ്പിക്കും. വാർഡ്തല ജലസമിതി അധ്യക്ഷന്റെ നേതൃത്വത്തിലായിരിക്കും ജലസഭ ചേരുന്നത്. ജൈവ, അജൈവ മാലിന്യങ്ങളെ  തരംതിരിച്ച ശേഷം സുരക്ഷിത സംസ്കരണത്തിനായി ക്ലീൻ കേരള കമ്പനിയെ ഏൽപ്പിക്കും.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ശുചിത്വ മിഷൻ അസിസ്റ്റൻറ് കോ- ഓഡിനേറ്റർ കെ.പി രാധാകൃഷ്ണൻ, സി ഡബ്ല്യു ആർ ഡി എം ശാസ്ത്രജ്ഞ ഷിജി എന്നിവർ ക്ലാസുകൾ നയിച്ചു. ശുചിത്വ മിഷൻ കോ – ഓഡിനേറ്റർ എ.ജി ഇന്ദിര മോഡറേറ്ററായി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

അറിയിപ്പുകൾ

ക്വട്ടേഷന്‍

കോഴിക്കോട് ഡി.ടി.പി.സി ഓഫീസിലെ പഴയ ഇലട്രിക് സ്‌ക്രാപ്പുകള്‍ ആവശ്യമുള്ള വ്യക്തികള്‍, ഏജന്‍സികള്‍ എന്നിവരില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 12 വൈകീട്ട് അഞ്ച് മണി. വിവരങ്ങള്‍ക്ക് ഫോണ്‍ 0495-2720012.

ഡെപ്യൂട്ടേഷന്‍ നിയമനം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒഴിവുള്ള ഫിഷറീസ് ഓഫീസര്‍ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്  അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സര്‍വ്വീസിലുള്ള എല്‍.ഡി./യു.ഡി. ക്ലാര്‍ക്ക് തസ്തികയിലോ, സമാന തസ്തികകളിലോ ജോലി ചെയ്യുന്ന ജീവനക്കാരില്‍ അപേക്ഷിക്കാം. യോഗ്യത: ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദം. 2013 ജനുവരി 4ന് ശേഷം സര്‍വ്വീസില്‍ പ്രവേശിച്ചവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. കംമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. ജീവനക്കാര്‍ ബയോഡാറ്റ, 144 കെ.എസ്.ആര്‍. പാര്‍ട്ട്, സമ്മതപത്രം, മേലാധികാരി സാക്ഷ്യപ്പെടുത്തിയ എന്‍.ഒ.സി. എന്നിവ സഹിതം പൂര്‍ണമായ അപേക്ഷ (3 സെറ്റ്) കമ്മീഷണര്‍, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, പൂങ്കുന്നം- 680002 എന്ന മേല്‍വിലാസത്തില്‍ മെയ് 21നകം സമര്‍പ്പിക്കണം. ഫോണ്‍: 0487 2383053, 0487 2383088

പ്ലേസ്മെന്റ് ഓഫീസര്‍ നിയമനം

കോഴിക്കോട് മാളിക്കടവ് ജനറല്‍ ഐ.ടി.ഐയില്‍ സ്ട്രൈവ് പദ്ധതിയുടെ ഭാഗമായി പ്ലേസ്മെന്റ് ഓഫീസര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍  നിയമനം നടത്തുന്നു. യോഗ്യത: എച്ച്.ആർ/മാര്‍ക്കറ്റിംഗില്‍ എംബിഎയ്‌ക്കൊപ്പം ബി.ഇ/ബി.ടെക്, ഇംഗ്ലീഷിലെ മികച്ച ആശയവിനിമയ വൈദഗ്ധ്യം,  എച്ച്.ആർ വിഭാഗത്തില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ അനുഭവപരിചയം, വിവിധ വ്യവസായങ്ങളില്‍ പ്രാവീണ്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവർക്ക് മെയ് 10 രാവിലെ 11 മണിക്ക് കോഴിക്കോട് നടക്കുന്ന കൂടികാഴ്ചയിൽ  പങ്കെടുക്കാം. ഫോണ്‍ നമ്പര്‍: 0495 2377016

ഓംബുഡ്‌സ്മാന്‍  സിറ്റിങ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് മെയ് 6 രാവിലെ 11 മുതല്‍ 1 മണിവരെ ജില്ലാ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്‌സ്മാന്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രത്യേക സിറ്റിങ് നടത്തും. പദ്ധതിയുമായി ബന്ധപ്പെട്ട  പരാതികള്‍ പൊതുജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും നേരിട്ട് നല്‍കാം.

[bot1]